സുഹൃത്തുക്കളായ പ്രതികള്‍ പിടിയില്‍
അഞ്ചുവര്‍ഷം മുമ്പ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഗൃഹനാഥന്റെ മരണം കൊലപാതകമാണെന്നറിഞ്ഞപ്പോള്‍ തെന്മലനിവാസികള്‍ ഞെട്ടി. പ്രതികളാരാണെന്നറിഞ്ഞപ്പോള്‍ അവരില്‍ അതിലേറെ ഞെട്ടലുണ്ടായി. മീന്‍പിടുത്തത്തില്‍ വിദഗ്ധനായിരുന്ന മദ്യപിക്കും എന്നല്ലാതെ മറ്റുപ്രശ്‌നങ്ങളൊന്നുമില്ലാത്ത ഗോപി എന്ന ഒരു പാവം മനുഷ്യന്റെ കൊലപാതകത്തിന്റെ ചുരുളാണ് അഞ്ചുവര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ അഴിഞ്ഞത്.
തെന്മല ഡാമിനു സമീപം ഇടിമുഴക്കം പാറയിലാണ് ഗോപിയെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. ബോഡി കണ്ടെടുക്കുമ്പോള്‍ നിലത്തുവീണു കിടക്കുകയായിരുന്നു. ഗോപി ഇട്ടിരുന്ന ഷര്‍ട്ട് മടക്കി വച്ചിരുന്നു. കഴുത്തില്‍ കിടന്ന തോര്‍ത്ത് വേറെ ആരുടേതോ ആയിരുന്നു. ഭര്‍ത്താവ് ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ വത്സലയ്ക്ക് ഉറപ്പായിരുന്നു. എന്നാല്‍ നാടുമുഴുവന്‍ പറഞ്ഞത് വത്സല സൈ്വര്യം കൊടുക്കാത്തതുകൊണ്ട് ഗോപി ആത്മഹത്യ ചെയ്തു എന്നാണ്.
എന്നല്‍ ഭര്‍ത്താവിന്റെ മരണം കൊലപാതകമാണെന്ന് വത്സല ഉറപ്പിച്ചു. അയല്‍വാസിയായ ദിവാകരനെയായിരുന്നു വത്സലയുടെ സംശയം. ദിവാകരന്‍ നാടുമുഴുവന്‍ വത്സല ഗോപിക്കു സൈ്വര്യം കൊടുക്കുന്നില്ല, ഗോപിയും വത്സലയും തമ്മില്‍ എന്നും വഴക്കാണ് എന്നൊക്കെ പ്രചരിപ്പിച്ചിരുന്നു. ഇതാണ് ദിവാകരനില്‍ സംശയമുളവാക്കാന്‍ വത്സലയെ പ്രേരിപ്പിച്ച ഘടകം. പോലീസില്‍ പരാതി നല്‍കിയെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പോലീസ്. അതിനു തക്കതെളിവുകളാണ് പോലീസിനു മൃതദേഹത്തിനു സമീപത്തുനിന്നു ലഭിച്ചത്. പക്ഷേ വത്സല ഈ കേസ് അങ്ങനെ വിടാന്‍ ഒരുക്കമായിരുന്നില്ല.
കാടടച്ച് അന്വേഷണം
പല അധികാരികള്‍ക്കും വത്സല പരാതി കൊടുത്തതിനേത്തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അവസാനം അഞ്ചുവര്‍ഷത്തിനു ശേഷം കൊലയാളികളെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചു. ദിവാകരനെ ഉള്‍പ്പെടെ നിരവധി ആളുകളെ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തു. ദിവാകരന് സംഭവത്തില്‍ പങ്കില്ലെന്ന് ആദ്യഘട്ടത്തിലെ ചോദ്യംചെയ്യലില്‍നിന്നു തന്നെ പോലീസിനു പിടികിട്ടിയിരുന്നു. അന്വേഷണത്തില്‍ സ്‌റ്റേഷന്‍ പരിധിയിലുള്ള രണ്ടുപേര്‍ ചോദ്യം ചെയ്യലിന് എത്തിയിട്ടില്ലെന്നു പോലീസിനു വ്യക്തമായി. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അവര്‍ മുങ്ങിയിരിക്കുകയാണെന്നു മനസിലായി. ഇരുവരും കര്‍ണാടയിലേക്കാണു പോയിരിക്കുന്നതെന്നു പിന്നീടുള്ള അനേക്ഷണത്തില്‍നിന്നു വ്യക്തമായി. പോലീസ് ഇരുവരുടെയും ഭാര്യമാരെ ചോദ്യം ചെയ്തപ്പോള്‍ ഗോപി മരിച്ച അന്ന് ഇരുവരും വീട്ടില്‍ ചെന്നിട്ടില്ലെന്നു വ്യക്തമായി. ഇതോടെ ഇരുവര്‍ക്കും കേസുമായി ബന്ധമുണ്ടെന്നു വ്യക്തമായ പോലീസ് കര്‍ണാടകയിലേക്കു തിരിച്ചു.
പ്രതികള്‍ പിടിയില്‍
ബജാജ് സജി, സച്ചു സജി എന്നീ രണ്ടു പ്രതികളെയും പോലീസ് കര്‍ണാടയില്‍നിന്ന് അറസ്റ്റ് ചെയ്തു. ഇരുവരും ഗോപിയുടെ സുഹൃത്തുക്കളായിരുന്നു. ഗോപിയുടെ മരണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സമരത്തിലും മറ്റും ഇവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഗോപിയുടെ മൃതദേഹം തിരയാനും ഇരുവരും കൂടിയിരുന്നു. എന്നാല്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ ഇരുവരും ഭയന്നു നാട്ടില്‍നിന്നു മുങ്ങുകയായിരുന്നു.
കൊലപാതകം ഇങ്ങനെ
ബജാജ് സജിക്കും സച്ചു സജിക്കും മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. പതിവുപോലെ മദ്യപിച്ച അവര്‍ക്ക് തെന്മല ഡാമില്‍നിന്നു മീന്‍ പിടിക്കണമെന്ന ആഗ്രമുണ്ടായി. പക്ഷേ, അവര്‍ക്ക് മീന്‍പിടിത്തം അത്രവശമുണ്ടായിരന്നില്ല. മീന്‍ പിടിത്തത്തില്‍ അഗ്രഗണ്യനായ ഗോപിയെ സഹായത്തിനു വിളിക്കാന്‍ ഇരുവരും തീരുമാനിച്ചു. ഗോപിയും മദ്യപിച്ചാണ് മീന്‍പിടിക്കാനായി എത്തിയത്. മീന്‍പിടിത്തം ആരംഭിച്ചതിനുശേഷം ഗോപിയുടെ വല ഉപയോഗിച്ച്് മീന്‍പിടിക്കാന്‍ സജിമാര്‍ക്ക് ആഗ്രഹം തോന്നി. പക്ഷേ വല കൊടുക്കാന്‍ ഗോപി തയാറായില്ല. ഒടുവില്‍ വലയ്ക്കുവേണ്ടി പിടിവലിയായി. പിടിവലിക്കിടെ ഗോപിയെ ഇവര്‍ തള്ളിയിട്ടു. മലര്‍ന്നടിച്ചുവീണ ഗോപിയുടെ തല പാറയില്‍ ഇടിച്ചു. തലപൊട്ടി ഗോപി മരണമടയുകയും ചെയ്തു. ഗോപി മരിച്ചതോടെ ഇരുവരും രക്ഷപെടാനുള്ള മാര്‍ഗം തേടി.
ഗോപിയുടെ മൃതദേഹത്തിന്റെ കഴുത്തില്‍ ഇരുവരും ചേര്‍ന്നു തോര്‍ത്തിട്ടു മുറുക്കി. തൊട്ടടുത്തുണ്ടായിരുന്ന മരത്തില്‍ കുറേനേരം കെട്ടിത്തൂക്കി. തൂങ്ങിമരിച്ചതാണെന്നു തോന്നിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു അത്. ഭാരമുള്ള മൃതദേഹം പക്ഷേ താഴെ വീണു. വത്സലയെ കുറ്റപ്പെടുത്തിയും ദിവാകരനെ സംശയിച്ചുമിരുന്നതിനാല്‍ നാട്ടുകാര്‍ ഇവരെ ഗോപിയുടെ മരണത്തില്‍ സംശയിച്ചിരുന്നില്ല. കൊലപാതകം തെളിയിക്കപ്പെട്ടതോടെ അഞ്ചുവര്‍ഷം നീണ്ട ദുരൂഹതയാണ് അവസാനിച്ചത്.
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ