വിശ്വാസം പലവിധമാണ്. ചിലർക്ക് അന്ധമായ ദൈവവിശ്വാസം ആണ്. ചിലർ ആൾദൈവങ്ങളെ വിശ്വസിക്കുന്നു. മറ്റുചിലരാകട്ടെ ആരാധന മൂത്ത് ചിലരെ ദൈവമായി പ്രഖ്യാപിക്കുന്നു. അങ്ങനെയൊരു ദൈവത്തെ കണ്ടത് തമിഴ്നാട്ടിലാണ്. തമിഴ്നാട്ടിലെന്നല്ല ഇന്ത്യയിൽ ആദ്യമായി ഒരു താരത്തിന് ക്ഷേത്രം വന്നത് ഇവിടെയാണ്. രജനീകാന്ത് ആണ് ഇവിടുത്തെ പ്രതിഷ്ഠ. രജനിയുടെ പൂർണ്ണകായ പ്രതിമകൾ വരെ ഇവിടെയുണ്ട്. ക്ഷേത്രത്തിൻറെ
ചുവരിൽ നിറയെ രജനികാന്തിന്റെ നിരവധി ചിത്രങ്ങൾ. അദ്ദേഹത്തിന് വേണ്ടി തയ്യാറാക്കിയ പ്രത്യേകം മന്ത്രങ്ങളും ഇവിടെ എഴുതി വച്ചിരിക്കുന്നു. ചുവരിൽ നിറയെ രജനീകാന്തിന്റെ ഫോട്ടോകളും ഡയലോഗുകളും, ആരാധന മൂത്ത് രജനിക്കെഴുതിയ 150 കത്തുകളുടെ പകർപ്പ്, അദ്ദേഹത്തിൻറെ ബന്ധുക്കൾക്കൊപ്പം പോലുമുള്ള ഫോട്ടോകൾ …
വീട് മുഴുവൻ സർവ്വത്ര രജനിമയം.
ശ്രീകോവിലിലെ രജനീകാന്തിന്റെ പ്രതിമയിൽ പാലഭിഷേകവും ഒക്കെ പതിവാണ്. രജനിയുടെ പേരിലുള്ള മന്ത്രങ്ങൾ ചൊല്ലി ദീപാരാധനയും നടത്തും. നിരവധി വിശ്വാസികളും ക്ഷേത്രത്തിൽ എത്തുന്നുണ്ട്. രജനിദൈവത്തിനു മുന്നിൽ പ്രാർത്ഥിച്ചാൽ എന്തും നടക്കും എന്നാണ് ഇവരുടെയെല്ലാം വിശ്വാസം. ഒരു ചെറുപ്പക്കാരനാണ് ക്ഷേത്രത്തിനു പിന്നിൽ. വിമുക്തഭടനാണ് എന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ഇപ്പോൾ മാട്രിമോണിയൽ സർവീസും മറ്റും നടത്തുന്നു. രജനിയോടുള്ള ആരാധനയാണ് ക്ഷേത്രം പണിയാനുള്ള കാരണം. ഇപ്പോൾ വിശ്വാസികൾ പാലും മറ്റു സാധനങ്ങളും ഒക്കെ കൊണ്ടുവരും. എല്ലാവർക്കും ഈ ദൈവത്തിൽ പൂർണ്ണ വിശ്വാസമാണ്. രജനിയുടെ ഓരോ സിനിമ ഇറങ്ങുമ്പോഴും വിജയിക്കാനായി ഇവിടെ പ്രത്യേക പൂജകൾ നടത്തും. തങ്ങളുടെ പ്രാർത്ഥനയും വഴിപാടുമൊക്കെ സ്റ്റൈൽ മന്നന് ഏറെ ഗുണം ചെയ്യുന്നു എന്നാണ് ഇവരുടെ വിശ്വാസം. അതുപോലെ അദ്ദേഹത്തോട് പ്രാർത്ഥിച്ചാൽ തങ്ങളുടെ ആഗ്രഹങ്ങളും നടക്കും എന്നും ഇവർ കരുതുന്നു. ഓരോരോ വിശ്വാസങ്ങൾ എന്നല്ലാതെ എന്തു പറയാൻ…