നെയ്യാറ്റിൻകര സ്വദേശി തങ്കത്തിന്റെ മകൾ പ്രീതയുടെ ആദ്യ ഭർത്താവ് ഒരു അപകടത്തിലാണ് മരിച്ചത്. അവർക്ക് ഒരു മകനുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് റോബർട്ടിന്റെ വിവാഹാലോചന വന്നത്. പിന്നെ തങ്കം ഒന്നും നോക്കിയില്ല.
മകളെ അയാൾക്ക് കല്യാണം കഴിച്ചു കൊടുത്തു. ആദ്യം ഒന്നും വലിയ കുഴപ്പമില്ലായിരുന്നു. എന്നാൽ അധികം വൈകാതെ സ്ഥിതി ആകെ മാറി. പാവത്തിനെപ്പോലെ നടന്നിരുന്ന റോബർട്ട് അത്ര പാവമൊന്നുമല്ലെന്ന് എല്ലാവർക്കും മനസ്സിലായി. നിലവിൽ ഒരു പോക്സോ കേസിൽ അടക്കം അയാൾ പ്രതിയാണ്. സ്ഥിരമായി മദ്യപിക്കും. ജോലിക്ക് പോകാൻ ആകട്ടെ വലിയ മടിയുമാണ്. വല്ലപ്പോഴും ഒക്കെയാണ് ജോലിക്ക് പോവുക. പോയാലും തിരികെ വരുന്നത് മദ്യപിച്ച് കാലുറക്കാതെയാകും. വീട്ടിൽ നിരന്തരം വഴക്കായി. പണമില്ലാതെ വരുമ്പോൾ അമ്മായിയമ്മ തങ്കം തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടുന്ന കൂലി വേണമെന്നു പറഞ്ഞായി വഴക്ക്. മദ്യപിക്കാൻ പണം ചോദിച്ചുള്ള തർക്കങ്ങൾ വീട്ടിൽ പതിവായി. അങ്ങനെ ഒരു ദിവസം വഴക്ക് മൂത്തപ്പോൾ വൃദ്ധയായ അമ്മായിയമ്മയെ റോബർട്ട് തലയ്ക്കടിച്ചു കൊന്നു.
അയൽവാസികൾക്കടക്കം ഇപ്പോഴും അരും കൊലയുടെ നടുക്കം മാറിയിട്ടില്ല.
ഇയാൾ കുഴപ്പക്കാരൻ ആണെന്ന് അറിയാതെയാണ് ഇവർ മകളെ വിവാഹം കഴിച്ചു കൊടുത്തത്. അതാകട്ടെ അവരുടെ തന്നെ അന്ത്യത്തിന് വഴിയൊരുക്കി. വിവാഹം ആദ്യത്തെതായാലും രണ്ടാമതായാലും എല്ലാം ശരിക്കും ആലോചിച്ചു വേണമെന്ന് ഇതാണ് പഴമക്കാർ പറയുന്നത്.