കോട്ടയം സ്നേഹക്കൂടിൽ എത്തുന്നവർ ആദ്യം ഒന്ന് അമ്പരക്കും. വെള്ളിത്തിരയിൽ കണ്ട പലരെയും ഇവിടെ നേരിട്ട് കാണാം.
ആരും മോശക്കാരല്ല … എല്ലാവരും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരങ്ങളാണ്. എന്താണ് സംഗതി എന്നല്ലേ?
കോട്ടയത്തെ
സ്നേഹക്കൂട് എന്ന അഗതി മന്ദിരത്തിൽ കഴിയുന്ന അന്തേവാസികളാണ് കലാമികവുകൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുന്നത്. അഞ്ഞൂറാനായി വേഷം ഇടുന്ന വർഗീസ് മുതൽ ആനപ്പാറ അച്ചമ്മയും ആറാം തമ്പുരാനിലെ മഞ്ജുവാര്യരും ഒക്കെ ഇവിടെയുണ്ട്.
കുതിരവട്ടം പപ്പു , മോഹൻലാൽ, പ്രേം നസീർ എന്നിവരെയൊക്കെ ഇവർ അനുകരിക്കും. പ്രായവും പദവിയും ഒന്നും കലാപ്രവർത്തനത്തിന് തടസ്സമല്ല എന്ന് തെളിയിക്കുകയാണ് ഇവർ. പൂർണ്ണ സപ്പോർട്ടുമായി സ്നേഹക്കൂട് നടത്തിപ്പുകാരായ നിഷയും അരുണും ഒപ്പം ഒരുപറ്റം ചെറുപ്പക്കാരും ഉണ്ട്. ഈ ചെറുപ്പക്കാരാണ് അന്തേവാസികളെ പരിശീലിപ്പിക്കുന്നത്.റീൽസ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ എല്ലാവരും താരങ്ങളായി.
പലരും ആശുപത്രികളിൽ പോകുമ്പോൾ പോലും തിരിച്ചറിയപ്പെടുന്നു. ഒരിക്കൽ വീട്ടുകാർ ഉപേക്ഷിച്ചവർ ഇന്ന് സമൂഹമാധ്യമങ്ങളിൽ താര പദവി ഉള്ളതിനാൽ എവിടെ ചെന്നാലും തിരിച്ചറിയപ്പെടുന്നു എന്നത് ചെറിയ കാര്യമല്ലല്ലോ. ഇതൊരു മധുര പ്രതികാരം കൂടി ആണെന്നാണ് സ്നേഹക്കൂട് അധികൃതർ പറയുന്നത്. ഇവരെ ഉപേക്ഷിച്ചവർക്ക് ഇത് കണ്ടിട്ടെങ്കിലും കുറ്റബോധം ഉണ്ടാകുന്നെങ്കിൽ ഉണ്ടാകട്ടെ. ഇവരുടെ കഴിവുകൾ തിരിച്ചറിയാതെ പോയതിൽ, ഇവരിപ്പോൾ സന്തോഷത്തോടെ ഇരിക്കുന്നത് കാണുമ്പോൾ അവർക്ക് കുറ്റബോധം ഉണ്ടായെങ്കിൽ നല്ലത്.ഇനിയെങ്കിലും മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർ അതിനുമുമ്പ് ഒന്ന് ചിന്തിക്കുക, തങ്ങൾ ചെയ്യുന്നത് ശരിയാണോ എന്ന് …