പുനലൂർ കുര്യോട്ടുമല ആദിവാസി കോളനിയിലെ ബൈജു എന്ന യുവാവ്. പുനലൂർ ടൗണിൽ ഓട്ടോ ഡ്രൈവർ ആയിരുന്ന ബൈജു ഹൃദയാഘാതം മൂലം അടുത്തിടെയാണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട ബൈജു സ്വയം ഓട്ടോറിക്ഷ ഓടിച്ചു പോയി ഒരു സുഹൃത്തിനെ കൂട്ടിയാണ് ആശുപത്രിയിൽ എത്തിയത്. എന്നാൽ അവിടെ തികഞ്ഞ അവഗണനയായിരുന്നു ഫലം. പ്രാഥമിക രക്ഷാ മാർഗങ്ങൾ ഒന്നും ബൈജുവിന് ലഭിച്ചില്ല. മരുന്നോ ഇഞ്ചക്ഷനോ ഒന്നും നൽകിയില്ല എന്നതുപോട്ടെ, കൃത്യമായി പരിശോധന പോലും ആദ്യം നടത്തിയില്ല.
ECG എടുത്തപ്പോൾ വേരിയേഷൻ ഉണ്ടെന്ന് കണ്ടിട്ട് പോലും അധികൃതർ തികഞ്ഞ അവഗണന കാട്ടി. ബൈജുവിന്റെ ഭാര്യയും മറ്റും എത്തുമ്പോൾ ഒരിറ്റു ശ്വാസത്തിനുവേണ്ടി പിടയുന്ന രോഗിയെയാണ് കണ്ടത്. യഥാസമയം ചികിത്സ കിട്ടാതെയാണ് ബൈജു മരിച്ചതെന്ന് പൊതുപ്രവർത്തകരും സുഹൃത്തുക്കളും എല്ലാം പറയുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിൻറെ വാക്കുകളും ഇത് ശരിവയ്ക്കുന്നു. കൃത്യമായ യാതൊരു രക്ഷാമാർഗ്ഗങ്ങളും എന്തുകൊണ്ടാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ഈ ആദിവാസി യുവാവിന് ലഭിക്കാതെ പോയത്. ഇതിന് ബന്ധപ്പെട്ടവർ മറുപടി പറയണമെന്ന ആവശ്യമാണ് ഈ നാട്ടിലെ പൊതുപ്രവർത്തകർ ഉന്നയിക്കുന്നത്.
DMO അടക്കം പ്രതികരിക്കണം. ഇനി ആർക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്. മുമ്പ് രണ്ടുതവണ ഹൃദയാഘാതം ഉണ്ടായ ആളാണ് എന്ന് പറഞ്ഞിട്ട് പോലും എന്തുകൊണ്ടാണ് ആശുപത്രി ജീവനക്കാർ ഈ യുവാവിന് വേണ്ടത്ര പരിഗണന നൽകാഞ്ഞത്. മറ്റ് ഏതെങ്കിലും ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് യഥാസമയം കൊണ്ടുപോകാൻ പോലും ആരും സജ്ജീകരണം ചെയ്തില്ല. ആദിവാസികളോട് പൊതുവേ തികഞ്ഞ അവഗണനയാണ് ഈ ആശുപത്രിയിൽ കാട്ടുന്നത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം. സൗജന്യമായി മരുന്നുകൾ ലഭിക്കുമെന്ന് പറഞ്ഞിട്ട് കിട്ടുന്നത് പേരിനു മാത്രമാണ്. എപ്പോഴും പുറത്തുനിന്ന് മരുന്നും പരിശോധനകളും എഴുതിക്കൊടുക്കുകയാണ് ചെയ്യുന്നത്. ഇതൊന്നും ചോദിക്കാൻ ആരുമില്ല. ബൈജുവിന്റെ കുഴിമാടത്തിന് അരികിൽ എങ്ങനെ ജീവിക്കണം എന്നറിയാതെ കാത്തിരിക്കുകയാണ് ഒരു യുവതിയും അഞ്ചു മക്കളും. സ്ഥലം എംഎൽഎ ആയ കെ ബി ഗണേഷ് കുമാർ ഇതൊന്നും അറിയാഞ്ഞിട്ടാണോ, അതോ അറിഞ്ഞിട്ടും അറിയാത്ത മട്ട് കാണിക്കുന്നതാണോ, ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.കവല പ്രസംഗം നടത്തുന്നതാണ് ജനസേവനം എന്ന് ധരിക്കുന്ന എംഎൽഎ ഒന്ന് ഇരുത്തി ചിന്തിക്കണം. സ്വന്തം മണ്ഡലത്തിലെ ഒരു ആദിവാസി യുവാവ് നേരിട്ട ദുരവസ്ഥ എന്തുകൊണ്ടാണ് എംഎൽഎ കാണാതെ പോകുന്നത്. ഇനി ആർക്കും ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കാൻ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്.
അഞ്ച് കുഞ്ഞുങ്ങളുമായി എന്തുചെയ്യണമെന്നറിയാതെ കഴിയുകയാണ് ബൈജുവിന്റെ ഇപ്പോഴത്തെ ഭാര്യ സുവിധ. ബൈജുവിന്റെ ആദ്യ ബന്ധത്തിലുള്ള രണ്ട് ആൺകുട്ടികളെയും നോക്കുന്നത് ഈ യുവതിയാണ്. ബൈജുവിന്റെ ആദ്യ ഭാര്യ വേറെ വിവാഹം കഴിച്ചു താമസിക്കുകയാണ്. അവരുടെ ഇളയ ആൺകുഞ്ഞിനെ ഒരു വയസ്സുള്ളപ്പോൾ മുതൽ സുവിധയാണ് വളർത്തുന്നത്. ഇപ്പോൾ ആ കുട്ടിക്ക് ഏഴ് വയസ്സായി. അവനും ചേട്ടനും ഒരേ സ്വരത്തിൽ പറയുന്നു, ഞങ്ങൾ ഇനി ഈ അമ്മയെ വിട്ടു എങ്ങോട്ടും പോകില്ലെന്ന്. ആര് ചോദിച്ചാലും തൻറെ മക്കളോടൊപ്പം തന്നെ ഇവരെയും സ്നേഹിച്ച് വളർത്താനാണ് ഈ യുവതിക്കും താല്പര്യം. ആരുടെയെങ്കിലും കൈത്താങ്ങ് ഉണ്ടെങ്കിൽ മാത്രമേ ഇനി ഈ കുടുംബം മുന്നോട്ടു പോകു. ഇവരെ സംരക്ഷിക്കേണ്ട ബാധ്യത സമൂഹത്തിൽ ഓരോരുത്തർക്കും ഉണ്ട്
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ