സാധാരണ ഒരു ആൾ ദൈവത്തെയാണ് കാണാറുള്ളത്. ഇവിടെ മുഴുവൻ ദൈവങ്ങളാണ്. ഏറെയും അമ്മ ദൈവങ്ങൾ. അണിഞ്ഞൊരുങ്ങി ദൈവമായി ഇരുന്ന് ഭക്തരെ അനുഗ്രഹിക്കുകയും പ്രവചനം നടത്തുകയും ഒക്കെ ചെയ്യുകയാണ് ഇവർ. തമിഴ്നാട്ടിലെ ഈ സ്ഥലത്ത് നിരവധി അവതാരങ്ങളെ കാണാം. കൂട്ടത്തിൽ ഒരു ഹിജഡ ദൈവത്തെയും കണ്ടു. വായിൽ വരുന്നതൊക്കെ വിളിച്ചു പറയുകയാണ് ഇവരുടെ പ്രധാന രീതി.
കാകൃത, കൂകൃത എന്നൊക്കെ വിളിച്ചു പറയും. കേൾക്കുന്നവർക്ക് ഒന്നും മനസ്സിലാകണം എന്നില്ല. ചിലർക്ക് നല്ല കൊയ്ത്താണ്. മറ്റു ചിലർക്ക് ആകട്ടെ മഷിയിട്ട് നോക്കിയാൽ പോലും ഒരാളെ കിട്ടാനില്ല. പല പ്രശ്നങ്ങൾ പറഞ്ഞ് നിരവധി ആളുകളാണ് ഇവരെ തേടിയെത്തുന്നത്. ജോലി കിട്ടാത്തതും കുട്ടികളില്ലാത്തതും കല്യാണം നടക്കാത്തതും ഒക്കെ പരിദേവനങ്ങളായി ഈ ദൈവങ്ങളുടെ മുമ്പിൽ കെട്ടഴിക്കുന്നു. ദൈവങ്ങളുടെ അനുഗ്രഹം വാങ്ങി മടങ്ങുന്നു. ബാധ ഒഴിപ്പിക്കാൻ എത്തിയ ചിലരെയും കണ്ടു. ഒരു യുവതിയുടെ ശരീരത്തിൽ അച്ഛൻറെ ബാധ കയറിയതാണ്. ദൈവത്തിൻറെ മന്ത്രം കൂടുംതോറും ബാധയേറ്റ ആൾക്ക് അനക്കവും വർദ്ധിച്ചു.
ഒടുവിൽ നാരങ്ങാവെള്ളം കൊടുത്ത് ബാധ ഒഴിപ്പിച്ചു.
സകല ഉടായിപ്പുകളും വന്നുചേർന്ന ഒരു ഇടം എന്ന് ഇതിനെ വിശേഷിപ്പിക്കുന്നതാകും നല്ലത്. ഇവിടെ വരുന്നതൊക്കെ ഓരോരുത്തരുടെ വിശ്വാസമാണ്. പക്ഷേ പട്ടാപ്പകൽ പരസ്യമായിരുന്ന് ആളുകളെ പറ്റിക്കുന്ന ഈ പരിപാടി അതിഗംഭീരം എന്നല്ലാതെ എന്തു പറയാൻ