മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ചില ഗാനങ്ങൾ സമ്മാനിച്ച ആളാണ് സുനിൽ മത്തായി. സംഗീതം പഠിച്ചിട്ടില്ലാത്ത സുനിൽ എന്നും ഫോക് ലോറിന്റെ വഴിയെ ആയിരുന്നു.
അപ്രതീക്ഷിതമായി വന്ന സന്ദർഭങ്ങളാണ് ചില ഹിറ്റ് പാട്ടുകൾ പാടാൻ ഈ ഗായകന് അവസരം ഒരുക്കിയത്.
ശാസ്താംകോട്ട ഡിബി കോളജിൽ പഠിക്കുമ്പോഴാണ് കലാരംഗത്തേക്ക് കടന്നുചെന്നതെന്ന് സുനിൽ പറയുന്നു. നാടൻ പാട്ടുകൾ ആയിരുന്നു ഏറെ ഇഷ്ടം. നാടൻപാട്ടുകളുടെ വഴിയേയുള്ള സഞ്ചാരമാണ് സിനിമയിലേക്ക് അവസരം നൽകിയത്. ബാച്ചിലേഴ്സ് എന്ന സിനിമയിൽ കുട്ടപ്പൻ മാഷിനെയാണ് പാടാൻ വിളിച്ചത്. കോറസ് പാടാൻ ആയിരുന്നു സുനിലിനെയും മറ്റൊരു ഗായകനെയും വിളിച്ചത്. പ്രൊഫഷണൽ നാടകത്തിൻറെ തിരക്കുള്ളതിനാൽ സുനിലിന് പോകാൻ കഴിയുമോ എന്ന് സംശയമായിരുന്നു. എന്നാൽ നാടക സംവിധായകൻ ഉദയൻ നിർബന്ധിച്ചു. എപ്പോഴാണ് തലവര മാറുന്നത് എന്ന് പറയാൻ പറ്റില്ല എന്നു പറഞ്ഞു. അങ്ങനെ കോറസ് പാടാൻ പോയതായിരുന്നു.
സുനിൽ ആദ്യം ട്രാക്ക് പാടിയപ്പോൾ തന്നെ ഇതുതന്നെ പോരേ എന്നായി കുട്ടപ്പൻ മാഷ്. സംഗീത സംവിധായകനും എതിർപ്പില്ല. സംവിധായകനോട് ചോദിച്ചപ്പോൾ വേറിട്ട ശബ്ദം അദ്ദേഹത്തിനും ഇഷ്ടമായി. അങ്ങനെയാണ് സിനിമയിലേക്കുള്ള സുനിൽ മത്തായിയുടെ വരവ്.
കമ്മട്ടിപ്പാടം എന്ന സിനിമയിൽ ടൈറ്റിൽ സോംഗ് പാടാൻ പോയതാണ് മറ്റൊരു വഴിത്തിരിവ്. അതിലെ വേറൊരു പാട്ടു കൂടി ഒന്ന് പാടി നോക്കണേ എന്ന് സംവിധായകൻ പറഞ്ഞു. അങ്ങനെ പാടിയതാണ് ‘അക്കാണും മാമലയൊന്നും… എന്ന പാട്ട്. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വിളി വന്നു. ഈ ശബ്ദം തന്നെ മതി. റെക്കോർഡിങ്ങിന് വരണം. അവിടെ എത്തിയപ്പോഴാണ് ഏറ്റവും അധികം ഞെട്ടിയത്. സ്റ്റുഡിയോയിൽ നടൻ വിനായകൻ ഉണ്ട്.
ഗായകർക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്തും പ്രത്യേക അനുമതി വാങ്ങി വിനായകൻ വന്നപ്പോൾ അത്ഭുതം ആയിരുന്നു. കുറച്ച് ഭയവും. പക്ഷേ മൂഡനുസരിച്ച് ആ പാട്ട് പാടേണ്ടത് അദ്ദേഹം വളരെ വ്യക്തമാക്കിത്തന്നു. നന്നായി തോന്നുമ്പോൾ ഓടിവന്ന് കെട്ടിപ്പിടിച്ചു. മലയാളത്തിലെ പ്രശസ്തമായ ഹിറ്റ് പാട്ടിൻറെ ജനനം അങ്ങനെയായിരുന്നു. ആ വരികൾ പാടി സുനിൽ മത്തായി പറഞ്ഞു നിർത്തി