മലയാളികളുടെ മനംകവര്‍ന്ന എക്കാലത്തെയും ക്ലാസിക് സിനിമയാണ് കിരീടം. കിരീടം പോലൊരു സിനിമ വല്ലപ്പോഴും മാത്രം സംഭവിക്കുന്നതാണ്. ഇത്തരം സിനിമകളുടെ പിന്നണിയിലുള്ളവര്‍ പോലും ചരിത്രത്തില്‍ ഇടം നേടും. എന്നാല്‍ പിന്നണിയിലെ ഒരു പ്രധാനയാള്‍ വിസ്മരിക്കപ്പെട്ടാലോ? അങ്ങനെയൊരു വിസ്മരിക്കല്‍ ഓര്‍ത്തെടുക്കുകയാണ് ഇവിടെ.
കിരീടത്തിന്റെ നിര്‍മ്മാതാവ് ആരാണ് എന്നു ചോദിച്ചാല്‍ ഏതുസിനിമാ പ്രേമിയും ചിന്തിക്കാതെ മറുപടി പറയും, ‘കിരീടം ഉണ്ണി’ എന്ന്. എന്നാല്‍ കിരീടം സിനിമയ്ക്കുപിന്നില്‍ ഉണ്ണി എന്ന കൃഷ്ണകുമാര്‍ മാത്രമല്ല നിര്‍മ്മാതാവായി ഉണ്ടായിരുന്നത്. ദിനേശ് പണിക്കര്‍ എന്ന് ഇന്ന് മലയാളികള്‍ അറിയുന്ന നടനും അതില്‍ പങ്കാളിയായിരുന്നു. ‘കൃപ’ ഫിലിംസ് എന്ന നിര്‍മ്മാണക്കമ്പനി ഉണ്ടാകുന്നതുപോലും കൃഷ്ണകുമാറിന്റെ ‘കൃ’ഉം ദിനേശ് പണിക്കരിലെ ‘പ’യും ചേര്‍ത്താണ്.
എന്നാല്‍ സിനിമ പുറത്തിറങ്ങിയതോടെ ദിനേശ് പണിക്കര്‍ എന്ന പേര് വിസ്മരിക്കപ്പെട്ടു. ദിനേശ് പണിക്കര്‍ തന്നെ കിരീടം സിനിമയുടെ പിറവി വിവരിക്കുന്നു.:
കിരീടത്തിലേക്കുള്ള യാത്ര
കിരീടം ഉണ്ണി എന്ന കൃഷ്ണകുമാറും ദിനേശ് പണിക്കരും സുഹൃത്തുക്കളായിരുന്നു. പണിക്കര്‍ കെല്‍ട്രോണില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായിരുന്ന കാലത്താണ് കിരീടം എന്ന സിനിമയെക്കുറിച്ച് ഇരുവരും ചിന്തിക്കുന്നത്. ഇരുവരുടേയും കോമണ്‍ഫ്രണ്ടായിരുന്നു മോഹന്‍ലാല്‍. ‘തിരനോട്ടം’ എന്ന മോഹന്‍ലാല്‍ ചിത്രം ഇറങ്ങുന്നതിനും മുമ്പേയുള്ള സൗഹൃദം. മോഹന്‍ലാലിനോട് ഇരുവരുംകൂടി ചോദിച്ചാല്‍ ഡേറ്റ് കിട്ടുമെന്നുറപ്പായിരുന്നു. രണ്ടുപേരും ലാലിനോട് സംസാരിക്കാന്‍ തീരുമാനിച്ചു. ലാല്‍ അന്ന് തൂവാനത്തുമ്പികള്‍ അഭിനയിക്കുന്ന സമയം. രണ്ടുപേരുംകൂടി ലാലിനെ കണ്ടു. വിഷയം അവതരിപ്പിച്ചു.
ലാലിനു സമ്മതമായിരുന്നു. പക്ഷേ, ഒരു പ്രശ്‌നം മാത്രം പറഞ്ഞു. അന്നു ലാലിനു നിന്നുതിരിയാന്‍ സമയമില്ലാത്ത കാലം. 14 സിനിമകള്‍ ആ സമയത്ത് മോഹന്‍ലാല്‍ കമ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. അതുകഴിഞ്ഞ് ചെയ്യാം എന്നു മോഹന്‍ലാല്‍ വാക്കു നല്‍കി. ആരാണു സംവിധായകന്‍ എന്നായി ലാലിന്റെ അടുത്ത ചോദ്യം. വേണുനാഗവള്ളി, സിബിമലയില്‍, പ്രിയദര്‍ശന്‍ എന്നിവരായിരുന്നു മനസിലുണ്ടായിരുന്നത്. വേണുനാഗവള്ളയുമായി അടുപ്പമുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിനോട് സംസാരിച്ചു. അദ്ദേഹം സിനിമ ചെയ്യാമെന്നു സമ്മതിക്കുകയും ചെയ്തു.
സിബി മലയിലേക്ക്, ലോഹിയിലേക്കും
പക്ഷേ പദ്ധതി നീണ്ടുപോയതോടെ അദ്ദേഹവുമായി സ്വരച്ചേര്‍ച്ചയില്ലാതാകുകയും വേണുനാഗവള്ളി പ്രൊജക്ടില്‍നിന്നു പിന്‍മാറുകയും ചെയ്തു.
പിന്നീടാണ് ഇരുവരുംകൂടി സിബി മലയിലിനെ കാണുന്നത്. സിബി പ്രൊജക്ടുമായി മുന്നോട്ടുപോകാമെന്നു പറഞ്ഞു. അദ്ദേഹമാണ് തിരക്കഥയ്ക്ക ് ലോഹിതദാസിന്റെ പേര് നിര്‍ദേശിക്കുന്നത്. ലോഹിതദാസ് സിബിക്കുവേണ്ടി രണ്ട് സിനിമയ്ക്ക് എഴുതിയിരുന്നു. രണ്ടുസിനിമയും സാമ്പത്തികമായി വലിയ വിജയമൊന്നും നേടിയില്ലെങ്കിലും നല്ല എഴുത്തുകാരനാണ് ലോഹിതദാസ് എന്ന് സിബിമലയില്‍ പറഞ്ഞു. അതോടെ ലോഹിതദാസിനെ വിളിച്ചു. അദ്ദേഹം ഒരു കഥപറഞ്ഞു. ചാലക്കുടിയിലുണ്ടായിരുന്ന ഒരു ഗുണ്ടയുടെ കഥയായിരുന്നു അത്. കഥ ഇഷ്ടമായി. 1988ലായിരുന്നു അത്.
അധികം താമസിയാതെ േലാഹിതദാസ് എഴുതിപ്പൂര്‍ത്തിയാക്കി ബൈന്‍ഡ്‌ചെയ്ത രണ്ടു കോപ്പി തിരക്കഥയുമായാണ് ലോഹിതദാസ് വന്നത്. ഒരു തിരക്കഥ നിര്‍മ്മാതാക്കള്‍ക്കും ഒന്ന് ലാലിനും. തിരക്കഥ പുര്‍ണമായും വായിച്ചു കഴിഞ്ഞശേഷം ലാല്‍ ചോദിച്ചു. ‘ ആരാണ് വില്ലന്‍”കാരണം നായകന്റെ അത്രപ്രാധാന്യമുള്ളതാണ് വില്ലന്റെ റോള്‍. അന്ന് വില്ലനായി തിരുമാനിച്ചത് ചാമരം സിനിമയിലെ വില്ലനായിരുന്ന പ്രദീപ് ശക്തി എന്ന നടനെയായിരുന്നു. മോഹന്‍ലാല്‍ അപ്പോള്‍ തന്നെ ഒ.കെ. പറഞ്ഞു.
തിലകന്‍ വരുന്നു
പിന്നെ അതിലെ പ്രധാനറോള്‍ തിലകന്‍ ചെയ്ത അച്ഛന്റേതായിരുന്നു. അതിനു തിലകനെ തീരുമാനിച്ചപ്പോഴാണ് അതിലും പ്രശ്‌നമായത്. അദ്ദേഹം അപ്പോള്‍ ഒരേസമയം രണ്ടു ചിത്രത്തില്‍ അഭിനയിക്കുകയാണ്. ചാണക്യന്‍, വര്‍ണം എന്നീ സിനിമകള്‍. അദ്ദേഹം പറഞ്ഞു, ഈ രണ്ടു ചിത്രത്തിനിടെ ഇതു നടക്കില്ല. ‘ഇത്ര നല്ല കഥാപാത്രത്തെ ചെയ്യാന്‍ ഇതിനിടയില്‍ എനിക്കു കഴിയില്ല. ദയവായി എന്നെ ഒഴിവാക്കിത്തരണം’ പക്ഷേ തിലകനെയല്ലാതെ ആ കഥാപത്രത്തില്‍ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് ഒരു വിധത്തില്‍ അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു.
സെറ്റിട്ട ചന്ത
ആര്യനാട്ടുള്ള ചന്തയുടെ ഒരു കോണില്‍ സെറ്റിട്ടാണ് സിനിമയില്‍ ഫൈറ്റ് സീന്‍ ചിത്രീകരിച്ചത്. അതുപോലെ മോഹന്‍ലാലിന്റെ തറവാട് വീടായി സിനിമയില്‍ കാണിക്കുന്നത് തിരുവനന്തപുരം നഗരത്തിലുള്ള പഴയ ഒരു വീടാണ്. തിരുവനന്തപുരം നഗരത്തോടു ചേര്‍ന്നു കിടന്ന പ്രദേശങ്ങളെയാണ് ഒരു ഗ്രാമത്തിന്റെ അന്തരീക്ഷത്തിലേക്കു സെറ്റിട്ടു മാറ്റുകയായിരുന്നു. സെവനാര്‍ട്‌സ് വിജയകുമാറിനായിരുന്നു സിനിമയുടെ വിതരണച്ചുമതല. സിനിമയുടെ ക്ലൈമാക്‌സ് സംബന്ധിച്ച് വിജയകുമാര്‍ ഒരു തര്‍ക്കം ഉന്നയിച്ചു. സാധാരണ സിനിമയിലെ വില്ലനെ തേടിച്ചെന്ന് ആക്രമിക്കുകയാണ് നായകന്‍മാരുടെ രീതി. പക്ഷേ, ഈ സിനിമയില്‍ ചന്തയില്‍ പോയി ഇരിക്കുന്ന നായകനെത്തേടി എത്തുകയാണ് വില്ലന്‍. ഇതാണ് വിജയകുമാറിനു സ്വീകാര്യമാകാത്തത്. എന്നാല്‍ നിര്‍മ്മാതാക്കളും സംവിധായകനും തിരക്കഥാകൃത്തും ശക്തമായി തിരക്കഥയിലെ രീതിയെ പിന്താങ്ങി.
ചെങ്കോല്‍ പോര
കിരീടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ചില അനിഷ്ടങ്ങളെത്തുടര്‍ന്ന് ദിനേശ് പണിക്കര്‍ കൂട്ടുകെട്ടില്‍നിന്നു വിടുകയായിരുന്നു. എങ്കിലും തുടര്‍ന്നും കൃപ ഫിലിംസ് അതേപേരില്‍ തുടര്‍ന്നു. ഉണ്ണിയുടെ പേരില്‍ കിരീടം സിനിമ അറിയപ്പെട്ടു. ഉണ്ണി കിരീടം ഉണ്ണിയായി. അതിനുശേഷം ഇതേ ബാനറിന്‍െ കീഴില്‍ ഇതേട ടീമില്‍നിന്ന് ഇറങ്ങിയ സിനിമയാണ് ചെങ്കോല്‍. അതില്‍ ദിനേശ് പണിക്കര്‍ മാത്രമായിരുന്നു ഇല്ലാതിരുന്നത്. ചെങ്കോല്‍ ആദ്യഷോയില്‍തന്നെ ദിനേശ് പണിക്കര്‍ കണ്ടു. കിരീടത്തിന്റെ ഒരു മഹിമ ചെങ്കോലിനു നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എന്നാണ് ഇതില്‍ ദിനേശ് പണിക്കരുടെ അഭിപ്രായം. കിരീടത്തില്‍ സംശുദ്ധനായ പോലീസുകാരനാണ് തിലകന്റെ കഥാപാത്രം. പക്ഷേ, ചെങ്കോലില്‍ വരുമ്പോള്‍ ഈ കഥാപപാത്രം നേര്‍വിപരീത സ്വഭാവമായി മാറുന്നു. കഥാപാത്രത്തിന്റെ വീഴ്്ച എന്നൊക്കെ ഇതിനെ പറയാം. എന്നാല്‍ തിരക്കഥാകൃത്തിന്റെ കഴ്ച്ചപ്പാടില്‍ വന്ന ഒരു പിഴവാണ് ആ സിനിമ കിരീടംപോലെ വലുതായ ഒന്നാകാത്തതെന്ന് ദിനേശ് പണിക്കര്‍ പറയുന്നു.
കുടുതല്‍ കാണാന്‍ യൂട്യൂബ് കാണുക. ലിങ്ക്..