സ്പൈഡർമാൻ ബാഹുലേയൻ. ഈ പേര് സാധാരണക്കാർക്ക് അത്ര പരിചിതമല്ലെങ്കിലും കേരള പോലീസിന് മറക്കാൻ ആവാത്തതാണ്. അത്രമാത്രം അവരെ വട്ടം ചുറ്റിച്ചിട്ടുണ്ട് തിരുവനന്തപുരം സ്വദേശിയായ ഈ സ്പൈഡർമാൻ.അടുത്തകാലത്ത് നടന്ന നിരവധി മോഷണങ്ങൾ. എല്ലാത്തിനും ചില പൊതുസ്വഭാവങ്ങൾ ഉണ്ട്.ജനലഴികൾക്കിടയിൽ കൂടിയാണ് മോഷ്ടാവ് വീട്ടിനകത്ത് പ്രവേശിക്കുന്നത്. കമ്പി അല്പം വളച്ച് ഗ്യാപ്പ് ഉണ്ടാക്കിയോ ഒരു അഴി എടുത്തു മാറ്റിയോ ഒക്കെ അയാൾ അനായാസം വീടിന് അകത്ത് കയറും. ആളില്ലാത്ത വീടുകളിലാണ് മോഷണം. മോഷണത്തിനു മുമ്പ് എല്ലായിടത്തും മദ്യപിച്ച ലക്ഷണങ്ങളും ഉണ്ട്. കയ്യിൽ കിട്ടിയത് എന്തും എടുത്തുകൊണ്ടു പോകും. സ്വർണ്ണവും പണവും തന്നെ വേണമെന്ന് ഒരു നിർബന്ധവും ഇല്ല. ആരെയും ഉപദ്രവിച്ചിട്ടുമില്ല. അപ്പോഴാണ് പോലീസ് ഒന്ന് ആലോചിച്ചത്. ഇങ്ങനെയൊക്കെയാണെങ്കിൽ അത് അവൻ തന്നെ.
സ്പൈഡർമാൻ ബാഹുലേയൻ പിള്ള. പക്ഷേ അയാൾ ഇപ്പോഴും ജയിലിന് അകത്തല്ലേ? അവർ രേഖകൾ പരിശോധിച്ചു. ഊഹം തെറ്റിയില്ല. ഒരുമാസം മുമ്പ് ബാഹുലേയൻ ഇറങ്ങിയിട്ടുണ്ട്.
പൊലീസ് അന്വേഷണം തുടങ്ങി. എവിടെ കിട്ടാൻ. എന്നാൽ മോഷണങ്ങൾ തുടർന്നുകൊണ്ടിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് മോഷണം നടന്ന ഒരു വീട്ടിൽ നിന്ന് ബാലരാമപുരം ബിവറേജസിലെ ഒരു ബില്ല് ലഭിക്കുന്നത്. പോലീസ് സിസിടിവി പരിശോധിച്ചു. അതാ തൊപ്പിയൊക്കെ ധരിച്ച് നമ്മുടെ സ്പൈഡർമാൻ മദ്യം വാങ്ങാൻ നിൽക്കുന്നു. മറ്റ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി. പാറശാലയിൽ നിന്ന് മോഷ്ടിച്ചു കൊണ്ടുവന്ന ഒരു ബൈക്കിലാണ് ബാഹുലേയന്റെ സഞ്ചാരം. അങ്ങനെ തന്ത്രപൂർവ്വം പോലീസ് അയാളെ വീണ്ടും വലയിലാക്കി.
ഈ ബാഹുലേയൻ എങ്ങനെയാണ് മോഷ്ടാവ് ആയത് എന്നറിയണ്ടേ? അമ്മ ഹെഡ് നേഴ്സ്. അച്ഛൻ ഷോപ്പ് ഉടമ. രണ്ട് സഹോദരങ്ങൾ.പക്ഷേ ബാഹുലേയൻ ഏഴാം ക്ലാസിൽ പഠിത്തം നിർത്തി. അയൽ വീട്ടിൽ നടത്തിയ ഒരു ചെറിയ മോഷണം. അതാണ് അയാളുടെ ജീവിതം മാറ്റിമറിച്ചത്. എല്ലാവരും കള്ളൻ എന്നു വിളിച്ച് പരിഹസിച്ചു. ഒടുവിൽ ബാഹുലേയൻ ഉറപ്പിച്ചു, ഇനി എൻറെ വഴി ഇതുതന്നെ. ഇനിയെന്നും ഞാൻ കള്ളനായിരിക്കും. അങ്ങനെ നൂറുകണക്കിന് മോഷണങ്ങൾ.
ഇതിനിടെ ആരെയും ഉപദ്രവിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മോഷണം നടത്തിക്കൊണ്ടിരിക്കുമ്പോൾ ആരെങ്കിലും വീട്ടുകാർ വന്നാലും എന്തെങ്കിലും കുശലം പറഞ്ഞ് അവരെ ഇയാൾ അമ്പരപ്പിക്കും. ഇത് ആരെന്നറിയാതെ അവർ പകച്ചു നിൽക്കുമ്പോൾ ബാഹുലേയൻ രക്ഷപ്പെട്ടിട്ടുണ്ടാവും. എന്തായാലും ഇക്കുറി പിടിയിലാകുമ്പോൾ ഇനി മോഷണം ഇല്ല എന്നാണ് ബാഹുലേയൻ പോലീസുകാരോട് പറയുന്നത്. ഇപ്പോൾ 54 വയസുണ്ട്. പിടിക്കപ്പെടുമ്പോൾ എല്ലാം തുറന്നു പറയുന്ന ബാഹുലേയന് കോടതിയും വലിയ ശിക്ഷ ഒന്നും നൽകാറില്ല. സ്പൈഡർമാൻ ഇനിയും പുറത്തിറങ്ങി മോഷണം തുടരുമോ ? കാത്തിരുന്ന് കാണാം.
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ