ചെരുപ്പിടാത്ത ഒരു ഗ്രാമം. അതാണ് തമിഴ്നാട്ടിലെ ആൻഡമാൻ എന്ന ഗ്രാമം …
പേരുകേട്ടാൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളോട് സാമ്യം തോന്നാം. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ഇതും ഒരു ദ്വീപാണ്. മറ്റ് നാടുകളിൽ നിന്നെല്ലാം വേറിട്ട ആചാരമുള്ള ഒരു തുരുത്ത്.
ഈ ഗ്രാമത്തിൽ ചെരുപ്പിട്ട് നടക്കാൻ ആർക്കും കഴിയില്ല. ഗ്രാമത്തിന്റെ മധ്യത്തിൽ തന്നെയുള്ള കോവിലിലെ ദൈവത്തിന് അത് ഇഷ്ടമല്ലെന്നാണ് ഇവരുടെ വിശ്വാസം. ശങ്കരിക്കറുപ്പ് എന്നാണ് ആ ദൈവത്തിൻറെ പേര്. ആരെങ്കിലും ചെരുപ്പിട്ട് നടന്നാൽ അവർക്ക് മാറാരോഗങ്ങൾ വരും. കുടുംബത്ത് മുഴുവൻ പ്രശ്നങ്ങൾ ഉണ്ടാകും. ചിലപ്പോൾ മരണം വരെ സംഭവിക്കാം. ഗ്രാമത്തിലെ കുഞ്ഞു കുട്ടികളടക്കം മുഴുവൻ ജനങ്ങളും ഇത് പാലിക്കുന്നു. പുറത്തുപോയിട്ട് വരുന്നവർ ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ ചെരുപ്പഴിച്ച് കയ്യിൽ പിടിക്കും. ചിലർ തലയിൽ ചുമക്കും. അങ്ങനെയാണ് നടന്ന് വീട്ടിലേക്ക് പോകുന്നത്. തിരിച്ച് പുറത്തേക്ക് പോകുന്നവരും വീടുകളിൽ നിന്ന് ചെരുപ്പ് കയ്യിലെടുത്താണ് പോകുന്നത്. ഗ്രാമത്തിന് പുറത്ത് എത്തുമ്പോൾ മാത്രമാണ് ചെരുപ്പ് അണിയാൻ കഴിയുക.
കടുത്ത വെയിലിൽ കാല് പൊള്ളിയാലും പെരുമഴ പെയ്താലും ഒന്നും ഇതിന് മാറ്റമില്ല.
കാലങ്ങളായി ഇവിടെ ഇങ്ങനെ തന്നെയാണ്.ഗ്രാമത്തിലെ എല്ലാവർക്കും ഇക്കാര്യത്തിൽഏറെ വിശ്വാസമാണ്. ഇത് ലംഘിച്ച പലരും അനുഭവിച്ച ദുരിതങ്ങൾ പറയുന്നതിന്റെ നേർക്കാഴ്ചകളും ഇവിടെ കണ്ടു. തൻറെ ഭർത്താവ് ഇക്കാര്യം ലംഘിച്ചതിനാൽ ഏറെ അനുഭവിച്ചതും പിന്നീട് മാപ്പുപറഞ്ഞ് രക്ഷപ്പെട്ടതും ഒരു സ്ത്രീ ഓർക്കുന്നു. എന്തായാലും വേറിട്ട ആചാരങ്ങൾ, വിശ്വാസങ്ങൾ, അത് കണ്ടും അനുഭവിച്ചും അറിയേണ്ടത് തന്നെയാണ്. അത്തരത്തിലുള്ള വേറിട്ട ആചാരത്തിന് ഉദാഹരണമാണ് ആൻഡമാൻ ഗ്രാമത്തിലെ ചെരുപ്പിനോടുള്ള ഈ അയിത്തം.
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ