മലയാളത്തിലെ പ്രശസ്ത സിനിമ നിർമ്മാതാവാണ് മമ്മി സെഞ്ചുറി. നിരവധി കലാകാരന്മാരെ കൈപിടിച്ചുയർത്തിയ നിർമ്മാതാവ്. നിരവധി സ്റ്റേജ് ഷോകളും അദ്ദേഹത്തിൻറെ ചുമതലയിൽ നടന്നിട്ടുണ്ട്.
2014 ൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനു വേണ്ടി ചെയ്തതായിരുന്നു ഒടുവിലത്തെ സ്റ്റേജ് ഷോ.
സ്റ്റേജ് ഷോയിൽ താരങ്ങളുടെ ഈഗോ പലപ്പോഴും വെല്ലുവിളിയാകാറുണ്ട് എന്ന് അദ്ദേഹം തുറന്നു പറയുന്നു. ഹിറ്റായ പാട്ടുകളും മറ്റും തങ്ങൾക്ക് വേണമെന്ന് പലരും വാശിപിടിക്കും. അതൊക്കെ പറഞ്ഞ് കോംപ്രമൈസ് ചെയ്യേണ്ടിവരും. നിരവധി ഗൾഫ് ഷോകളിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്. ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവവും മമ്മി സെഞ്ചുറി പങ്കുവച്ചു.രണ്ടായിരത്തിൽ നോമ്പിനോട് അനുബന്ധിച്ച സമയത്ത് നടന്ന സ്റ്റേജ് ഷോ.
മാപ്പിളപ്പാട്ടിന് ആയിരുന്നു അതിൽ പ്രാധാന്യം. എറണാകുളത്തുനിന്ന് മിമിക്രി താരങ്ങളുടെ ഒരു ടീമും ഉണ്ടായിരുന്നു. യുഎഇയിലെ സ്റ്റേജ് ഷോകൾ പൂർത്തിയായി, അടുത്ത ദിവസം മസ്കറ്റിലേക്ക് പോകണം. മമ്മി സെഞ്ചുറി അന്ന് നാട്ടിലേക്ക് തിരിച്ചുവരും. ടിക്കറ്റ് എല്ലാം ബുക്ക് ചെയ്തു കഴിഞ്ഞു. അത് പറയാനായി മിമിക്രി താരങ്ങൾ താമസിക്കുന്ന ഹോട്ടലിലേക്ക് എത്തിയതായിരുന്നു അദ്ദേഹം. അപ്പോൾ ഹോട്ടലിന് പുറത്ത് അഞ്ചാറ് മിമിക്രി താരങ്ങൾ സംസാരിച്ചുകൊണ്ട് നിൽക്കുന്നു. അവർക്ക് അടുത്ത ദിവസം മസ്കറ്റിലേക്ക് പോകണമെന്ന കാര്യവും മറ്റും പറഞ്ഞുകൊണ്ട് നിൽക്കവെ ഒരു പോലീസ് വാഹനം അടുത്തു വന്നു നിന്നു. അതിൽ നിന്ന് പോലീസുകാർ ചാടിയിറങ്ങി. എല്ലാവരും വാഹനത്തിന് അകത്തേക്ക് കയറാൻ നിർദ്ദേശിച്ചു. ആർക്കും ഒന്നും മനസ്സിലായില്ല. അവിടെ അനുസരിക്കാതെ രക്ഷയില്ലല്ലോ. എല്ലാവരും പോലീസ് വാഹനത്തിൽ കയറി. അകത്ത് കുറച്ചുപേർ നിൽപ്പുണ്ട്.
പോകുന്ന വഴിയിൽ പലയിടത്തും നിർത്തി വഴിയരികിൽ നിൽക്കുന്നവരെ വാഹനത്തിൽ പിടിച്ചു കയറ്റുന്നുണ്ട്. അങ്ങനെ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെയുമുണ്ട് നിരവധി പേർ. അതിൽ മലയാളികളും ധാരാളം. മിമിക്രി താരങ്ങളെ കണ്ടതോടെ പലരും അടുത്തുകൂടി. കാര്യമന്വേഷിച്ചപ്പോൾ പേടിക്കേണ്ട, ഇവിടെ ഇങ്ങനെ പതിവാണ്, വഴിയരികിൽ നിൽക്കുന്നവരെ പിടിച്ചുകൊണ്ടുവന്ന് ചോദ്യം ചെയ്യുന്നതാണ്, പിന്നീട് വിട്ടയക്കുമെന്ന് അവർ മറുപടി നൽകി. അങ്ങനെ അങ്ങനെ നിൽക്കവെയാണ് മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കനായി യന്ത്രവുമായി അവർ വരുന്നത്. പരിശോധനയിൽ അഞ്ച് മിമിക്രി താരങ്ങളും കുടുങ്ങി. മദ്യം കഴിച്ചിട്ടില്ലാത്ത മമ്മി സെഞ്ചുറിയെ വിട്ടയച്ചു. പിറ്റേദിവസം വെള്ളിയാഴ്ചയാണ്. അവിടെ കോടതികൾ പ്രവർത്തിക്കില്ല.
അകത്തായവർ ഇല്ലാതെ തന്നെ മസ്കറ്റിലേക്ക് പോകേണ്ട ടീം പോയി. ടിക്കറ്റ് ക്യാൻസൽ ചെയ്തു മമ്മി സെഞ്ച്വറി ദുബായിൽ തന്നെ തുടർന്നു. അടുത്ത ദിവസം കോടതിയിൽ ഹാജരാക്കിയെങ്കിലും ആർക്കും ജാമ്യം ലഭിച്ചില്ല. എന്ത് ചെയ്യണം എന്നറിയാത്ത ദിവസങ്ങൾ.
ആ ദിവസങ്ങളിൽ സഹായവുമായി എത്തിയത് രണ്ടുപേർ മാത്രമാണ് എന്ന് അദ്ദേഹം ഓർക്കുന്നു. ദുബായ് എന്ന സിനിമയുടെ ചിത്രീകരണത്തിന് എത്തിയ മമ്മൂട്ടി വിവരമറിഞ്ഞ് വിളിച്ചു. പിന്നീട് ദുബായ് ഷെയ്ക്കിന്റെ പി എ യെ വിളിച്ച് കാര്യം സംസാരിച്ചു.
മദ്യം കഴിക്കാത്ത മമ്മൂട്ടിയാണ് ഇവർ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന് അറിഞ്ഞിട്ടുപോലും വിഷയത്തിൽ ഇടപെട്ടത്. എന്നാൽ മദ്യപിക്കുന്ന ചില താരങ്ങൾ ഈ സംഭവമറിഞ്ഞ് അകത്തായവരെ കളിയാക്കി ചിരിക്കുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. അന്ന് സഹായത്തിന് എത്തിയ മറ്റൊരാൾ നടൻ ദിലീപ് ആണ്. ദുബായിൽ സഹോദരിയുടെ വീട്ടിലെത്തിയിരുന്ന ദിലീപ് വിവരമറിഞ്ഞ് ഹോട്ടലിൽ തിരക്കിയെത്തി.
പിന്നീട് തന്നെയും കൂട്ടി ദുബായ് ജയിലിൽ കിടക്കുന്നവരെ കാണാൻ പോയി.5 -6 ദിവസങ്ങൾക്ക് ശേഷമാണ് മുഴുവൻ പേർക്കും ജാമ്യം ലഭിച്ചത്.ഗൾഫിലെ സ്റ്റേജ് ഷോകളെ കുറിച്ച് ഓർക്കുമ്പോൾ ആ ദിവസങ്ങൾ ഇപ്പോഴും ഓർമ്മയിൽ വരും. പിന്നീട് ഗൾഫ് ഷോയ്ക്ക് പോകുന്ന പല മിമിക്രി താരങ്ങൾക്കും ഒരു പാഠം കൂടിയായിരുന്നു അന്ന് ഉണ്ടായ അനുഭവം.
വീഡിയോ കാണാനായി യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യൂ