മലയാള സിനിമയിലെ പുഴുക്കുത്തുകളെ കുറിച്ച് തുറന്നുപറയുന്ന ആളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബാദുഷയുടെ കൊള്ളരുതായ്മകൾ അദ്ദേഹം എണ്ണിയെണ്ണി പറയുന്നു. മലയാള സിനിമയെ കാർന്നുതിന്നുന്ന ക്യാൻസറാണ് ബാദുഷ. ഒരു സമയം ഒരു സിനിമയിലെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യാവൂ എന്ന ചട്ടമുള്ളപ്പോൾ യൂണിയൻറെ നേതൃത്വത്തിൽ ഇരുന്ന് ബാദുഷ അത് ലംഘിക്കുകയാണ്. പലരെയും വെട്ടിച്ച് കോടികളാണ് അയാൾ സമ്പാദിക്കുന്നത്. ജോജു ജോർജിനെ രണ്ടു സിനിമയിൽ 60 ലക്ഷം രൂപയ്ക്ക് കരാർ ആക്കിയിട്ട് നിർമ്മാതാവിനോട് ഒരുകോടി വാങ്ങിയ കാര്യവും ശാന്തിവിള ദിനേശ് പറയുന്നു. ബാദുഷക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടി പറയാതെ അത് പ്രിയദർശന് എതിരെയാണെന്ന് വരുത്തിതീർക്കാനും മറ്റുമാണ് അയാൾ ശ്രമിച്ചത്. എന്നാൽ പ്രിയദർശന് തന്നോട് യാതൊരു ദേഷ്യവും ഇല്ല. വീഡിയോ തന്റെ സിനിമ പോലെ ആസ്വദിച്ചു എന്നാണ് പ്രിയദർശൻ തന്നെ ഫോണിൽ വിളിച്ച് പറഞ്ഞത്. ഭാര്യയുടെ അച്ഛൻ മരിച്ച ദിവസം ആയിരുന്നതിനാൽ അന്ന് അധികം സംസാരിക്കാനായില്ല. പിന്നീട് അദ്ദേഹത്തെ തിരിച്ചു വിളിക്കുകയും ദീർഘനേരം ഇക്കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. സംശയമുള്ളവർക്ക് പ്രിയദർശനോടു തന്നെ ഇക്കാര്യം ചോദിക്കാവുന്നതാണ്.
കെ ജി ജോർജിനെ കുറിച്ച് ചെയ്ത വീഡിയോയും ചിലർ തെറ്റിദ്ധാരണ പരത്താൻ ഉപയോഗിച്ചു. ജോർജിന്റെ ഭാര്യ സൽമയെ ഫോണിൽ വിളിച്ച് നിങ്ങൾക്കെതിരെ ശാന്തിവിള ദിനേശ് പറഞ്ഞത് കേട്ടില്ലേ, പരാതി കൊടുക്കണം, എല്ലാത്തിനും കൂടെയുണ്ടാകും എന്ന് ചിലർ പറഞ്ഞു. അങ്ങനെ അവർ പരാതി കൊടുക്കുകയും അടുത്തദിവസം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സൈബർ സെല്ലിൽ നിന്നും ഒക്കെ തന്നെ വിളിക്കുന്ന സാഹചര്യവും ഉണ്ടായി. കെ ജി ജോർജിനെ വീട്ടുകാർ ഉപേക്ഷിച്ചു എന്നല്ല താൻ പറഞ്ഞത്. എന്ത് കാരണത്താലായാലും വൃദ്ധസദനത്തിൽ കഴിയേണ്ട ആളല്ല കെ ജി ജോർജ്. അത് എത്ര ഹൈടെക് വൃദ്ധസദനം ആയാലും.
ഗൾഫിൽ ജോലി ചെയ്യുന്ന മകൾക്കും രോഗത്തിൻറെ ബുദ്ധിമുട്ടുകൾ ഉള്ള ഭാര്യക്കും ഒക്കെ പരിമിതികൾ ഉണ്ടാവാം. എന്നാൽ സംസ്ഥാന സർക്കാരിന് എന്തുകൊണ്ട് ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്ത് കെ ജി ജോർജിനെ പാർപ്പിച്ചു കൂടാ. അദ്ദേഹത്തിന് ലോക ക്ലാസിക് സിനിമകളും പുസ്തകങ്ങളും ഒക്കെ ആസ്വദിക്കാൻ അവസരം നൽകിക്കൂടാ. പരമാവധി മാസം ഒരു ലക്ഷം രൂപ അതിന് ചിലവ് വന്നേക്കാം. സർക്കാരിന് പറ്റില്ലെങ്കിൽ ഡയറക്ടേഴ്സ് യൂണിയന് അത്ചെയ്തുകൂടെ. സൂപ്പർതാരം മമ്മൂട്ടിക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് ശാന്തിവിള തുറന്നടിക്കുന്നു. മമ്മൂട്ടിയെ മമ്മൂട്ടി ആക്കിയ സംവിധായകനാണ് കെ ജി ജോർജ്. വൃദ്ധസദനത്തിൽ നിന്ന് മാറ്റി അദ്ദേഹത്തെ സംരക്ഷിക്കാൻ എന്തുകൊണ്ട് മമ്മൂട്ടിക്ക് കഴിയുന്നില്ലെന്ന് ശാന്തിവിള ദിനേശ് ചോദിച്ചു.
വീഡിയോ മുഴുവനായി കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ