നായ്ക്കളും പൂച്ചകളും ഓമനപക്ഷികളും ഒക്കെ ബഹുഭൂരിപക്ഷം പേർക്കും പ്രിയങ്കരമാണ്. പെറ്റ് ലോകത്തിനായി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഗ്രൂമിങ് സെന്ററുകള്‍, ഡേ കെയറുകള്‍, ബോര്‍ഡിങ്ങുകള്‍ തുടങ്ങിയവ കേരളത്തിലും സജീവമായിട്ടുണ്ട്. പട്ടിവില്‍പ്പന നടത്തിയിരുന്ന കെന്നലുകള്‍ വെല്‍നെസ് കേന്ദ്രങ്ങളായി പരിണമിച്ചു. നായ്ക്കള്‍ക്ക് ബ്രീഡിങ്, കുട്ടികളുടെ വില്‍പ്പന തുടങ്ങിയ സൗകര്യങ്ങള്‍ക്കൊപ്പം പരിശീലനം നല്‍കാനും ഹോംസ്റ്റേ ആയി പ്രവര്‍ത്തിക്കാനുമൊക്കെ അവ തയ്യാറാണ്. വീട്ടുകാർ ദൂരെയാകുന്ന അവസരങ്ങളില്‍പോലും കുടുംബത്തിന്റെ അന്തരീക്ഷം നല്‍കുന്നവയാണ് ഇത്തരം ഹോം സ്റ്റേ സൗകര്യങ്ങള്‍.
റെഡിമെയ്ഡ് കൂടുകള്‍ക്ക് ഇന്ന് വിപണിയില്‍ ആവശ്യക്കാരേറെയാണ്. ബീഗിള്‍, ഷിറ്റ്സൂ, മാള്‍ട്ടീസ് തുടങ്ങിയ ന്യൂജനറേഷന്‍ കുഞ്ഞന്‍ നായ്ക്കള്‍ ഫ്ളാറ്റുകളില്‍ സ്ഥാനം നേടിയതോടെ അവര്‍ക്കിണങ്ങുന്ന കൂടുകള്‍ തേടി ഉടമകളെത്തുന്നു. മൂന്ന് അടി മുതല്‍ അഞ്ച് അടിവരെ ഇനത്തിനനുസരിച്ച് നീളമുള്ള കൂടുകളുടെ വില രണ്ടായിരത്തില്‍ തുടങ്ങി ഗുണമേന്മയനുസരിച്ച് പതിനയ്യായിരം വരെ വരുന്നു. യാത്രയില്‍ കൊണ്ടുപോകാന്‍ പറ്റുന്ന അഴിച്ചു മാറ്റാനും കൂട്ടിപ്പിടിപ്പിക്കാനും കഴിയുന്ന കൂടുകളുണ്ട്.
കൂട്ടിനുള്ളിലോ പുറത്തോ ഉപയോഗിക്കാവുന്ന കിടക്കകളും പുതപ്പുകളുമാണ് നായ്ക്കള്‍ക്കായി പെറ്റ് വിപണി അടുത്തതായി ഒരുക്കിയിരിക്കുന്നത്. കൂടാതെ പ്രത്യേക ഫര്‍ണീച്ചറുകളും ആവശ്യമെങ്കില്‍ ലഭ്യം. കിടക്ക സ്വന്തമായി ലഭിക്കുന്നത് നായ്ക്കള്‍ക്ക് ഏറെ സുരക്ഷിതബോധം നല്‍കുന്നു. പരന്ന ആകൃതിയിലും വട്ടത്തിലുമുള്ള കിടക്കകള്‍ക്കും തലയിണകള്‍ക്കും 600 രൂപമുതല്‍ 14000 രൂപവരെ വിലയുണ്ട്.
അരുമകളുടെ ഭക്ഷണവും അനുബന്ധ സാമഗ്രികളുമാണ് ഏറ്റവും വളര്‍ച്ചയും ഡിമാന്റുമുള്ള മേഖല. തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും പ്രത്യേകമായി തന്നെ ഷോപ്പുകളില്‍ ലഭ്യമാണ്. നായയുടെ സൗകര്യമനുസരിച്ച് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാവുന്ന സ്റ്റാന്റില്‍ ഉറപ്പിച്ച തീറ്റപ്പാത്രങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. ഓരോ നായയ്ക്കും സ്വന്തമായൊരു പാത്രം വേണമെന്ന് നിര്‍ബന്ധം. കുട്ടികള്‍ക്കായി പ്രത്യേക പാത്രങ്ങളുണ്ട്.
വീട്ടിലും വീടിനു പുറത്തും പോകുന്ന സ്ഥലങ്ങളിലും പരിശീലന സമയത്തുമൊക്കെ നായ്ക്കളെ നിയന്ത്രിക്കാനുള്ള ഉപകരണങ്ങളുടെ വലിയ വൈവിധ്യമാര്‍ന്ന ശേഖരണമാണ് വിപണിയിലുള്ളത്. കോളറുകള്‍, ലീഷുകള്‍, ചോക്ക് ചെയിനുകള്‍, ചോക്ക് കോളറുകള്‍, ഹാര്‍നസുകള്‍, ഹാള്‍ട്ടറുകള്‍, മസ്സിലുകള്‍, ബോഡി ബെല്‍റ്റുകള്‍, തിരിച്ചറിയല്‍ ടാഗുകള്‍ തുടങ്ങി നിരവധി നിയന്ത്രണ ഉപാധികള്‍. കോപ്പര്‍, നൈലോണ്‍, സ്റ്റീല്‍ തുടങ്ങിയവകൊണ്ട് നിര്‍മിച്ച ഇവയ്ക്ക് ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ 45 രൂപ മുതല്‍ 1200 രൂപവരെ വിലയുണ്ട്.
പെറ്റ് വിപണിയിലെ ഏറ്റവും ജനപ്രിയ സാമഗ്രികളിലൊന്ന് ഓമന മൃഗങ്ങള്‍ക്കുള്ള കളിപ്പാട്ടങ്ങളാണ്. ഇത് അവരുടെ കളി സമയം കൂടുതല്‍ സന്തോഷപ്രദമാക്കുന്നു. നായ്ക്കളെ ഉത്സാഹഭരിതരാക്കാനും ഊര്‍ജസ്വലരാക്കാനും കളിപ്പാട്ടങ്ങള്‍ സഹായിക്കുന്നു. നാടന്‍ മുതല്‍ ഇറക്കുമതി ചെയ്യപ്പെടുന്ന വിലയേറിയ കളിപ്പാട്ടങ്ങള്‍വരെ വിപണിയിലുണ്ട്. 60 രൂപ മുതല്‍ 3000 രൂപവരെയാണ് വില. വളർത്തു മൃഗങ്ങൾക്കായി വസ്ത്രങ്ങള്‍, ടി ഷര്‍ട്ടുകള്‍, കുട്ടിക്കുപ്പായങ്ങള്‍, സോക്സ്, ഷൂസുകള്‍ എന്നിവയുമുണ്ട്. പല വലിപ്പത്തിലും നിറത്തിലുമുള്ള ഇവ അണിഞ്ഞാണ് ഉടമയോടൊപ്പം പല നായ്ക്കളും പൊതുപരിപാടിയില്‍ പങ്കെടുക്കാറുള്ളത്.
ഓരോ നായ ജനുസ്സിന്റെയും രോമാവരണത്തിന്റെ പ്രത്യേകതയനുസരിച്ച് അവര്‍ക്ക് കൃത്യമായി ഗ്രൂമിങ് നല്‍കേണ്ടിവരും. ഓരോ രോമാവരണത്തിനും അനുയോജ്യമായ ഗ്രൂമിങ് സംരക്ഷണം നല്‍കാനുള്ള ഗ്രൂമിങ് ഉപകരണങ്ങളുടെ ശേഖരണമാണ് പെറ്റ് ഷോപ്പുകളിലെ വലിയൊരു ഭാഗം കയ്യടക്കിയിരിക്കുന്നത്. നീളം കൂടിയ, നീളം കുറഞ്ഞ, തീരെ രോമം കുറഞ്ഞ ഇനങ്ങള്‍ക്കൊക്കെ പ്രത്യേക ബ്രഷുകളും ചീപ്പുകളും ആവശ്യമാണ്.70 രൂപ മുതല്‍ 2500 രൂപവരെ വിലയുള്ളവയുണ്ട്. ചീപ്പുകള്‍ മാത്രം പതിനാറോളം ഇനത്തില്‍ വരും.
സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഷാമ്പു, സോപ്പ്, ബ്രഷ്, പേസ്റ്റ്, ബാത്ത് ടവ്വല്‍, ഡി ഓഡറന്റുകള്‍, പൗഡറുകള്‍, കാത്സ്യം, വിറ്റാമിന്‍ സപ്ലിമെന്റുകള്‍, കൂട് കഴുകുന്ന ലായനികള്‍, മണം മാറ്റാനുള്ള മരുന്നുകള്‍ തുടങ്ങി അഴക് കൂട്ടാനും ചര്‍മ്മ, രോമഭംഗി കൂട്ടാനും ആരോഗ്യ സംരക്ഷണ സപ്ലിമെന്റുകളും എണ്ണിയാലൊടുങ്ങാത്ത ഇനങ്ങളിലാണ് പെറ്റ് ഷോപ്പുകളില്‍ നാടനായും വിദേശിയായും തിളങ്ങുന്നത്. 120 മുതല്‍ 1200 രൂപവരെ വിലവരുന്ന ഐറ്റങ്ങള്‍. വായ്നാറ്റം അകറ്റാന്‍ ഓറല്‍ കെയര്‍ ലിക്വിഡുകള്‍, മുഖവും കണ്ണും ചെവിയും തുടയ്ക്കാന്‍ വൈപ്പുകള്‍, കറയും ദുര്‍ഗന്ധവും മാറ്റുന്ന മരുന്നുകള്‍, അനാവശ്യ ചവച്ചരയ്ക്കുന്ന സ്വഭാവം മാറ്റുന്ന മരുന്നുകള്‍ തുടങ്ങി നിരവധി പ്രത്യേക മരുന്നുകള്‍ അടങ്ങിയവയും അല്ലാത്തതുമായ ഷാംപു വിപണിയിലുണ്ട്. താരന്‍, ചെള്ള്, എന്നിവയകറ്റുന്നതും മരുന്നുകള്‍ ഇല്ലാത്ത സാധാരണ ഇനവുമുണ്ട്.
വിപണിയില്‍ വില്‍പ്പനയില്‍ മുന്‍പില്‍ നില്‍ക്കുന്നത് ഓമനമൃഗങ്ങള്‍ക്കുള്ള റെഡിമെയ്ഡ് ഫുഡുകളാണ്. നിരവധി വരുന്ന നാടന്‍ വിദേശ കമ്പനികള്‍ ആകര്‍ഷകമായ പാക്കുകളിലും വൈവിധ്യത്തിലും ഇറക്കുന്നവ ഇവയെ ജലാംശം കുറഞ്ഞ ഡ്രൈ ഫുഡ് ഇനത്തില്‍പ്പെടുത്താം.
പെറ്റ് സ്നാക്കുകളും ട്രീറ്റുകളും മൃഗ പരിപാലനത്തിലെ ഏറ്റവും പ്രധാന ഭാഗമാണ്. കളിസമയത്ത് നല്ല പെരുമാറ്റത്തിനും പരിശീലന സമയത്ത് നല്ല അനുസരണത്തിനുമുള്ള പ്രത്യേക സമ്മാനങ്ങള്‍. ജന്തുജന്യ ഉപോത്പന്നങ്ങളാണ് മിക്ക ട്രീറ്റുകളും സ്നാക്കുകളും ഒപ്പം ബിസ്‌ക്കറ്റുകളും ച്യൂ സ്റ്റിക്ക്, ച്യൂ ബോണ്‍, ലിവര്‍ സ്റ്റിക്, ഗ്രേവി ബോണ്‍ ഐറ്റംസ്, ഓറല്‍ സ്റ്റിക്ക്, ബീഫ്, ലാംബ്, ലിവര്‍, ചിക്കന്‍സ്ട്രിപ്സ് തുടങ്ങിയവ. നിരവധി രുചികളിലും രൂപങ്ങളിലും ആകൃതിയിലും ഇവ ലഭിക്കുന്നു. ഡെന്റല്‍ ച്യൂ പോലുള്ളവ മോണയുടെയും വായുടെയും ആരോഗ്യം കാക്കുന്നു. ഓറല്‍ സ്റ്റിക്ക്സ് പല്ല് തേക്കാന്‍ മടിയന്‍മാരുടെ പല്ല് വൃത്തിയാക്കുന്നു. മറ്റുള്ള സ്നാക്കുകള്‍ ഒഴിവുസമയ വിരസത അകറ്റുകയും ചെയ്യുന്നു. 80 രൂപ മുതല്‍ 600 രൂപവരെ വില വ്യത്യാസം ഇനങ്ങള്‍ക്കുണ്ട്.
ഫോറിന്‍ ഇനം പൂച്ചകളും പക്ഷികളും എണ്ണത്തില്‍ കൂടിയതോടെ നായ്ക്കള്‍ക്കുള്ള എല്ലാ സാമഗ്രികളും ഇവയ്ക്കും ലഭ്യമാണ്.