കുഴിത്തുറയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഒരു ശ്മശാനം. അവിടെ പാതി വെന്ത ഒരു ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് നടത്തിയ പരിശോധനയിൽ ആ ശരീരത്തിന്റെ കൈപ്പത്തിയിൽ മുത്ത് എന്ന് പച്ച കുത്തിയിരിക്കുന്നത് മാത്രമാണ് ഒരു തെളിവായി ലഭിച്ചത്. ആരാണ് ഈ മുത്ത്. ആരുടേതാണ് ഈ മൃതദേഹം. പോലീസ് അന്വേഷണം തുടങ്ങി. അപ്പോഴാണ് അവിടെ നിന്നും ഏതാനും ദിവസം മുമ്പ് കാണാതായിരുന്ന, സ്റ്റുഡിയോ നടത്തുന്ന റാസി എന്ന യുവാവിനെ കുറിച്ച് പോലീസ് അറിയുന്നത്. റാസിയുടെ ബന്ധുക്കൾ വന്ന് പരിശോധിച്ചപ്പോൾ ആ കൈത്തണ്ട അവർ തിരിച്ചറിഞ്ഞു. മുത്ത് എന്ന് എഴുതി വച്ചിരിക്കുന്നത് റാസിയുടെ കയ്യിലാണ്. എന്നാൽ ഈ മുത്ത് ആരാണെന്ന് അവർക്കും അറിയില്ല. റാസി ഇഷ്ടപ്പെടുന്ന ഏതോ പെൺകുട്ടിയാണ് എന്ന് മാത്രം സൂചന കിട്ടി. മൃതദേഹം റാസിയുടെതാണെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെയും ഉറപ്പിച്ചു. കൊലപ്പെടുത്തിയതാണെന്നും പോലീസിന് വ്യക്തമായി. എന്നാൽ ആരാണ് ഇത് ചെയ്തത് ?
വിവാഹം കഴിച്ച് ഒരു കുഞ്ഞുമുള്ള ആളായിരുന്നു റാസി. എന്നാൽ ഭാര്യയുമായി അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഏതാണ്ട് ഒന്നരവർഷം മുമ്പ് വിവാഹബന്ധം വേർപെടുത്തിയതാണ്. പോലീസ് അവരെയും വിശദമായി ചോദ്യം ചെയ്തു. എന്നാൽ അവർക്കും കൂടുതലൊന്നും അറിവുണ്ടായിരുന്നില്ല. എങ്ങനെയാണ് ഈ കേസ് തെളിയിക്കുക. അപ്പോഴാണ് മൃതദേഹം കത്തിക്കാൻ ഉപയോഗിച്ച ചിരട്ടയും കരിയും ഒക്കെ വാങ്ങിയത് അടുത്തുള്ള കടയിൽ നിന്ന് ആകാമെന്ന് പോലീസിന് തോന്നിയത്. പോലീസ് അന്വേഷിച്ചപ്പോൾ അവിടെ നിന്ന് സംഭവദിവസം കരിയും ചിരട്ടയുമൊക്കെ വാങ്ങിയിട്ടുണ്ട്. എന്നാൽ വാങ്ങിയ ആളുകളെ കടക്കാരന് അറിയില്ല. പോലീസ് ആ കടക്കാരനെയും കൂട്ടി ഗ്രാമം മുഴുവൻ അലഞ്ഞു. കൊല നടത്തിയവർ അത്ര പെട്ടെന്നൊന്നും അവിടം വിട്ടുപോകാൻ ഇടയില്ല എന്ന് പോലീസിന് അറിയാമായിരുന്നു. അങ്ങനെയുള്ള അന്വേഷണത്തിനിടയിൽ ഒരു ചായക്കടയിൽ വച്ച് ഒരാളെ കണ്ടപ്പോൾ കടയുടമയ്ക്ക് പെട്ടെന്ന് സംശയമായി. അതെ,
ഇയാളും കൂട്ടത്തിൽ ഉണ്ടായിരുന്നു. പോലീസ് അയാളെ പിടികൂടി. പഴനി എന്നാണ് പേര്.
ചോദ്യം ചെയ്തപ്പോൾ അയാൾ കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞു. തൻറെ സുഹൃത്തായ ബോധീശ്വരന് വേണ്ടിയാണ് ഈ കൊലപാതകം നടത്തിയത്. ഞങ്ങൾ മൂന്നു പേരാണ് കൊല നടത്തിയത്. പൊലീസ് ബോധീശ്വരനെ പിടികൂടി. തുടർന്ന് ഇരുവർക്കും ഒപ്പം കൃത്യത്തിൽ പങ്കാളിയായിരുന്ന ഷെരീഫിനെയും. എന്തിനാണ് കൊല നടത്തിയത് എന്നറിയണ്ടെ. അടുത്ത സുഹൃത്തുക്കൾ ആയിരുന്നു റാസിയും ബോധീശ്വരനും.ബോധീശ്വരന്റെ സുന്ദരിയായ സഹോദരിയാണ് മുത്ത്.റാസിയും മുത്തും തമ്മിൽ പ്രേമമായി. എന്നാൽ ബോധീശ്വരന് ഇത് സഹിക്കാനായില്ല. തൻറെ സുഹൃത്ത് തന്നെ വഞ്ചിച്ചിരിക്കുന്നു. നേരത്തെ ഒരു വിവാഹം കഴിച്ച, ഒരു കുട്ടിയുള്ള അയാൾ തന്റെ സഹോദരിയെ മയക്കിയെടുത്തിരിക്കുകയാണ്.പിന്നെ വൈകിയില്ല. അയാളും കൂട്ടുകാരും കൊലപാതകം ആസൂത്രണം ചെയ്തു. പിന്നെ തന്ത്രപൂർവ്വം റാസിയെ വിളിച്ചുവരുത്തി.
മൂന്ന് പേരും ചേർന്ന് മൃഗീയമായി ആ യുവാവിനെ കൊലപ്പെടുത്തി. മൃതദേഹംകാറിന്റെ ഡിക്കിയിലാക്കി അവർ ശ്മശാനത്തിൽ എത്തിയത് ഏതാണ്ട് രാത്രി 10 മണി ആയപ്പോഴാണ്. ആളൊഴിഞ്ഞ സ്ഥലത്തെ ശ്മശാനത്തിൽ ഒരു കുഴിയിൽ മൃതദേഹം ഇട്ട് നേരത്തെ വാങ്ങിയിരുന്ന കരിയും ചിരട്ടയുമൊക്കെ കൂട്ടിയിട്ട് അവർ കത്തിച്ചു. പെട്ടെന്നാണ് അതുവഴി ആരോ പോയതു പോലെ അവർക്ക് തോന്നിയത്. മനുഷ്യനാണോ അതോ പ്രേതമോ മറ്റോ ആണോ ?മൂവരും പിന്നെ അവിടെ അധിക സമയം നിന്നില്ല.
അവർ മൃതദേഹം പൂർണമായി കത്തിക്കാതെ പോയതിനാലാണ് കൈത്തണ്ടയിൽ മുത്ത് എന്ന് എഴുതിയിരിക്കുന്നത് കണ്ടെത്തിയതും മരിച്ചയാളെ തിരിച്ചറിഞ്ഞതും. എന്തായാലും സഹോദരിയുടെയും റാസിയുടെയും ഇഷ്ടം നടത്തിക്കൊടുക്കാതെ കൊല നടത്തിയ ബോധിശ്വരനും ജീവിതം പോയി. അയാളും ജയിലിലായി. എടുത്തുചാട്ടം കൊണ്ട് ആരും ഒന്നും നേടുന്നില്ല എന്ന് ഇനി എന്നാണ് ഇവർ മനസ്സിലാക്കുക …
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ