മലയാളിയുടെ സംഗീതാസ്വാദകലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ഗായകനാണ് കല്ലറഗോപന്‍. നാടകഗാനം, ചലച്ചിത്രഗാനം, ലളിതഗാനം എന്നീ മേഖലകളിലെല്ലാം കല്ലറ ഗോപന്‍ തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അര്‍ഹമായ അംഗീകാരം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടോ എന്ന് ആസ്വാദകലോകം സംശയിക്കുന്നു. അദ്ദേഹത്തിന്റെ സംഗീതജീവിതത്തെക്കുറിച്ചു സംസാരിക്കുകയാണ് ഇവിടെ.
സംഗീതത്തിന്റെ പോളിടെക്‌നിക്
പോളിടെക്‌നിക് പഠിക്കാനാണ് കല്ലറ ഗോപന്‍ പോയതെങ്കിലും പഠിച്ചത് സംഗീതത്തിന്റെ ടെക്‌നിക്കായിരുന്നു. അച്ഛന്റെ നിര്‍ദേശപ്രകാരമായിരുന്നു പോളിടെക്‌നിക്കില്‍ പഠിക്കാന്‍ ചേര്‍ന്നത്. അച്ഛനു സംഗീതം അറിയാമായിരുന്നെങ്കിലും മകന്റെ ഭാവിജീവിതത്തെ കരുതി അദ്ദേഹം ഗോപനെ പോളിടെക്‌നിക്കില്‍ ചേര്‍ക്കുകയായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തിനിപ്പുറം കോഴ്‌സ് പൂര്‍ത്തിയാക്കാതെ ഗോപന്‍ മടങ്ങി. പോളിടെക്‌നിക്കില്‍ പഠിക്കുന്ന സമയത്ത് സംഗീതത്തില്‍ ഗോപന്‍ സജീവമായിരുന്നു. പഠിക്കുന്ന സമയത്തൊക്കെ ടീച്ചര്‍മാരോട് ‘ഒരു പാട്ടുപാടിക്കോട്ടെ’ എന്നു ചോദിക്കുമായിരുന്നു.
പോളിടെക്‌നിക്കില്‍ നിന്നു മടങ്ങിയ ഗോപനെ സന്തോഷത്തോടെയല്ല അച്ഛന്‍ സ്വീകരിച്ചത്. എന്നാല്‍ ആ വര്‍ഷം സ്വാതിതിരുനാള്‍ സംഗീതകോളജില്‍ ചേരാനുള്ള ശ്രമത്തെ അച്ഛന്‍ എതിര്‍ത്തില്ല. എന്നാല്‍ ആ വര്‍ഷം അഡഡ്മിഷന്‍ ലഭിച്ചില്ല. ആ സമയത്ത് പുരോഗമന കലാസംഘത്തിന്റെ നാടകത്തില്‍ പാടാന്‍ ആരംഭിച്ചു. റിഹേഴ്‌സല്‍ നടത്തുമ്പോള്‍ പാടുന്നതിനായിരുന്നു ചുമതല. എന്നാല്‍ ലൈവായി പാടാന്‍ അവസരം ലഭിച്ചിരുന്നില്ല.
അര്‍ജ്ജുനന്‍ മാഷിനൊപ്പം
സൗപര്‍ണ്ണിക എന്ന നാടകസംഘത്തോടൊപ്പമാണ് ആദ്യമായി ലൈവായി പാടാന്‍ കഴിഞ്ഞത്. പിരപ്പന്‍കോടി മുരളി എഴുതി കുമരം രാജപ്പന്‍ സംഗീതം നല്‍കിയ പാട്ടാണ് ആദ്യം പാടിയത്. 19, 20 വയസുള്ളപ്പോഴാണ് ഇത്. 82ല്‍ സംഗീതകോളജില്‍ അഡ്മിഷന്‍ കിട്ടി. ഈ സമയത്ത് സംഘശക്തി ട്രൂപ്പിന്റെ സ്‌റ്റേജ് മാനേജരായി പോയി. അര്‍ജ്ജുനന്‍ മാഷ് അക്കാലത്ത് സൗപര്‍ണ്ണികയില്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരുന്നു. 1994ല്‍ അര്‍ജ്ജുനന്‍ മാഷ് സംഗീത സംവിധാനം നിര്‍വഹിച്ച നാടകഗാനം പാടി. അതിനു മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.