കുളത്തുപ്പുഴയിലെ നിരവധി സ്ത്രീകൾ ഏറനാളായി സമരത്തിലാണ്.
ജീവിതകാലം മുഴുവൻ സ്വരുക്കൂട്ടി ഉണ്ടാക്കിയതെല്ലാം ചിലർ സ്നേഹം നടിച്ച് നിന്ന് തട്ടിയെടുത്തു. അതിന്റെ നടുക്കം ഇപ്പോഴും ഈ സ്ത്രീകളെ വിട്ടുമാറിയിട്ടില്ല. പ്രധാനമന്ത്രിയുടെ പേരിലുള്ള വായ്പ തരപ്പെടുത്തി കൊടുക്കാം എന്നു പറഞ്ഞായിരുന്നു തട്ടിപ്പ് എന്ന് ഇവർ പറയുന്നു.
വായ്പ കിട്ടുമ്പോൾ മാർജിൻ മണിയായി ലഭിക്കുന്ന കുറച്ചു പണം ആദ്യം കൊടുക്കണം. വലിയ സബ്സിഡിയുള്ള വായ്പയ്ക്ക് പലിശയും കുറവാണ്. പലരും ഇതിൽ മയങ്ങി. കിട്ടാവുന്നിടത്ത് നിന്നൊക്കെ കടം വാങ്ങി ലക്ഷങ്ങൾ കൊടുത്തവരുണ്ട്. ഒടുവിൽ വായ്പയുമില്ല, പണവുമില്ല എന്നതായി അവസ്ഥ.
സുമിത , രമ്യ , രമ്യയുടെ ഭർത്താവ് ബിനു. ഈ മൂന്നു പേരുമാണ് പ്രതികൾ എന്ന് ഇവർ പറയുന്നു.
സുമിത ഒളിവിൽ ആണെന്നാണ് പോലീസ് പറയുന്നത്. രണ്ടു മാസത്തിനിടയ്ക്കാണ് സുമിത വലിയ വീടു വച്ച് പാലുകാച്ച് നടത്തിയത്. ആ വീടിനുമുന്നിൽ സമരത്തിലാണ് ഈ സ്ത്രീകൾ. പോലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ അവർ മണ്ണെണ്ണ കുപ്പികൾ ഉയർത്തിക്കാട്ടി ആത്മഹത്യാ ഭീഷണി മുഴക്കി. പണം തിരിച്ചു കിട്ടാതെ വീട്ടിൽ കയറാൻ കഴിയാത്ത അവസ്ഥയാണ് എന്ന് ഇവർ പറയുന്നു. ഇവർ പലരിൽ നിന്നായി വായ്പ വാങ്ങിയവരാണ്. അവരുടെ സമ്മർദ്ദം പുറമേ. പരാതി പിൻവലിക്കാൻ കൊല്ലും എന്നു വരെ ഭീഷണിയുണ്ട്. നീതി കിട്ടും വരെ പോരാടാൻ ആണ് ഇവരുടെ തീരുമാനം. അതേസമയം സുമിതയുടെ അമ്മ പറയുന്നത് ഈ സ്ത്രീകൾ പറയുന്നത് പച്ചക്കള്ളം ആണെന്നാണ്. മകളുടെ ട്രാൻസാക്ഷൻസ് എല്ലാം പരിശോധിക്കട്ടെ എന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കേസെടുക്കട്ടെ എന്നും ഇവർ പറയുന്നു.
മറ്റൊരു ആരോപണ വിധേയയായ രമ്യ പറയുന്നത് മറ്റൊന്നാണ്. പണം വാങ്ങി എന്ന് പറയുന്നത് സത്യമാണ്. പക്ഷേ പലിശയിനത്തിലും മറ്റുമായി നല്ലൊരു ഭാഗവും തിരിച്ചു കൊടുത്തിട്ടുണ്ട്. ലോൺ ഇതുവരെ തനിക്കും പാസായി കിട്ടിയിട്ടില്ല. എസ്ബിഐയിൽ അതിനുള്ള അപേക്ഷ കൊടുത്തിട്ടുണ്ട്. ലോൺ പാസായാൽ പണം തിരിച്ചു കൊടുക്കാം എന്ന് താൻ പറഞ്ഞതാണ്. പക്ഷേ തൻറെ ഭർത്താവിന് ഇതൊന്നും അറിയുമായിരുന്നില്ല. തനിക്ക് ഇപ്പോൾ ഏറെ ബാധ്യതകൾ ഉണ്ട്. എങ്ങനെ ഈ കടക്കണിയിൽ പെട്ടു എന്ന് അറിയില്ലെന്നും രമ്യ പറയുന്നു. 98 ലക്ഷം രൂപ താൻ സുമിതയുടെ അക്കൗണ്ടിൽ ഇട്ടു കൊടുത്തിട്ടുണ്ട്.
സുമിതയാണോ മറ്റ് സ്ത്രീകളാണോ ആരാണ് തന്നെ ചതിച്ചത് എന്ന് അറിയില്ലെന്ന് രമ്യ പറയുന്നു. അതേസമയം ഇവർ പറയുന്നത് ശരിയല്ലെന്ന് തെളിയിക്കുന്ന ഓഡിയോ ക്ലിപ്പും പരാതിക്കാരികൾ പുറത്തുവിട്ടു. എന്തായാലും ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് പോലീസും നീതിപീഠവും ആണ്. പാവങ്ങളായ സ്ത്രീകളെ പറ്റിച്ച് പണം തട്ടിയിട്ടുണ്ടെങ്കിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടുക തന്നെ വേണം