നെടുമങ്ങാട് രമണി. ആരെ കാണാതായാലും രമണി ചേച്ചി ദിവ്യ സിദ്ധിയിലൂടെ കണ്ടുപിടിക്കും. രാവിലെ പത്രം ഒക്കെ അരിച്ചുപെറുക്കി വായിക്കും. മിസിംഗ് കേസുകൾ ഉണ്ടോ എന്ന് നോക്കും. പിന്നെ അവരുടെ ബന്ധുക്കളെ തപ്പിപ്പിടിച്ച് പ്രവചനമായി. പയ്യൻ തമിഴ്നാട്ടിലെ ഗ്രാമത്തിലൂടെ നടന്നു പോകുന്നു എന്നും മറ്റയാൾ അവിടെ നിൽക്കുന്നു എന്നുമൊക്കെ തട്ടിവിടും. ചിലതൊക്കെ ഫലിക്കും. അങ്ങനെയിരിക്കുമ്പോഴാണ് പത്തനംതിട്ട കുമ്പളത്താമണ്ണിൽ നിന്ന് സംഗീത് എന്ന യുവാവിനെ കാണാതായ കാര്യം രമണി ചേച്ചി പത്രത്തിൽ കണ്ടത്. ഒരു കോളു കിട്ടിയ സന്തോഷത്തോടെ അവിടുത്തെ ഒരു പൗരപ്രമുഖന്റെ ഫോൺ നമ്പർ തപ്പിയെടുത്തു. വിളിച്ച് അന്വേഷിച്ചു.
താൻ പ്രശ്നം വച്ച് നോക്കിയപ്പോൾ സംഗീത് ജീവനോടെയുണ്ട്, കുഴപ്പമൊന്നുമില്ല …
രമണി ചേച്ചി തട്ടിവിട്ടു. കഴിഞ്ഞ ആറ് ദിവസങ്ങളായി സംഗീതിന് വേണ്ടി തോട്ടപ്പള്ളി പൊഴി വരെ തപ്പി എങ്കിലും കിട്ടിയിരുന്നില്ല. രമണി ചേച്ചിയുടെ പ്രവചനം വന്നതോടെ നാട്ടുകാരും വീട്ടുകാരും ഒക്കെ കുറച്ച് ആശ്വാസത്തിലായി. ചെറുക്കൻ ജീവനോടെയുണ്ട്. ഇനിയിപ്പോൾ അധികം തിരയേണ്ട കാര്യം ഉണ്ടാവില്ല. അങ്ങനെ വിശ്വസിച്ചിരുന്നപ്പോഴാണ് എല്ലാവരെയും ഞെട്ടിക്കുന്ന ആ വാർത്ത എത്തിയത്.
സംഗീതിന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തിയിരിക്കുന്നു. പോലീസ് മൃതദേഹം എടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു. സംഗീതിന് എന്താണ് പറ്റിയത്. കാണാതാകുന്നതിന്റെ അന്ന് സുഹൃത്ത് പ്രദീപിനൊപ്പം ആയിരുന്നു സംഗീത്. പ്രദീപിന്റെ വീട്ടിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വച്ചിട്ട് ഇരുവരും ഓട്ടോറിക്ഷയിൽ സമീപത്തെ കടയിൽ പോയി. പ്രദീപ് സാധനം വാങ്ങുമ്പോൾ ഓട്ടോയിൽ ഇരിക്കുകയായിരുന്നു സംഗീത്.
എന്തോ തോട്ടിൽ വീണ ശബ്ദം കേട്ടതായി കടക്കാരൻ അടക്കം പറയുന്നുണ്ട്.
പോലീസ് പറയുന്നത് അന്ന് നല്ല മഴയും ഒഴുക്കും ഉണ്ടായിരുന്നു, സംഗീത് തോട്ടിൽ വീണു പാറക്കെട്ടുകളിൽ അടിച്ച് ഒഴുകിപ്പോയി എന്നാണ്. അങ്ങനെയാണ് ശരീരത്തിൽ പരിക്കുകൾ ഉണ്ടായത്. എന്നാൽ ഇതൊരു കൊലപാതകം ആണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് സംഗീതിന്റെ വീട്ടുകാർ. പ്രദീപിന് എല്ലാം അറിയാമെന്നും യുവാവിനെ കൊന്ന് തോട്ടിൽ തള്ളിയതാണെന്നും ഇവർ വിശ്വസിക്കുന്നു. അവരുടേതായ പല ന്യായങ്ങളും അവർ നിരത്തുന്നുണ്ട്.
തന്നെ പ്രതിയാക്കാൻ ചിലർ കള്ളത്തരങ്ങൾ മെനയുകയാണെന്നാണ് പ്രദീപ് പറയുന്നത്. എന്തായാലും സംഗീതിന്റെ മരണം പോലീസ് അന്വേഷിക്കട്ടെ. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കണ്ടെത്തട്ടെ.
ഇവിടെ മറ്റൊരു വിഷയം കൂടി പറയാനുണ്ട്. എങ്ങാനും സംഗീത് ജീവിച്ചിരുന്നെങ്കിൽ രമണി ചേച്ചി ഇപ്പോൾ അതും വച്ച് പത്തുപേരെ കൂടി പിടിക്കുമായിരുന്നു. ഇങ്ങനെയാണ് ആൾദൈവങ്ങൾ ഉണ്ടാകുന്നത്. പൊട്ടക്കണ്ണന്റെ മാവേലേറ് പോലെ എന്തെങ്കിലും ശരിയായാൽ അതുവച്ച് പിന്നെ കച്ചവടം കൂട്ടുക. ഇത്തരം രമണിമാരെ സമൂഹത്തിൽനിന്ന് മുളയിലെ നുള്ളണം ..