പുനലൂരിനെ നടുക്കിയ ഗുണ്ടയായിരുന്നു പോത്ത് റിയാസ് എന്ന റിയാസ്. ഇറച്ചിക്കച്ചവടക്കാരൻ. ഇറച്ചി വെട്ടും പോലെ മനുഷ്യരെ വെട്ടാൻ മടിയില്ലാത്തവൻ. റിയാസിനെ കാണുന്നതു പോലും പലർക്കും ഭയമായിരുന്നു.അങ്ങനെയിരിക്കെയാണ് ഒരു ദിവസം രാത്രി നാട്ടുകാർ ആ നടുക്കുന്ന വിവരം അറിഞ്ഞത്. റിയാസിനെ ആരോ വെട്ടിയും കുത്തിയും പരുക്കേൽപ്പിച്ചു. മാരകമായി മുറിവേറ്റ് ചോരയിൽക്കുളിച്ച് കിടക്കുകയാണ് റിയാസ്. എന്നാൽ എടുത്ത് ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ആരും തയ്യാറായില്ല. ഒടുവിൽ നല്ല മനസ് തോന്നി ഒരു ചെറുപ്പക്കാരൻ റിയാസിനെ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാളെടുത്തവൻ വാളാൽ എന്നു പറഞ്ഞതുപോലെയായി റിയാസിന്റെ അന്ത്യം.എന്നാൽ പ്രതിയെ പിടികൂടിയപ്പോൾ എല്ലാവരും വീണ്ടും ഞെട്ടി.റിയാസിന്റെ ബന്ധുവായ വക്കീൽ ഷിഹാബ് എന്ന ഷിഹാബാണ് കൊലപാതകി. പൊലീസ് പിടികൂടിയെങ്കിലും ഷിഹാബിന് യാതൊരു കുറ്റബോധവും ഇല്ലായിരുന്നു.തന്നെ കാണുമ്പോഴൊക്കെ റിയാസ് തല്ലുമായിരുന്നു. അടി കൊണ്ട് മടുത്തു. അതിലും ഭേദം ജയിലിൽ കിടക്കുന്നതാണ്… ഇതാണ് ഷിഹാബ് പറയുന്ന ന്യായം.
രണ്ടു പേരും ബന്ധുക്കളും ചെറുപ്പം മുതൽക്കെ ശത്രുക്കളുമാണ്. രണ്ട് പേർക്കും ഇറച്ചിക്കച്ചവടം. ഒരുത്തന് കച്ചവടം കൂടിയാൽ അടുത്തവന് കലിയിളകും. അങ്ങനെ ശത്രുത വർധിച്ചാണ് കൊലപാതകത്തിലെത്തിയത്. മറ്റൊരാളെന്ന വ്യാജേന വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയാണ് റിയാസിനെ ആക്രമിച്ചത്.ഇതിനിടയിലും നാട്ടുകാർക്ക് നൊമ്പരമാണ് ചങ്കുപൊട്ടിക്കരയുന്ന റിയാസിന്റെ ഉമ്മ. ഓരോ ഗുണ്ടകൾക്കും പാഠമായിരിക്കട്ടെ റിയാസിന്റെ ജീവിതം.
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ