കോതമംഗലത്തെ നടുക്കിയ സംഭവമായിരുന്നു 11 വർഷങ്ങൾക്ക് മുമ്പുള്ള ഷോജി കൊലപാതകം. കാര്യമായ ഒരു തെളിവുകളും അവശേഷിപ്പിക്കാത്ത കേസിൽ 11 വർഷം കഴിഞ്ഞാണ് പ്രതി പിടിയിലായത്.
ആ കൊലപാതകി കാണിച്ച ഒരു മണ്ടത്തരമാണ് അയാൾ പിടിക്കപ്പെടുന്നതിലേക്ക് നയിച്ചത്. ഷോജി കൊല്ലപ്പെട്ടത് പണി നടക്കുന്ന വീടിനുള്ളിൽ വച്ചായിരുന്നു. അല്പം അകലെ കാർഷികോപകരണങ്ങൾ വിൽക്കുന്ന കട നടത്തുകയാണ് ഭർത്താവ് ഷാജി. വീടിൻറെ അടുത്തുതന്നെ മെഡിക്കൽ സ്റ്റോറിൽ ആണ് ഷോജിക്ക് ജോലി. ഇടയ്ക്കിടെ പണിസ്ഥലത്ത് വന്ന് കാര്യങ്ങൾ നോക്കുന്നത് ഷോജിയാണ്. ടൈൽസ് പണി നടക്കുന്ന സമയം. രാവിലെ 10 മണിയോടെ പണിക്കാർ രണ്ടും അടുത്തുള്ള കടയിൽ ചായ കുടിക്കാൻ പോയി. തിരിച്ചുവന്ന അവർ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ്. വീടിൻറെ താഴത്തെ നിലയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ ഷോജി കിടക്കുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. മൂർച്ചയുള്ള എന്തോ ആയുധം കൊണ്ട് കഴുത്ത് മുറിച്ചിരിക്കുകയാണ്. വീട്ടിൽനിന്ന് ഒന്നും കളവു പോയിട്ടില്ല. പണിക്കാരെ തിരിച്ചും മറിച്ചും ചോദ്യം ചെയ്തു. അവർക്ക് കൂടുതൽ ഒന്നും അറിയില്ല. ഭർത്താവുമായി ചില പ്രശ്നങ്ങൾ ഷോജിക്ക് ഉണ്ടായിരുന്നത് അറിഞ്ഞ് ഷാജിയെയും പോലീസ് പലതവണ ചോദ്യം ചെയ്തു. എന്നിട്ടും ഒരു പഴുതും കിട്ടിയില്ല. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതേ നടപടികൾ ഒക്കെ ആവർത്തിച്ചു. എന്നാൽ കുറ്റവാളി മാത്രം പിടിയിലായില്ല. ഏതാണ്ട് 11 വർഷം എത്തുമ്പോഴാണ് വീണ്ടും ഒരു സംഭവം ഉണ്ടായത്. ഒരു ഓട്ടോറിക്ഷക്കാരനെ കഴുത്തു മുറിച്ച് കൊല്ലാൻ ശ്രമിച്ചിരിക്കുന്നു.
നാട്ടുകാർ ഓടിക്കൂടിയത് കൊണ്ട് മാത്രമാണ് അയാൾ രക്ഷപ്പെട്ടത്. ഷാജിയാണ് തന്നെ കൊല്ലാൻ ശ്രമിച്ചത് എന്ന് ഓട്ടോക്കാരൻ വെളിപ്പെടുത്തി. പോലീസ് ആണ് ആദ്യം ഞെട്ടിയത്. അവരുടെ മനസ്സിലേക്ക് ഷോജി കൊലക്കേസ് ഓടിവന്നു. ഷാജിയെ വീണ്ടും കസ്റ്റഡിയിലെടുത്തു. നേരത്തെയുള്ള പല സാക്ഷിമൊഴികളും പോലീസ് വീണ്ടും വിശദമായി പരിശോധിച്ചു. കടയിൽ കുറച്ചുസമയം ഷാജി ഇല്ലായിരുന്നുവെന്ന സാക്ഷി മൊഴിയാണ് അതിലൊന്ന്. ഷാജി വീട്ടിലേക്ക് പോകുന്നത് കണ്ടെന്ന് മറ്റൊരാൾ പറഞ്ഞിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇത്തവണ ഷാജിക്ക് പിടിച്ചുനിൽക്കാൻ ആയില്ല. കൊല്ലാൻ ഉപയോഗിച്ച ആയുധം ടൈൽസ് മുറിക്കുന്ന ഉപകരണമാണ്. അത് പോലീസ് കണ്ടെടുത്തു. അതിൻറെ ബ്ലേഡ് ഷാജി മാറ്റിയിരുന്നു. എന്തിനാണ് കൊലപാതകം നടത്തിയത് എന്നായി പിന്നത്തെ സംശയം. ഇത്തവണ ഷാജി മണി മണി പോലെ കാര്യങ്ങൾ പറഞ്ഞു. കടയിൽ നിൽക്കുന്ന പെൺകുട്ടിയും ഷാജിയും തമ്മിൽ അടുപ്പമായിരുന്നു. ഇതിൻറെ പേരിലാണ് ഷോജിയുമായി വഴക്കുണ്ടായത്. വീട്ടിൽ നിന്നും ചില സ്വർണ്ണാഭരണങ്ങൾ പെൺകുട്ടിക്ക് കൊടുക്കാമെന്ന് ഷാജി വാക്കു കൊടുത്തിരുന്നു. ആരും അറിയാതെ അയാൾ അത് എടുക്കാൻ വന്നതാണ്. മുകളിലത്തെ നിലയിൽ ആഭരണങ്ങൾ എടുത്തുകൊണ്ട് നിൽക്കുമ്പോഴാണ് ഷോജി പിന്നിൽ വന്നതും ബഹളം ഉണ്ടാക്കിയതും. പിന്നെ ഒന്നും ആലോചിച്ചില്ല. അവരെ അടിച്ചു വീഴ്ത്തി. താഴത്തെ നിലയിൽ കൊണ്ടുപോയി കഴുത്തു മുറിച്ച് കൊന്നു. സ്വർണം അപ്പോൾ എടുത്താൽ പിടിക്കപ്പെടുമെന്ന് മനസ്സിലായ ഷാജി അത് അലമാരിയിൽ തന്നെ ഭദ്രമായി തിരിച്ചുവച്ചു. ഓട്ടോറിക്ഷക്കാരനുമായി ചില സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമായപ്പോഴാണ് അയാളെ കൊല്ലാൻ ഷാജി ശ്രമിച്ചത്. 11 വർഷങ്ങൾക്കു മുമ്പ് കൊല നടത്തിയിട്ടും പിടിക്കപ്പെട്ടില്ല എന്ന ധൈര്യവും അത് ആവർത്തിക്കാൻ ശ്രമിക്കാൻ കാരണമായി. പക്ഷേ ഇത്തവണ ഭാഗ്യം ഷാജിക്ക് ഒപ്പം ആയിരുന്നില്ല.