അച്ഛനെ ഏതാനും മണിക്കൂറിനു മുമ്പ് ജീവനോടെ കണ്ട മകള്‍ പിന്നെ കാണുന്നത് അച്ഛന്റെ ജീവനില്ലാത്ത ശരീരം. ഗൃഹനാഥന്റെ മരണകാരണം തേടി നടക്കുകയാണ് ഇപ്പോള്‍ ഭാര്യയും ഏകമകളും.ഒരുമാസം മുമ്പ് മരിച്ച കൊട്ടാരക്കര ഓടനാവട്ടം രാജുവിന്റെ മരണം ദുരൂഹതകള്‍ നിറഞ്ഞതാണ്. അച്ഛന്റെ മരണത്തെക്കുറിച്ചു മകള്‍ അശ്വതി പറയുന്നത് കേള്‍ക്കു.
കഴിഞ്ഞ ഏപ്രില്‍ 25ന് കൊട്ടാരക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയതാണ് രാജു എന്ന അറുപതുകാരന്‍. എന്നാല്‍ അന്നു വൈകുന്നേരം പഞ്ചയത്തുമെമ്പറുടെ ഫോണ്‍വിളി വീട്ടുകാര്‍ക്കെത്തി. ‘രാജു വണ്ടിതട്ടി ഇതാ റോഡരുകില്‍ കിടക്കുന്നു’ എന്ന്. മകള്‍ അശ്വതി ഓട്ടോപിടിച്ച് അച്ഛന്റെ അരികിലെത്തി. ചെല്ലുമ്പോള്‍ രാജു വഴിയരികില്‍ കിടക്കുന്നതാണ് കാണുന്നത്. ശരീരത്തില്‍ പാടുകളൊന്നും കണ്ടില്ല. മകള്‍ അച്ഛനെ വിളിച്ചെങ്കിലും ‘പൊയ്‌ക്കൊള്ളൂ, ഞാന്‍ വന്നോളാം’ എന്നായിരുന്നു രാജുവിന്റെ മറുപടി. രാജു കിടന്നസ്ഥലത്തിനു ചുറ്റും ചവിട്ടിക്കുഴച്ച പാടുകളുണ്ടായിരുന്നു. മദ്യപിക്കുന്നയാളായിരുന്നു രാജു എങ്കിലും മദ്യപിച്ചു വഴിയില്‍ കിടക്കുന്ന സ്വഭാവമുള്ളയാളായിരുന്നില്ല. അന്നു രാജു മദ്യപിച്ചിരുന്നുമില്ലെന്നാണ് അശ്വതി പറയുന്നത്.
മകള്‍ വിളിക്കുന്നതിനിടെ ‘വെള്ളം തളിക്കരുതെന്നു പറഞ്ഞില്ലേടാ…”എന്നു പറഞ്ഞു കൈ തട്ടുന്നുണ്ടായിരുന്നു. അപ്പോള്‍ സമീപമുള്ള കടക്കാരന്‍ ‘അവന്‍മാരോടു ഞാന്‍ പറഞ്ഞതാ അയാളുടെ ദേഹത്തുവെള്ളമൊഴിക്കരുതെന്ന്’ എന്നു പറയുകയും ചെയ്തു. രാജു വീട്ടിലേക്കുവന്നുകൊള്ളാം എന്നു പറഞ്ഞതിന്റെ ഉറപ്പിലാണ് മകള്‍ വീട്ടിലേക്കു മടങ്ങിയത്. എന്നാല്‍ പുലര്‍ച്ചെ അഞ്ചരയോടെ വീട്ടുകാരെ തേടിയെത്തിയത് രാജുവിന്റെ മരണവാര്‍ത്തയാണ്. വലിയ കുഴപ്പമൊന്നുമില്ലാതെ കണ്ട അച്ഛന്‍ മരിച്ചതെങ്ങനെ എന്നു മകളും തന്റെ ഭര്‍ത്താവ് മരിച്ചതെങ്ങനെ എന്നു ഭാര്യയും ചോദിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അടിവയറ്റില്‍ പരുക്കേറ്റിട്ടുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്.
നാളുകളായി രാജുവിനെ പലരും ശല്യപ്പെടുത്തിയിരുന്നതായും പലപ്പോഴും പണം തട്ടിയെടുത്തിട്ടുണ്ടെന്നും ഭാര്യ പറഞ്ഞു. പലരില്‍നിന്നും രാജു ഭീഷണി േനരിട്ടിരുന്നതായും ഭാര്യ പറഞ്ഞു. എന്നാല്‍ രാജു മരിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് കാര്യമായ അമന്‍ഷണം നടത്തിയിട്ടില്ലെന്ന് രാജുവിന്റെ മകളും ഭാര്യയും പറയുന്നു. കെ.പി.എം.എസ്്. സംഘടനയില്‍ അംഗമായിട്ടുപോലും ആരും വിവരംപോലും അന്വേഷിച്ചിട്ടില്ലെന്നും
രാജുവിന്റെ ഭാര്യ പറഞ്ഞു. രാജുവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരിക്കുകയാണ് രാജുവിന്റെ ഭാര്യയും മകളും.
വീഡിയോ കാണുവാനായി യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യൂ