അഭിനേതാവായും ഡബ്ബിങ് ആർട്ടിസ്റ്റായും ഒക്കെ മലയാളികൾക്ക് സുപരിചിതനാണ് പ്രൊഫ. എം എ അലിയാർ. പതിറ്റാണ്ടുകൾ നീണ്ട
സിനിമാ പ്രവർത്തന രംഗത്തെ ചില അനുഭവങ്ങൾ തുറന്നു പറയുകയാണ് അദ്ദേഹം. മലയാളത്തിലെ പല പ്രമുഖ ചലച്ചിത്രകാരൻമാരുമായും അടുത്ത ബന്ധമാണ് അലിയാർക്ക് ഉള്ളത്. കൂടുതലും അദ്ദേഹം അഭിനയിച്ചിട്ടുള്ളത് ചെറിയ വേഷങ്ങളിലാണ്. വേഷം ചെറുതായാലും വലുതായാലും അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം എന്ന് അലിയാർ പറയുന്നു.
ലാൽസലാം എന്ന സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ആലപ്പുഴ റെയ്ബാൻ ഹോട്ടലിൽ ആയിരുന്നു താമസസൗകര്യം. അവിടെ എത്തി മുറി ചോദിച്ചപ്പോൾ റിസപ്ഷനിൽ ഉണ്ടായിരുന്ന ആൾ താക്കോൽ എടുത്തു തന്നിട്ട് പറഞ്ഞത് നടൻ മുരളിയുടെ മുറിയാണ്, അവിടേക്ക് ചെല്ലാനാണ്. മുരളി അപ്പോൾ അറിയപ്പെടുന്ന നടനായിരുന്നു. അത് പറ്റില്ല എന്നു പറഞ്ഞപ്പോൾ, മുരളി അങ്ങനെ പറഞ്ഞിട്ടാണ് പോയത് എന്ന് ഹോട്ടൽ ജീവനക്കാരൻ അറിയിച്ചു. മുരളിയുമായി അത്ര അടുത്ത സൗഹൃദമാണ് അലിയാർക്ക് ഉണ്ടായിരുന്നത്. അതേ സിനിമയിൽ മോഹൻലാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു രംഗമുണ്ട്. അഭിനയിച്ചു കഴിഞ്ഞപ്പോൾ നന്നായിരുന്നു സർ എന്നു പറഞ്ഞ് മോഹൻലാൽ അഭിനന്ദിച്ച കാര്യവും അലിയാർ ഓർക്കുന്നു. ലേലം സിനിമയിലെ വേഷവും ചെറുതായിരുന്നെങ്കിലും അവിസ്മരണീയമാണ്.
അതിൽ പുതിയജില്ലാ കലക്ടർ ചാർജ് എടുക്കാൻ വരുമ്പോൾ പരാതി പറയാൻ എത്തുന്നവരെ യൂണിയൻ നേതാവ് പിടിച്ചു തള്ളുന്ന രംഗമുണ്ട്.
നന്നായിത്തന്നെ തള്ളാനാണ് സംവിധായകൻ ജോഷി പറഞ്ഞത്. അങ്ങനെ പരുഷമായി പിടിച്ചു തള്ളിയപ്പോൾ കോഴിക്കോട് ശാരദ എന്നൊരു നടി തെറിച്ചു പോയി മറിഞ്ഞുവീണു. ഷോട്ട് കഴിഞ്ഞ ഉടൻ എന്താണ് നിങ്ങൾ കാണിച്ചത് എന്ന് ചോദിച്ച് അവർ പരാതിയുമായി എത്തി. പക്ഷേ സംവിധായകൻ ജോഷി പറഞ്ഞത് ആ രംഗം നന്നായിരുന്നു, നന്നായി അഭിനയിച്ചു എന്നാണ്.മതിലുകളിലും കൗരവരിലും മമ്മൂട്ടിക്കൊപ്പം എം എ അലിയാർ അഭിനയിച്ചു.ഒരിടത്ത് ജയിലിലേക്ക് കയറ്റി വിടുന്ന രംഗമായിരുന്നെങ്കിൽ മറ്റൊരിടത്ത് വാതിൽ തുറന്ന് ഇറക്കിവിടുന്ന വേഷമായിരുന്നു.വലിയ റോൾ, ചെറിയ റോൾ എന്നിങ്ങനെ ഒന്നില്ല, വലിയ നടനും ചെറിയ നടനുമേയുള്ളൂ …മറ്റൊരു സംവിധായകൻറെ വാക്കുകൾ കടമെടുത്ത് എം എ അലിയാർ പറയുമ്പോൾ അത് പുതുതലമുറയിലെ അഭിനേതാക്കൾക്ക് എല്ലാം ഒരു പാഠമാണ്.
വീഡിയോ കാണാനായി യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യൂ