അമ്മ ക്യാൻസർ ബാധിച്ച് മരിച്ചു. അച്ഛൻ ഉപേക്ഷിച്ചു പോയി. അശ്വതിയെന്ന കുരുന്നിന് ജീവിതത്തിൽ പ്രതീക്ഷിക്കാൻ ഒന്നുമില്ലായിരുന്നു. ഒരു വീടെന്ന സ്വപ്നവും ഉള്ളിൽപേറി അമ്മൂമ്മയ്ക്കും അപ്പൂപ്പനുമൊപ്പം കഴിഞ്ഞ കുട്ടി. എന്നാൽ നന്മ വറ്റാത്ത മനസുകൾ സമൂഹത്തിൽ ഏറെയായിരുന്നു. അവരുടെ കൈത്താങ്ങിൽ അവളുടെ സ്വപ്നം സഫലമായി.
തിരുവനന്തപുരം സ്വദേശിനി അശ്വതിക്ക് വീട് വച്ച് കൊടുത്തത് നാട്ടിലെ പൊതുപ്രവർത്തകർ അടക്കമുള്ളവരുടെ ശ്രമഫലമായാണ്.
അവൾക്ക് രണ്ടര വയസുള്ളപ്പോഴാണ് അമ്മ മരിച്ചത്. തുടക്കം മുതൽ ആളുകൾ ഈ കുരുന്നിനെ സഹായിച്ചു. ആദ്യം ചെയ്തത് അവളുടെ പേരിൽ കുറച്ചു പണം ബാങ്കിലിടുക എന്നതാണ്. പിന്നീട് അമ്മൂമ്മയ്ക്കും കാൻസർ ബാധിച്ചതോടെ അശ്വതിയുടെ ജീവിതം വീണ്ടും ഇരുട്ടിലായി. എന്നാൽ നല്ല മനസിന് ഉടമകൾ വീണ്ടും അവളെ തേടിയെത്തി. ആദ്യം സ്ഥലം വാങ്ങി. പിന്നാലെ വീടും. കോൺഗ്രസ് പ്രവർത്തകർ അടക്കം പലരും ഇക്കാര്യത്തിൽ നിർണായക സഹായം നൽകി. അവരോടെല്ലാം അശ്വതിക്ക് ഒന്നേ പറയാനുള്ളൂ. ഞാൻ നന്നായി പഠിച്ച് നല്ല ജോലി നേടും. എന്നിട്ട് കഷ്ടപ്പെടുന്നവരെ എല്ലാം സഹായിക്കും.