തിരുവനന്തപുരം നേമത്ത് വീട്ടിൽ പ്രസവത്തിന് ശ്രമിച്ച യുവതിയും ഗർഭസ്ഥശിശുവും മരിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. യുവതിയുടെ ഭർത്താവ് നയാസും
അക്യുപംക്ചർ ചികിത്സകനായ വെഞ്ഞാറമൂട് സ്വദേശിയും കേസിൽ അറസ്റ്റിലായി. നയാസിന്റെ ആദ്യ ഭാര്യ രണ്ടാം പ്രതിയാണ്. യഥാർത്ഥത്തിൽ എന്താണ് ഇവിടെ സംഭവിച്ചത്?
മരിച്ച ഷമീറയുടെ ആദ്യ മൂന്നു പ്രസവങ്ങളും സിസേറിയൻ ആയിരുന്നു. പിന്നീട് നോർമൽ പ്രസവം സാധ്യമാകില്ല എന്ന് അറിയാമായിരുന്നിട്ടും വീട്ടിൽ പ്രസവം നടത്താനാണ് നയാസ് ഭാര്യയെ നിർബന്ധിച്ചത്.
അക്യുപങ്ചർ ചികിത്സയാണ് അതിന് ഉപയോഗിക്കാൻ ശ്രമിച്ചത്. ഇവർക്കൊപ്പം ആദ്യഭാര്യയും ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും രസകരമായ കാര്യം. നയാസിന്റെ ആദ്യ ഭാര്യയും അവരുടെ കുട്ടികളും ഇതിനെല്ലാം ഒത്താശ ചെയ്ത് കൂടെ ഉണ്ടായിരുന്നു. ആദ്യ ബന്ധത്തിലെ മകൾ അക്യുപങ്ചർ ചികിത്സ പഠിക്കുന്നുണ്ടായിരുന്നു. ആ പെൺകുട്ടിക്ക് പ്രസവം എടുക്കുന്നത് പഠിക്കാൻ കൂടിയുള്ള ഒരു അവസരമായാണ് അവർ ഇതിനെ കണ്ടത്. എന്തായാലും അത് യുവതിയുടെയും കുഞ്ഞിന്റെയും ജീവൻ നഷ്ടപ്പെടുന്നതിൽ കലാശിച്ചു. ഇവിടെ ചിന്തിക്കേണ്ട മറ്റൊരു കാര്യം നയാസിന്റെ രണ്ടാം വിവാഹത്തിന് എല്ലാ ഒത്താശയും ചെയ്തത് ആദ്യ ഭാര്യ ആണെന്നതാണ്. പൂന്തുറ സ്വദേശിയായ നയാസ് പാലക്കാട് നിന്നാണ് രണ്ടാമത് വിവാഹം കഴിച്ചത്. അവർക്ക് നേമത്ത് വാടക വീട് എടുത്തുകൊടുത്തത് വരെ ആദ്യ ഭാര്യ ആയിരുന്നു എന്ന് സംവവാസികൾ പറയുന്നു. അയൽപക്കക്കാരുമായി യാതൊരു ബന്ധവും ഇവർക്ക് ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ ചികിത്സ തേടണമെന്ന് ഷമീറക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും നയാസും അയാളുടെ ആദ്യ ഭാര്യയും അതിന് അനുവദിച്ചില്ല. അശാസ്ത്രീയമായ ചികിത്സാരീതി ഉപയോഗിച്ച് ആ യുവതിയുടെയും കുഞ്ഞിൻ്റെയും ജീവൻ നഷ്ടപ്പെടുത്തുകയാണ് അവർ ചെയ്തത്. ബോധപൂർവ്വം അവർ ആ യുവതിയുടെ ജീവനെടുക്കുകയായിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.