ലഹരി ഉപയോഗം ശീലമാക്കുന്ന യുവാക്കള്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും പേടിസ്വപ്‌നമാണെന്നത് സമകാലികസമൂഹത്തിന്റെ അനുഭവമാണ്. അത്തരത്തിലൊന്നാണ് കൊല്ലം പടപ്പക്കരയിലെ അംഭവം. മയക്കുമരിന്നിന് അടിമയായ അഖില്‍കുമാര്‍ എന്ന യുവാവ് ചെയ്ത ക്രൂരത സമാനതകളില്ലാത്തതാണ്.
സംഭവം ഇങ്ങനെയാണ്. -പുഷ്പലത എന്ന അമ്മയ്ക്കു രണ്ടു മക്കളാണ്. ഒരാണും ഒരു പെണ്ണും. അതില്‍ ആണ്‍കുട്ടിയാണ് അഖില്‍കുമാര്‍. കുട്ടികള്‍ ഓര്‍മ്മ വയ്ക്കുന്നതിനു മുമ്പേ ഭര്‍ത്താവ് പുുഷ്പലതയെ ഉപേക്ഷിച്ചു പോയി. പറക്കുമുറ്റാത്ത കുട്ടികളെ അച്ഛന്‍ ആന്റണിയുടെ സഹായത്തോടെയാണ് പുഷ്പലത വളര്‍ത്തിയത്. വളര്‍ന്നുവരുംതോറും അഖിലിന് വീട്ടുകാരോടും ബന്ധുക്കളോടും കടുത്ത വൈരാഗ്യവും വളര്‍ന്നുവരാന്‍ തുടങ്ങി. അച്ഛന്‍ ഉപേക്ഷിച്ചുപോകാന്‍ കാരണം അമ്മയാണെന്നായിരുന്നു അവന്റെ ആക്ഷേപം. എന്നും വീട്ടില്‍ ഇവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമായിരുന്നെങ്കിലും ഇവന്റെ എന്താഗ്രഹവും വീട്ടുകാര്‍ സാധിച്ചുകൊടുക്കുമായിരുന്നു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം അഖിലിന് ഇഷ്ടമുണ്ടായിരുന്നില്ല. അവന്റെ ആഗ്രഹമനുസരിച്ച് ഭക്ഷണം കടയില്‍നിന്നു വാങ്ങിയാണു നല്‍കയിരുന്നത്.
ഒരിക്കല്‍ അഖില്‍ കുറേ പണവുമായി നാടുവിട്ടു. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ കൈയിലെ പണം തീര്‍ന്നപ്പോള്‍ ആകെ തളര്‍ന്നു തിരികെയെത്തി. തിരികയെത്തിയപ്പോള്‍ അവന്‍ ലഹരിമരുന്നിന് അടിമയായിരുന്നു. പിന്നീടുള്ള ദിവസങ്ങള്‍ വീട്ടുകാര്‍ക്ക് അഖില്‍ ഒരു പേടിസ്വപ്‌നമായിരുന്നു. നിരന്തരം അവന്‍ പണം ആവശ്യപ്പെട്ടുകെണ്ടിരുന്നു. ലഹരിവസ്തുക്കള്‍ കിട്ടിയില്ലെങ്കില്‍ അവന്‍ അക്രമാസക്തനാകും. വീട്ടിലുള്ള വസ്തുക്കളൊക്കെ അവന്‍ അടിച്ചു തകര്‍ക്കും.
ഒരിക്കല്‍ അവന്‍ ഒരുലക്ഷം രൂപ അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ അവരുടെ കൈയില്‍ അത്രയ്ക്കു പണം ഉണ്ടായിരുന്നില്ല. അഖിലിന്റെ സ്വഭാവമറിയാവുന്നതിനാല്‍ വീടുവിറ്റിട്ടായാലും പണം നല്‍കാമെന്ന് അമ്മയും മുത്തച്ഛനും വാക്കുകൊടുത്തു. എന്നാല്‍ സമയത്ത് പണം കൊടുക്കാന്‍ കഴിഞ്ഞില്ല. ഒരുദിവസം അഖില്‍ ഇരവരേയും ക്രൂരമായി കൊലപ്പെടുത്തി. അമ്മയെ മുഖത്ത് തലയിണ അമര്‍ത്തിയും മുത്തച്ഛനെ ചുറ്റികകൊണ്ട് അടിച്ചുമാണ് വകവരുത്തിയത്. സഹോദരി കേരളത്തിനു വെളിയില്‍ പഠിക്കുകയായിരുന്നതിനാല്‍ രക്ഷപെട്ടു. പിന്നീട് നാടുവിട്ട അഖിലിനെക്കുറിച്ച് പോലീസിന് ഒരു അറിവുമില്ല. അഖിലിനായി രാജ്യം മുഴുവന്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ അവനെ പിടികൂടാനായിട്ടില്ല.
ലഹരി ഉപയോഗം എന്തുവിലകൊടുത്തും ചെറുപ്പത്തിലേ തന്നെ തടയാന്‍ മാതാപിതാക്കള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ ഇതുപോലുള്ള ദുരന്തമായിരിക്കും ഫലം