തിരുവനന്തപുരം ഐത്തിയിലെ ഷിബുവിന്റെ വീട്ടിലെത്തിയാൽ ആരുടെയും കണ്ണ് നിറയും. അകാലത്തിൽ നഷ്ടപ്പെട്ടുപോയ ഒരു മകളെ കാത്തിരിക്കുന്ന ഒരു അച്ഛനും അമ്മയുമാണ് ഇവിടെയുള്ളത്. അവളുടെ ഓർമ്മ മായരുത് എന്ന് ആഗ്രഹിച്ച് അവൾ ധരിച്ചിരുന്ന വസ്ത്രം പോലും കഴുകാതെ സൂക്ഷിക്കുകയാണ് ഇവർ. അവൾ നട്ടു നനച്ചു വളർത്തിയ ഓരോ ചെടിയിലും അവർ അവളെ കാണുന്നു. അവൾക്ക് ഇഷ്ടപ്പെട്ട നായ്ക്കുട്ടിയും പൂച്ചയും ഒക്കെ ഇവരുടെ ദുഃഖം പങ്കിടുന്നത് പോലെ മൂകരായി ഇരിക്കുന്നു. അച്ഛനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് പോയതാണ് ഇവരുടെ മകൾ ശില്പ ഷിബു. പിന്നെ ആ 25 കാരി മടങ്ങിയെത്തിയത് ആംബുലൻസിൽ ശവപ്പെട്ടിയിലാണ്. എന്താണ് ശില്പയ്ക്ക് സംഭവിച്ചത് ? അതുവരെ അവൾക്ക് യാതൊരു അസുഖവും ഉണ്ടായിരുന്നില്ല. പനിയായി നെടുമങ്ങാട് ആശുപത്രിയിൽ കൊണ്ടുപോയതാണ്. ബ്ലഡ് കൗണ്ട് കുറവായതിനാൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. അങ്ങനെ അച്ഛനും മകളും ബൈക്കിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയത്. ചികിത്സയിൽ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ട് തങ്ങൾ സംസാരിച്ചത് ഡോക്ടർമാർക്കും നേഴ്സുമാർക്കും ഒന്നും ഇഷ്ടപ്പെട്ടില്ല എന്ന് ഇവർ പറയുന്നു. അപ്പോൾ ഒന്നും പുറമേ കാണിച്ചില്ലെങ്കിലും മകളുടെ ചികിത്സയിൽ ഉദാസീനത കാണിച്ചു എന്ന് പിന്നെയാണ് ബോധ്യമാകുന്നത്. ഐസിയുവിൽ കിടക്കുമ്പോൾ മകളെ കാണാൻ കയറിയ അമ്മയോട് ശിൽപ്പ പറഞ്ഞത് അവർ നമ്മളെ പറ്റിച്ചല്ലോ അമ്മേ എന്നാണ്. അവർ കൊടുത്ത ഗുളിക കഴിച്ച് കണ്ണിൽ നിന്നും കണ്ണീരൊഴുകുന്ന മകളെയാണ് ജീവനോടെ അവസാനമായി അവർ കണ്ടത്. ആശുപത്രിയിൽ ചികിത്സാ പിഴവ് ഉണ്ടായെന്ന് തന്നെയാണ് ഈ അച്ഛനും അമ്മയും വിശ്വസിക്കുന്നത്. തങ്ങളുടെ മകൾക്ക് നീതി വേണം എന്ന് ഇവർ ഉറക്കെ ആവശ്യപ്പെടുന്നു. അയൽവാസികളും ബന്ധുക്കളും ഒക്കെയാണ് ഇവർക്ക് കൂട്ട്. പല ദിവസങ്ങളിലും രാത്രി മകളുടെ കല്ലറയിൽ കെട്ടിപ്പിടിച്ച് അലമുറയിടുന്ന അമ്മയെയാണ് അയൽവാസികൾ കാണാറുള്ളത്. ഇവരുടെ ദുഃഖത്തിന് പരിഹാരം വേണം. ഇവരുടെ മകളോട് അനീതി കാട്ടിയിട്ടുണ്ടെങ്കിൽ നീതി നൽകണം. ഇനി ഒരു കുട്ടിക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ