ആറ്റിങ്ങൽ അഞ്ചുതെങ്ങ് മാമ്പള്ളി കടപ്പുറത്ത് ഒരു ദിവസം നേരം പുലർന്നത് വലിയൊരു സംഭവം കേട്ടു കൊണ്ടാണ്. ഒരു ചോര കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കിടക്കുന്നു. സമീപവാസികളും ചില കുട്ടികളും ഒക്കെയാണ് ആദ്യം അത് കണ്ടത്. നവജാത ശിശുവിൻറെ മൃതദേഹം ആണെന്ന് വ്യക്തം. ഏതാനും ദിവസം പഴക്കം തോന്നിക്കും. അതിൻറെ കയ്യും കാലും ഒക്കെ നായ്ക്കൾ കടിച്ചുപറിച്ച് മാറ്റിയ നിലയിലാണ്. എല്ലാവരും ചോദ്യചിഹ്നം ഉയർത്തി. ഇനി കടലിൽനിന്നെങ്ങാനും അടിഞ്ഞു കയറി വന്നതാണോ? അതോ ആരെങ്കിലും തീരവാസികൾ ഉപേക്ഷിച്ചതാണോ? ആർക്കും ഒരു എത്തും പിടിയും ഇല്ല. പോലീസ് വന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പരിശോധനയ്ക്കായി എടുത്തുകൊണ്ടുപോയി. ആ കുഞ്ഞു ജനിച്ചിട്ട് അധിക ദിവസം ആയിട്ടില്ല. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞതേയുള്ളൂ. അതുകൊണ്ടുതന്നെ അത് ആ പ്രദേശത്തുള്ളവരുടെ തന്നെ കുഞ്ഞാണെന്ന് പോലീസ് ഉറപ്പിച്ചു. ഒടുവിൽ സമീപവാസികളായ സ്ത്രീകളെയെല്ലാം വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കാനും തീരുമാനിച്ചു. അപ്പോഴാണ് ചിലർ വേറെ ചില സംശയവും പറഞ്ഞത്. ഒരു സ്ത്രീ രാത്രി ഒറ്റയ്ക്ക് ലൈറ്റുമായി കടപ്പുറത്ത് ആ ഭാഗങ്ങളിൽ പരിശോധന നടത്തുന്നത് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടിരുന്നു. പോലീസ് അന്വേഷിച്ചപ്പോൾ അത് ജൂലിയാണ്. ഭർത്താവ് സൈമൺ 12 വർഷങ്ങൾക്കു മുമ്പ് മരിച്ച ജൂലി അച്ഛനും അമ്മയ്ക്കും 13 വയസ്സുള്ള മകനും ഒപ്പമാണ് താമസം. വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ ആ കുഞ്ഞിൻറെ അമ്മ ജൂലി തന്നെയെന്ന് പോലീസ് ഉറപ്പിച്ചു. ജൂലിക്ക് പിന്നെ പിടിച്ചുനിൽക്കാനായില്ല.
പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ ഉള്ള സത്യങ്ങൾ പറഞ്ഞു. ഭർത്താവ് മരിച്ച ജൂലി കൃഷ്ണൻകുട്ടി എന്ന ആളുമായി അടുപ്പത്തിലായിരുന്നു. കൃഷ്ണൻകുട്ടിയുടെ ലക്ഷ്യം ജൂലിയുടെ ശരീരം മാത്രമായിരുന്നു. അവൾക്ക് പക്ഷേ അത് ആദ്യം മനസ്സിലായില്ല.
ഗർഭിണിയായപ്പോൾ വിവാഹം കഴിക്കാൻ ജൂലി നിർബന്ധിച്ചു എങ്കിലും കൃഷ്ണൻകുട്ടി സ്ഥലംവിട്ടു. പിന്നെ അവൾക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അബോർഷൻ ചെയ്യേണ്ട സമയമൊക്കെ കഴിഞ്ഞുപോയി. വസ്ത്രം രീതി മാറ്റിയും മറ്റും വയർ മറച്ച് അവർ കടപ്പുറത്ത് നടന്നു. ഒടുവിൽ ഒരു ദിവസം പെട്ടെന്ന് പ്രസവവേദന ഉണ്ടായി. രാത്രി വീട്ടിൽ ആരും അറിയാതെ ജൂലി പ്രസവിച്ചു.കത്രിക കൊണ്ട് പൊക്കിൾകൊടി അറുത്തു
മാറ്റി. കുഞ്ഞു കരഞ്ഞതും അവൾ ഞെട്ടി കുഞ്ഞിന്റെ മുഖവും മൂക്കും പൊക്കിപ്പിടിച്ചു. അച്ഛനോ അമ്മയോ അയൽവാസികളോ ആരെങ്കിലും ആ കരച്ചിൽ കേട്ടാൽ പിന്നെ തലയുയർത്തി ജീവിക്കാൻ പറ്റില്ല.
ശ്വാസംമുട്ടി മരിച്ച കുഞ്ഞിന്റെ മൃതദേഹവും ഒരു തൂമ്പായുമായി ജൂലി വീടിൻറെ പിന്നാമ്പുറത്തിറങ്ങി. ടോയ്‌ലറ്റിന് അല്പം അകലെ അവൾ ഒരു കുഴി കുഴിച്ചു. പ്രസവം കഴിഞ്ഞ് അധികം വൈകാത്ത സമയമായതിനാൽ ജൂലിക്ക് വലിയ കുഴിയൊന്നും കുഴിക്കാൻ കഴിയുമായിരുന്നില്ല. കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്ത അവൾ വീട്ടിലെ മുറിയിലെത്തി രക്തക്കറയെല്ലാം കഴുകി വൃത്തിയാക്കി. അടുത്ത ദിവസം രാത്രിയും അവൾ ലൈറ്റുമായി അവിടെ പോയി പരിശോധിച്ചു. എന്തെങ്കിലും കുഴപ്പമുണ്ടോ ? ആശ്വാസം ഒരു കുഴപ്പവുമില്ല. പക്ഷേ അതിനടുത്ത ദിവസം ജൂലി പരിശോധനയ്ക്ക് എത്തിയപ്പോൾ ഞെട്ടിപ്പോയി. കുഴിയിൽ കുഞ്ഞിന്റെ മൃതദേഹം കാണുന്നില്ല. അത് നായ്ക്കൾ കടിച്ചു വലിച്ചു കൊണ്ടു പോയിരിക്കുന്നു. അങ്ങനെയാണ് ആ സത്യം പുറംലോകം അറിഞ്ഞത്. അല്ലെങ്കിൽ ആരും അറിയാതെ ആ കുഞ്ഞു ജീവൻ കടപ്പുറത്ത് മണലിനടിയിൽ അന്ത്യനിദ്രയിൽ ആയിരുന്നേനെ. എന്തായാലും വഴിവിട്ട ജീവിതം നയിക്കുന്നവർക്കൊക്കെ ഇത് ഒരു പാഠം ആയിരിക്കട്ടെ. തെറ്റുകൾ മൂടിവയ്ക്കാൻ എത്ര ശ്രമിച്ചാലും സത്യം ഒരിക്കൽ പുറത്തുവരിക തന്നെ ചെയ്യും