ഇനി ഓരോ ഓണക്കാലവും കൊല്ലം ജില്ലയിലെ ശൂരനാട്ടുകാർക്ക് പേടിസ്വപ്നങ്ങളുടേതായിരിക്കും. അത്രമാത്രം അവർ അനുഭവിച്ചു കഴിഞ്ഞു. കഴിഞ്ഞ ഉത്രാട രാത്രിയിൽ ആയിരുന്നു അത്. നാട്ടുകാർ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ അമ്പലപ്പറമ്പിൽ പാട്ടു വച്ച് സന്തോഷമായി ആളുകൾ ഇരിക്കുന്നു. രാത്രി ഒന്നര മണി കഴിഞ്ഞ സമയം. ആദ്യം ഒരു പോലീസ് വാഹനം വന്നു. ശബ്ദമലിനീകരണം ആയിരുന്നു അവർ കണ്ടെത്തിയ കുറ്റം. രണ്ടു കുട്ടികളെ ഇടിച്ചുവീഴ്ത്തിയാണ് വാഹനം നിർത്തിയതെന്ന് നാട്ടുകാർ പറയുന്നു.
അവരുമായി സംസാരിച്ചുകൊണ്ടിരിക്കെ വീണ്ടും പോലീസ് വാഹനങ്ങൾ പാഞ്ഞെത്തി. ഇക്കുറി ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായിരുന്നില്ല. വാഹനത്തിൽ നിന്ന് ഇറങ്ങിയ വഴിയെ കണ്ടവരെയെല്ലാം ഓടിച്ചിട്ട് തല്ലി. ഒരു യുവാവിന് അതിക്രൂരമായി മർദ്ദനമേറ്റു. വാഹനത്തിൽ കയറ്റിയും മർദ്ദനം തുടർന്നു. സ്ത്രീകളടക്കമുള്ളവരെ ഒരു ദാക്ഷിണ്യവും കൂടാതെ പുരുഷ പോലീസുകാർ ആക്രമിച്ചു. തൊട്ടടുത്ത വീട്ടുമുറ്റത്ത് കിടന്ന കസേരകൾ പോലും തല്ലിയൊടിച്ചു. ക്ഷേത്രത്തിലെ മൈക്കും ആംപ്ലിഫയറും എല്ലാം എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചു.
അവ അടക്കം ക്ഷേത്രത്തിലെ പല സാമഗ്രികൾക്കും കേടുവരുത്തി. എന്തിനാണ് ഈ അതിക്രമങ്ങൾ എന്ന് ഈ നാട്ടുകാർക്ക് ഇപ്പോഴും അറിയില്ല.
ഈ അക്രമത്തിന് മുമ്പിൽ പകച്ചു നിൽക്കുകയാണ് ഇവിടുത്തെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി പേർ. താഴെയിട്ടുപോലും സ്ത്രീകളെ ചവിട്ടുന്ന അവസ്ഥയുണ്ടായി. അടിയേറ്റ് പല്ല് പോയവർ. ശരീരത്തിന് ക്ഷതം സംഭവിച്ചവർ … ഇത്രയധികം ക്രൂരത കാട്ടാൻ എന്ത് തെറ്റാണ് തങ്ങൾ ചെയ്തതെന്ന് ഇവർക്ക് ഇപ്പോഴും അറിയില്ല. പോലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നു മാത്രമാണ് ഇവരുടെ ആവശ്യം. ഈ നാട്ടുകാർക്ക് പിന്തുണ അറിയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി ഇവിടെ എത്തിയിരുന്നു. വാർഡ് മെമ്പർ അടക്കമുള്ള വരും നാട്ടുകാർക്കൊപ്പം ഉറച്ചു നിൽക്കുന്നുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല. ഇവരാരും ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പ്രവർത്തനം ചെയ്തിട്ടല്ല പോലീസുകാർ ഇത്തരം തോന്നിവാസം കാണിച്ചത്. ഒരുപക്ഷേ ഓണക്കാലമായതിനാൽ ആ പോലീസുകാരിൽ പലരും മദ്യ ലഹരിയിൽ ആയിരുന്നിരിക്കാം. പോലീസിനെ ആക്രമിച്ചു എന്ന് കള്ളക്കേസ് ഉണ്ടാക്കി നാട്ടുകാരെ കുടുക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് അതിശക്തമായ സമരത്തിനുള്ള ഒരുക്കത്തിലാണ്. പലരെയും ജാതി പേര് വിളിച്ചു പോലും പോലീസുകാർ ആക്ഷേപിച്ചു. ഒരു സമുദായ സംഘടനയുടെ കൊടിമരം നശിപ്പിച്ചു. ആരാണ് പോലീസിന് ഇത്തരം ഗുണ്ടാ പ്രവർത്തനങ്ങൾ നടത്താൻ ലൈസൻസ് നൽകിയിട്ടുള്ളത്. ഈ പോലീസുകാർ ആരും ഒരു നിമിഷംപോലും സർവീസിൽ തുടരാൻ അർഹരല്ല. ഇവർക്കെതിരെ ശക്തമായ നടപടി എടുക്കും വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ