പക്ഷാഘാതം ബാധിച്ച വീട്ടമ്മയെ മകൻ കൊന്നത് എന്തിന്? അതിന്റെ പിന്നാമ്പുറം അന്വേഷിച്ചാൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുക. കൊല്ലം ചെറുപൊയ്ക തെക്ക് നെടിയവിള ഭാഗം സതീഷ് ഭവനിൽ ശശിധരൻ പിള്ളയുടെ ഭാര്യ പത്മിനിയമ്മ ആണ് കൊല്ലപ്പെട്ടത്. അമ്മയെ അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്തി എന്ന കേസിൽ മകൻ സതീഷ് കുമാറിനെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഗൾഫിൽ ജോലി ചെയ്തു സമ്പാദിച്ചതെല്ലാം പാഴാക്കിയത് അമ്മയാണെന്ന് ആരോപിച്ച് സതീഷ് പതിവായി മദ്യപിച്ചു വഴക്കിടുമായിരുന്നു. ഈ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇയാളുടെ ഭാര്യ കുറച്ചു ദിവസങ്ങൾക്കു മുൻപു പിണങ്ങിപ്പോയിരുന്നു. ഇതിനു ശേഷം വീട്ടിൽ വഴക്കു പതിവായി. ഉപദ്രവം സഹിക്കവയ്യാതെ പിതാവ് ശശിധരൻ പിള്ള വീടു വിട്ട് ഇറങ്ങിയിരുന്നു.
അച്ഛനും വീടു വിട്ട് പോയതോടെ അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ. രാത്രി മദ്യപിച്ചു വന്ന സതീഷ് പത്മിനിയമ്മയുമായി വഴക്കിടുകയും തല പിടിച്ചു ഭിത്തിയിൽ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. രാവിലെ അയൽ വീട്ടിൽ നിന്നു ബന്ധുവായ യുവതി ചായയുമായി എത്തിയപ്പോഴാണു മുൻവശത്തെ മുറിയിൽ പത്മിനിയമ്മ മരിച്ചു കിടക്കുന്നതു കണ്ടത്. ഈ സമയം സതീഷ് കുമാർ അകത്തെ മുറിയിൽ കിടക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ ഒന്നുമറിയില്ല എന്നു ഭാവിച്ചു എങ്കിലും തെളിവുകൾ നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചു.
ഗൾഫിൽ ജോലിചെയ്ത ഇയാൾ സമ്പാദിച്ച സ്വർണവും പണവും അമ്മയെ ഏൽപ്പിച്ചിരുന്നു. എന്നാൽ നാട്ടിൽ വന്നപ്പോൾ അമ്മയുടെ കൈവശം ഇത് ഉണ്ടായിരുന്നില്ല. ഈ പണം എവിടെ പോയെന്ന് ആർക്കും അറിയില്ല. രോഗം മാറുമെന്ന് വിശ്വസിച്ച് അമ്പലങ്ങളിലും പള്ളിയിലുമൊക്കെ പത്മിനിയമ്മ പണം മുടക്കുമായിരുന്നു. അവരുടെ അന്ധവിശ്വാസമാണ് പണം നഷ്ടപ്പെടുത്തിയതും മകനെ കൊലപാതകിയാക്കിയതും….