ഒരാൾ കൊല്ലപ്പെട്ടാൽ പരിസരവാസികൾക്ക് അല്പമെങ്കിലും ദുഃഖം തോന്നാതിരിക്കുമോ? അത് മരിച്ചയാളുടെ പ്രവർത്തി പോലെയിരിക്കും എന്ന് നിസംശയം പറയാം. അവനവൻ ചെയ്യുന്നതിന്റെ ഫലം അവർ തന്നെ അനുഭവിക്കേണ്ടി വരും. കൊല്ലം കടപ്പാക്കടയിൽ മധുവെന്ന 55 കാരൻ കൊല്ലപ്പെട്ടത് അടുത്ത ദിവസമാണ്. ഒരുമിച്ചുള്ള മദ്യപാനത്തിനിടയിൽ സുഹൃത്തുക്കളിൽ ഒരാളാണ് മധുവിന്റെ ജീവൻ എടുത്തത്. പക്ഷേ ഈ കൊലപാതകത്തിൽ തങ്ങൾ ഒക്കെ ഹാപ്പിയാണെന്ന് അയൽവാസികൾ തുറന്നു പറയുന്നു. എന്തുകൊണ്ടാണ് അവരങ്ങനെ പറയുന്നത് എന്നറിയണമെങ്കിൽ അയാൾ ചെയ്ത പ്രവർത്തികൾ അറിയണം. മധുവിന്റെ അമ്മ 30 വർഷം സൗദി അറേബ്യയിൽ ജോലി ചെയ്ത് നല്ല സാമ്പത്തിക സ്ഥിതിയിൽ എത്തിയ ആളായിരുന്നു.
മധുവാകട്ടെ മുഴുക്കുടിയനും. ഒടുവിൽ ഭാര്യയും പിണങ്ങിപ്പോയി. വീട്ടിൽ മധുവും അമ്മയും തനിച്ചായി. എങ്ങനെയും മദ്യപിക്കണം എന്ന ചിന്ത മാത്രമേ മധുവിന് ഉണ്ടായിരുന്നുള്ളൂ. അമ്മയെ അവൻ പലപ്പോഴും
പണത്തിനായി ഉപദ്രവിച്ചു. ഒരു ദിവസം അവരെ വലിച്ചു താഴെയിട്ട് രണ്ടു കാലുകളും ഓടിച്ച് കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചു കൊണ്ടുപോയി. പിന്നെ കുറച്ചുനാൾ അയാളുടെ ശല്യം ഉണ്ടായിരുന്നില്ല. വീണ്ടും തിരിച്ചുവന്ന് പഴയ പടി സുഹൃത്തുക്കൾക്കൊപ്പം മദ്യപാനവും ബഹളവും. രണ്ടുമാസം മുമ്പ് ആ അമ്മ മരിച്ചു. അതിനുമുമ്പ് അവർ ഒരു നല്ല കാര്യം ചെയ്തു. വീടും പറമ്പും പത്തനാപുരം ഗാന്ധിഭവന് എഴുതിക്കൊടുത്തു. ആരോരുമില്ലാത്തവർക്ക് അഭയമരുളുന്ന ഗാന്ധിഭവന് ഇരിക്കട്ടെ തൻറെ സമ്പാദ്യമെന്ന് ആ പാവം സ്ത്രീ വിചാരിച്ചു. അതറിഞ്ഞതോടെ മധു അമ്മയെ കൂടുതൽ ഉപദ്രവിക്കുമായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. അമ്മയുടെ മരണത്തിൽ പോലും ആളുകൾക്ക് ചില സംശയങ്ങൾ ഉണ്ട്. വീണ്ടും പഴയപടി മദ്യപാനം ആയി ആ വീട്ടിൽ. എന്നും ആരെങ്കിലുമൊക്കെ മധുവിനെ അന്വേഷിച്ച് വരും. പിന്നെ മദ്യപാനവും ബഹളവും. ഒരു ദിവസം രാവിലെ ശബ്ദം ഒന്നും കേൾക്കാതെ ഒരാൾ മധുവിനെ അന്വേഷിച്ച് വന്നു. അയാളാണ് വീടിനകത്ത് കുത്തേറ്റു മരിച്ചുകിടക്കുന്ന നിലയിൽ മധുവിനെ കണ്ടത്.
പ്രതി ഗോപനെയും കൂടെ
ഉണ്ടായിരുന്ന മറ്റുള്ളവരെയും ഒക്കെ പോലീസ് പിന്നീട് പിടികൂടി.
നല്ല നിലയിൽ ജീവിക്കാൻ സ്ഥിതി ഉണ്ടായിട്ടും സ്വന്തം ജീവിതം നശിപ്പിച്ചു കളഞ്ഞ മധുവിന്റെ മരണത്തിൽ ആര് ദുഃഖിക്കാൻ..