പലതരം അവകാശവാദങ്ങൾ ഉന്നയിക്കുന്നവരുണ്ട്. പക്ഷേ അതെല്ലാം കടത്തിവെട്ടും കൃഷ്ണൻ വൈദ്യർ. ലോകത്ത് കൃഷ്ണൻ വൈദ്യർക്ക് അപ്പുറം ഒരു ശാസ്ത്രജ്ഞൻ ഇല്ല എന്ന് തോന്നും അവകാശവാദങ്ങൾ കേട്ടാൽ. ശാസ്ത്രം മാത്രമല്ല പല മേഖലകളിൽ ഒരേ സമയം കൃഷ്ണൻ വൈദ്യർ സജീവമാണ്.ഇപ്പോൾ പുതിയൊരു പരീക്ഷണത്തിലാണ് കൃഷ്ണൻ വൈദ്യർ.
അത് വിജയകരമായാൽ ആൽബർട്ട് ഐൻസ്റ്റീനും എഡിസണും ഒക്കെ മാറി നിൽക്കേണ്ടിവരും. അമ്മാതിരി തള്ളാണ് വൈദ്യൻ തള്ളുന്നത്. എന്താണെന്നല്ലേ? ഇന്ധനം സ്വയം ഉണ്ടാക്കുന്ന ഒരു പരിപാടിയുടെ പരീക്ഷണത്തിലാണ് വൈദ്യൻ. കാറിനും ബസ്സിനും എന്നുവേണ്ട കപ്പലിനും വിമാനത്തിനും വരെയുള്ള ഇന്ധനങ്ങൾ തനിക്ക് ഉണ്ടാക്കാൻ കഴിയും എന്നാണ് വൈദ്യന്റെ അവകാശവാദം. ഇത് എങ്ങനെ സാധിക്കും എന്ന് ചോദിച്ചാൽ പുഴയുടെയോ കുളത്തിന്റെയോ അരികിൽ ഒരു നൂറു മീറ്റർ സ്ഥലം കൊടുത്താൽ മതി. നീളമുള്ള കുറച്ച് പൈപ്പും വേണം. വെള്ളം പൈപ്പിൽ കൂടി എടുത്ത് ബാരലുമായി ഘടിപ്പിക്കണം എന്നൊക്കെ പറഞ്ഞു വൈദ്യൻ പുളുവടി തുടരുകയാണ്. ടാറ്റായ്ക്കോ ബിർലയ്ക്കോ ഒക്കെ വേണമെങ്കിൽ സാങ്കേതികവിദ്യ കൈമാറാൻ തയ്യാറാണ്. താൻ കണ്ടുപിടിക്കുമെന്നേയുള്ളൂ. ബാക്കി ചെയ്യുന്നതൊക്കെ അത്തരം കമ്പനികൾ ചെയ്തുകൊള്ളട്ടെ. ലോകത്തിന് മുഴുവൻ രക്ഷപ്പെടാനുള്ള മാർഗങ്ങൾ തൻറെ പക്കൽ ഉണ്ടെന്നാണ് വൈദ്യൻ പറയുന്നത്.വൈദ്യുതി വീടാവശ്യത്തിന് സ്വന്തമായി ഉണ്ടാക്കാൻ കഴിയുമെന്നും വൈദ്യൻ അവകാശപ്പെടുന്നു. ഒരു വലിയ ടാങ്ക് പണിഞ്ഞാൽ മതിയത്രെ. അതിനെയൊക്കെ കടത്തിവെട്ടും ചികിത്സ സംബന്ധമായ അവകാശവാദങ്ങൾ കേട്ടാൽ.
എയ്ഡ്സ് രോഗം പോലും താൻ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ടെന്ന് വൈദ്യൻ പറയുന്നു. ക്യാൻസർ ഒന്നും ഈ വൈദ്യന്റെ മുമ്പിൽ രോഗമേ അല്ല. മന്ദബുദ്ധി ആയിരുന്ന ഒരു കുട്ടിയെ മണിക്കൂറുകൾകൊണ്ട് മിടുക്കനാക്കി മാറ്റി. വേറൊരു കാര്യം കൂടി ഉണ്ട്. പാമ്പ് കടിച്ച് മരിച്ചാൽ ഏഴു ദിവസം വരെ ശരീരത്തിൽ ജീവൻ ഉണ്ടാകുമെന്നും തന്റെ അടുത്ത് എത്തിച്ചാൽ തിരികെ ജീവൻ വയ്പിക്കും എന്നുമാണ് വൈദ്യന്റെ അവകാശവാദം.
പേവിഷം ബാധിച്ചാലും സുഖപ്പെടുത്തും. എന്തായാലും കേരളത്തിനെന്നല്ല ലോകത്തിനുതന്നെ ഒരു മുതൽക്കൂട്ടാണ് ഈ കൃഷ്ണൻ വൈദ്യൻ. വൈദ്യന്റെ വാക്കുകൾ വിശ്വസിച്ച് ആരും മരിച്ചവരെ അടക്കം ചെയ്യാതെ വച്ചുകൊണ്ടിരിക്കരുത് എന്ന് മാത്രം ഒരു അപേക്ഷയുണ്ട്.
ചീഞ്ഞുനാറി പോകും …
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ