സിനിമാ രംഗത്തെ പ്രശസ്ത കോസ്റ്റ്യൂമർ ആണ് നാഗരാജ്.
കാലം മാറിയപ്പോൾ സിനിമയിലെ വേഷവിധാനങ്ങളും മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. പണ്ട് കോസ്റ്റ്യൂമർ എടുത്തുകൊടുക്കുന്ന വസ്ത്രങ്ങൾ ആയിരുന്നു അഭിനേതാക്കൾ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് അങ്ങനെ പറ്റില്ല. പുതിയ അഭിനേതാക്കളിൽ പലർക്കും ബ്രാൻഡഡ് ഡ്രസ്സുകൾ നിർബന്ധമാണ്. അത് അല്ലെങ്കിൽ അവർ എന്തെങ്കിലും കാരണം പറഞ്ഞ് നിഷേധിക്കും. നിർമ്മാതാക്കൾക്ക് ഈയിനത്തിൽ നല്ല തുക ചെലവാകുന്നുണ്ട്. പക്ഷേ അവർക്ക് കുഴപ്പമില്ലാത്തതിനാൽ തന്നെ ഇപ്പോൾ എല്ലാവരും അത്തരം വസ്ത്രങ്ങളാണ് എടുത്ത് കൊടുക്കുന്നത്. അങ്ങനെയല്ലെങ്കിൽ തനിക്ക് പകരം മറ്റാരെയെങ്കിലും അവർ സെലക്ട് ചെയ്യും. അതാണ് ഇപ്പോഴത്തെ അവസ്ഥ. കനൽ കാറ്റ് എന്ന സിനിമയിൽ മമ്മൂട്ടിക്ക് വിവാഹ വേളയിൽ ധരിക്കാനായി ശരിയാക്കിയിരുന്നത് വെള്ള ഷർട്ടാണ്. എന്നാൽ സംവിധായകൻ ക്രീം കളർ വേണമെന്ന് അവസാന നിമിഷം പറഞ്ഞു. രാവിലെ ഷൂട്ടിംഗ് ഉള്ളതാണ്. അതിരാവിലെ താൻ എറണാകുളത്തെ എല്ലാ കടകളും കയറിയിറങ്ങി. കടകളൊന്നും തുറന്നിട്ടില്ല. ഒടുവിൽ ഷൂട്ടിംഗ് വൈകരുതല്ലോ എന്ന് വിചാരിച്ച് ഒരു കടയിൽ കയറി ബ്രാൻഡഡ് ഷർട്ട് വാങ്ങി. അന്ന് അതിന് 730 രൂപയായിരുന്നു. 250ൽ താഴെയായിരുന്നു ബജറ്റ്. നിർമാതാവ് അത് വലിയ പ്രശ്നമാക്കി. സംവിധായകനോടും മറ്റും പരാതി പറഞ്ഞു. ഒരു മണിക്കൂർ ഷൂട്ടിംഗ് വൈകിയാൽ ഉള്ള നഷ്ടം ആലോചിച്ച് ആണ് താൻ അന്ന് ആ ഒരു തീരുമാനം എടുത്തത്. എന്നാൽ അത് തനിക്ക് തന്നെ ദോഷം ചെയ്തു.
ഇത്തരം കാരണങ്ങളാൽ ആണ് സത്യൻ അന്തിക്കാടിന്റെ സിനിമകളിലും പിന്നീട് സഹകരിക്കാഞ്ഞത്. സത്യൻ അന്തിക്കാടിന്റെ സെറ്റിൽ നാരായണൻ എന്നൊരാൾ തനിക്ക് നല്ല രീതിയിൽ പാര പണിയുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ നിർമ്മാതാക്കൾ പക്ഷേ അഭിനേതാക്കളുടെ തൃപ്തിയാണ് നോക്കുന്നത്. അവർക്ക് പ്രശ്നമില്ലാത്തതിനാൽ തന്നെ തങ്ങൾക്കും പ്രശ്നമില്ല. ഡിഎൻഎ എന്ന ചിത്രത്തിൽ ചില നടന്മാർ ബ്രാൻഡഡിന് വേണ്ടി ശരിക്കും നിർബന്ധം പിടിച്ചിരുന്നു. എന്നാൽ മമ്മൂട്ടിയുടെ മരുമകൻ ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കിയില്ലെന്നും നാഗരാജ് പറഞ്ഞു.