ഇപ്പോഴത്തെ പല ആൾദൈവങ്ങൾക്കും ഭീകര രൂപമാണ്. വിശ്വാസികളെ വലയിലാക്കാൻ ഇതാണ് നല്ലതെന്ന് പലരും ധരിച്ചു വച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ഒരു ആൾദൈവമാണ് കാലഭൈരവൻ. ബാധ ഒഴിപ്പിക്കലാണ് കാലഭൈരവന്റെ പ്രധാന പരിപാടി. തമിഴ്നാട്ടിൽ കാലഭൈരവന്റെ ക്ഷേത്രത്തിൽ എത്തുമ്പോൾ നിരവധി വിശ്വാസികൾ അവിടെ ഉണ്ടായിരുന്നു. എല്ലാവരും കാലഭൈരവനിൽ വിശ്വസിച്ച് എത്തുന്നവർ. തന്റെ ഉള്ളിൽ പ്രേതം കയറിയിട്ടുണ്ട് എന്ന് ഇവരിൽ പലരും വിശ്വസിക്കുന്നു. ഇവരുടെ വിശ്വാസം മുതലെടുത്താണ് കാലഭൈരവന്റെ ചൂഷണം. ഭർത്താവിൻറെ ആത്മാവ് ദേഹത്ത് കയറിയിട്ടുണ്ട് എന്ന് പറഞ്ഞാണ് ഒരു സ്ത്രീ വന്നത്. അവരെ കാലഭൈരവൻ ആദ്യം തന്നെ ഭയപ്പെടുത്തി. അടിയും വേദനിപ്പിക്കലും ഒക്കെ ഇവിടെയുണ്ട്. ശരീരം നൊന്ത് കഴിയുമ്പോൾ മനസ്സിന്റെ സംശയം തനിയെ മാറും. പ്രേതം പോയി എന്നു പറഞ്ഞ് ആളുകൾ രക്ഷപ്പെടും. മറ്റൊരു തടിയനെയും കൊണ്ടുവന്നിരുന്നു.
ബൈക്കപകടത്തിൽ മരിച്ച കൂട്ടുകാരൻ കാത്തവരായൻ കയറിയെന്നാണ് ഇയാൾ പറയുന്നത്. ആദ്യമൊന്നും പേര് പറഞ്ഞിരുന്നില്ല. കാലഭൈരവൻ നല്ല പ്രയോഗം നടത്തിയപ്പോഴാണ് തടിയൻ പേര് വിളിച്ചു പറഞ്ഞത്. ബാധ കാലഭൈരവനെ പേടിച്ച് ഒഴിഞ്ഞു പോയി എന്നും ഇവർ പറയുന്നു.
ബാധകളെ അങ്ങനെ വെറുതെ വിടില്ല. അതിനെയെല്ലാം സമീപത്തുള്ള മരത്തിൻറെ ചുവട്ടിലാണ് കാലഭൈരവൻ അടക്കം ചെയ്യുന്നത്. പ്രേതങ്ങളുടെ എല്ലാം ശക്തി താങ്ങാൻ കഴിയാത്തതോ എന്തോ വേപ്പുമരം വല്ലാതെ ശുഷ്കിച്ചു പോയിരിക്കുന്നു. വിശ്വാസം വിറ്റ് തിന്നുന്നവരിൽ പ്രധാനികളിൽ ഒരാളാണ് കാലഭൈരവൻ എന്ന് പറയേണ്ടതില്ലല്ലോ. ഇത്തരക്കാരെ വിശ്വസിച്ച് എത്തുന്നവരുടെ അജ്ഞത എന്നാണ് ഇനി അവസാനിക്കുക.