വിശ്വസിച്ച സുഹൃത്തുക്കൾ എന്തിനാണ് മകന്റെ ജീവനെടുത്തത്. നെഞ്ചുപൊട്ടി ചോദിക്കുകയാണ് ഒരച്ഛനും അമ്മയും… ഹരിപ്പാട് ചേപ്പാട് കാഞ്ഞൂരിൽ മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് ഇവരുടെ മകൻ മരിച്ചത്. ചെങ്ങന്നൂർ ഇലഞ്ഞിമേൽ കോലത്തുവീട്ടിൽ സതീശന്റെ മകൻ സജീവ് എന്ന ഉണ്ണിയുടെ മരണം ഇനിയും നാട്ടുകാർക്കും ബന്ധുക്കൾക്കും വിശ്വസിക്കാനായിട്ടില്ല.
കാഞ്ഞൂർ ക്ഷേത്രത്തിനു കിഴക്ക് കഴിഞ്ഞ തിങ്കളാഴ്ച സന്ധ്യയോടെ പരുക്കേറ്റ് കിടന്ന സജീവിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെയാണ് ഹരിപ്പാട് ആശുപത്രിയിലെത്തിച്ചത്.
വയറിങ് ജോലി കരാറടിസ്ഥാനത്തിൽ ചെയ്യുന്ന ഹരിപ്പാടു സ്വദേശി സനീഷിന്റെ ജോലിക്കാരായിരുന്നു എല്ലാവരും… സനീഷിന്റെ കുഞ്ഞിന്റെ നൂലുകെട്ടിൽ പങ്കെടുത്തശേഷം എല്ലാവരും കാഞ്ഞൂരുള്ള ശരണിന്റെ വീട്ടിലെത്തി. മദ്യപിച്ചശേഷം മടങ്ങുന്നതിനിടെ വഴിയിൽവച്ചു തർക്കമുണ്ടായെന്നും സജീവ് ചവിട്ടേറ്റുവീണെന്നുമാണ് പൊലീസ് പറയുന്നത്.. സംഭവ ദിവസം തന്നെ പ്രവീൺ, അരുൺ, മനോജ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇത് യാദൃശ്ചികമായ ഒരു സംഭവമാണെന്ന് ബന്ധുക്കൾ കരുതുന്നില്ല. കൂട്ടത്തിൽ ഒരാളെ പണി മോശമായതിനാൽ വയറിംഗ് ജോലിയിൽ നിന്ന് ഒഴിവാക്കാൻ കരാറുകാരൻ തീരുമാനിച്ചിരുന്നു. ഇത് തർക്കത്തിനും ശത്രുതയ്ക്കും കാരണമായിട്ടുണ്ടാകുമെന്ന് ഇവർ പറയുന്നു. റോഡിൽ വീണ് കിടന്ന സജീവിനെ ചവിട്ടുന്നതിന്റെ അടക്കം സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
എല്ലാവർക്കും പ്രയിങ്കരനും കഠിനാധ്വാനിയുമായിരുന്നു സജീവ്. കൊലയാളികൾക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കണമെന്നാണ് നാട്ടുകാർക്കും പറയാനുള്ളത്