പ്രണയം പാതിമുറിഞ്ഞ ഒരു കന്യകയുടെ ആത്മാവ് അലഞ്ഞു നടക്കുകയാണ്. അവൾ ആരുടെ ജീവനും എടുക്കാം. ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ജീവിക്കാൻ ഇറങ്ങിത്തിരിച്ച അവൾക്ക് നഷ്ടമായത് സ്വന്തം ജീവനാണ്.പ്രാണന് തുല്യം സ്നേഹിച്ച പുരുഷൻ അവളെ കഴുത്തു ഞെരിച്ചു കൊന്ന് ഉപ്പിട്ട് നിറച്ച കുഴിയിലേക്ക് വലിച്ചെറിഞ്ഞു. പിന്നെയും ഉപ്പുനിറച്ച് അവളെ മണ്ണിട്ടു മൂടി.ആരും പൊറുക്കാത്ത ആ കഥയിലെ നായികയാണ് രാഖി.
സൈനികനായിരുന്ന അഖിൽ ആണ് ഈ കേസിലെ മുഖ്യപ്രതി. രാഖിയുടെ കാമുകൻ … ഒരു മിസ്ഡ്കോളിൽ തുടങ്ങിയ പ്രണയം പൂത്തുലഞ്ഞപ്പോൾ അവർ ഒത്തിരി ജീവിത സ്വപ്നങ്ങൾ കണ്ടു. പിന്നെ ഒരു ദിവസം അഖിലിന് തോന്നിത്തുടങ്ങി പണത്തിനും പ്രതാപത്തിനും ഒന്നും ചേരുന്ന ബന്ധമല്ല ഇത് എന്ന് …
പുതുതായി വന്ന അധ്യാപികയുമായുള്ള ആലോചന നടത്താനായി രാഖിയുടെ ജീവനെടുക്കാൻ അവൻ തീരുമാനിച്ചു. സഹോദരനും സുഹൃത്തും യുവാവിന് വഴികാട്ടികളായി. വീട്ടിൽനിന്ന് ജോലിസ്ഥലത്തേക്ക് എന്നു പറഞ്ഞു സർട്ടിഫിക്കറ്റുകളുമായി ഇറങ്ങിയ രാഖിയെ കാമുകനും സഹോദരനും സുഹൃത്തും ചേർന്ന് കാറിൽ കയറ്റി. ആ യാത്രയിൽ അവളെ കഴുത്തു ഞെരിച്ച് കൊന്നു. ഒടുവിൽ നീതിപീഠം അഖിലിനും കൂട്ടുപ്രതികൾക്കും അർഹിക്കുന്ന ശിക്ഷ തന്നെ നൽകി. പക്ഷേ മറക്കരുതാത്ത ഒന്നുണ്ട്.
ജീവിതാവസാനം വരെ അഖിലിന്റെ മാതാപിതാക്കളും രാഖിയുടെ മാതാപിതാക്കളും കണ്ണീർക്കയത്തിലാണ്. ഒരു നിമിഷത്തെ വിവേകമില്ലായ്മയാണ് ഈ കുടുംബങ്ങൾ നശിപ്പിച്ചത്.ഇങ്ങനെയൊക്കെയുള്ള ചിന്തകൾ മനസ്സിലേക്ക് വരുമ്പോൾ ഒന്നോർക്കുക, നിങ്ങളെ കാത്തും ആളുകൾ ഇരിക്കുന്നുണ്ട്.
വീഡിയോ കാണുവാനായി യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യൂ