ഭർത്താവിനും മകൾക്കും ഒപ്പം കഴിഞ്ഞിരുന്ന മിനിയെന്ന വീട്ടമ്മയെ ഒരു ദിവസം കുട്ടിക്കൊപ്പം കാണാതായി. ഭർത്താവ് പുറത്തുനിന്ന് വന്നപ്പോൾ വീട് പൂട്ടിക്കിടക്കുന്നു. എല്ലായിടത്തും അന്വേഷിച്ചു. ഒടുവിൽ നാട്ടുകാർ കൂടി വാതിൽ പൊളിച്ച് അകത്തുകയറി പരിശോധിച്ചു. രണ്ടുപേരും വീട്ടിൽ ഇല്ല. വീട്ടിലിരുന്ന സ്വർണവും വിലപിടിപ്പുള്ള സാധനങ്ങളും ഒന്നും കാണാനുമില്ല.
അടുപ്പമുണ്ടായിരുന്ന ആർക്കെങ്കിലും ഒപ്പം ആ വീട്ടമ്മ നാടുവിട്ടത് ആകും എന്ന് എല്ലാവരും കരുതി. എന്നാൽ മൂന്നുദിവസം കഴിഞ്ഞാണ് ആ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മിനിയെന്ന ആ വീട്ടമ്മ ചിറയൻകീഴ് പോലീസ് സ്റ്റേഷനിൽ എത്തി. മകളെ കൊന്ന് കിണറ്റിൽ ഇട്ടിട്ടുണ്ട് എന്ന് പറഞ്ഞു. പോലീസ് വന്ന് പരിശോധിച്ചപ്പോൾ മകളുടെ മൃതദേഹം കിണറ്റിൽ കിടക്കുന്നു. എല്ലാവരും ഞെട്ടി.
എന്തിനാണ് ഇവർ മകളെ കൊന്നത്. രാജു – മിനി ദമ്പതികളുടെ എട്ടുവയസ്സുകാരിയായ മകൾ ഓട്ടിസം ബാധിത ആയിരുന്നു. ഭാര്യാ ഭർത്താക്കന്മാർ സ്നേഹത്തോടെയാണ് കഴിഞ്ഞിരുന്ന തെങ്കിലും കുട്ടിയുടെ രോഗം അവരെ വല്ലാതെ അലട്ടിയിരുന്നു. അങ്ങനെയിരിക്കെയാണ് രാജുവിന് ക്യാൻസർ ബാധിച്ചത്. ഇതോടെ ഭാര്യയുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റം വന്നു. രോഗിയായ ഭർത്താവിനെ അവർ പൂർണമായി അവഗണിച്ചു. കുടിക്കാൻ വെള്ളം ചോദിച്ചാൽ പോലും കൊടുക്കില്ലായിരുന്നു എന്ന് സമീപവാസികൾ പറയുന്നു. അവസരം കിട്ടിയിരുന്നെങ്കിൽ ഭർത്താവിനെയും അവർ കൊല്ലുമായിരുന്നു എന്നാണ് സഹോദരി സംശയിക്കുന്നത്. രാജുവിനെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നത് പോലും മറ്റുള്ളവരാണ്. അങ്ങനെ ആർസിസിയിൽ പോയിരുന്ന ഒരു ദിവസമാണ് ഭാര്യയെയും കാണാതായത്. എന്തിനാണ് ഇവർ കുട്ടിയെ കൊന്നത്. അത് ഒരു പ്രത്യേക മാനസികാവസ്ഥ ആണെന്ന് മാത്രമേ പറയാൻ സാധിക്കു. രോഗികളായ രണ്ടുപേർക്കും ഒപ്പം തൻറെ ജീവിതം ഇനി ഒരിക്കലും സന്തോഷത്തോടെ പോകില്ല എന്ന് അവർക്ക് തോന്നി. അത് ഭർത്താവിനോടുള്ള വൈരാഗ്യമായി. മകളെ കഴുത്തുഞെരിച്ചു കൊന്ന ശേഷം അവർ പോയത് തിരുപ്പതിയിലേക്കാണ്. അവിടെ പോയി പാപങ്ങളെല്ലാം ഏറ്റുപറഞ്ഞു. പിന്നീട് വന്ന് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇനി ജയിലിനുള്ളിൽ അവർക്ക് സന്തോഷത്തോടെ കഴിയാൻ ആകുമോ ? അല്പമെങ്കിലും മനസ്സാക്ഷിയും മനുഷ്യത്വവും അവശേഷിക്കുന്നുണ്ടെങ്കിൽ ഒരിക്കലും അങ്ങനെ കഴിയാൻ ആകില്ല എന്നുതന്നെയാണ് ഉത്തരം.