വിജയണ്ണന്റെ കഥ തൊഴിൽരഹിതർ ശ്രദ്ധിച്ച് കേൾക്കണം. ഗൾഫിൽ ജോലിയുണ്ടായിരുന്ന ആളാണ് വിജയൻ. ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചു വന്നു. അത്യാവശ്യം കുടവയറും ഒക്കെയായ കാലം. ഇനി എന്തു പണി എടുക്കാനാണ്? ഒന്നുകിൽ എടിഎമ്മിന് മുമ്പിലോ മറ്റോ സെക്യൂരിറ്റി ആയി പോകണം. അതൊന്നും ഈ പ്രായത്തിൽ വയ്യ. അല്ലെങ്കിൽ ഏതെങ്കിലും കടയിൽ സെയിൽസ്മാൻ ആകണം. അതിനും ചുറുചുറുക്കുള്ള പയ്യന്മാർ ഉണ്ട്. വിജയണ്ണൻ ഇങ്ങനെ തലപുകച്ച് ആലോചിച്ചു. അപ്പോൾ കിട്ടിയ വെളിപാട് … അത് വിജയണ്ണനെ മാറ്റിമറിച്ചു. നാട്ടുകാർക്ക് ചുളുവിൽ ഒരു ദൈവത്തെയും കിട്ടി.
ഒരു ദിവസം ക്ഷേത്രത്തിൽ പോയി മടങ്ങിവന്ന വിജയണ്ണന് ഒരു മാറ്റം. ഒപ്പം ആരോ ഉണ്ടെന്നാണ് വിജയണ്ണൻ പറയുന്നത്. പെട്ടെന്ന് വിജയണ്ണൻ പൊങ്ങി ആകാശം മുട്ടെ പോയത്രേ. ചെറുതായി ഒന്ന് പൊങ്ങിയെന്ന് കാഴ്ചക്കാർ പറഞ്ഞതായി പുള്ളി തന്നെ സമ്മതിക്കുന്നുണ്ട്. എന്തായാലും വീട്ടുകാർ ഒരു ജോത്സ്യന്റെ അടുത്ത് കൊണ്ടുപോയി. അവിടെ വിജയണ്ണനെ കണ്ടതും ജ്യോതിഷി ഞെട്ടിപ്പോയി. ദൈവം വന്നിരിക്കുന്നു. അമ്പലത്തിൽ വല്ലോം പോയോ എന്ന് ചോദ്യം.പോയി എന്ന് വിജയണ്ണൻ. ലക്ഷ്യങ്ങളിൽ ഒരാൾക്ക് മാത്രം കിട്ടുന്ന അപൂർവ്വ സൗഭാഗ്യമാണ് നിങ്ങൾക്ക് കിട്ടിയിരിക്കുന്നത് എന്ന് ജ്യോതിഷി. ദൈവത്തിന് നിങ്ങളെ ഇഷ്ടപ്പെട്ടു. നിങ്ങളുടെ ഒപ്പം പോന്നിരിക്കുന്നു. പലരും തപസ് ചെയ്തൊക്കെയാണ് ദൈവിക സിദ്ധികൾ കൈവരിക്കുന്നത്. ചുളുവിൽ അത് കിട്ടിയപ്പോൾ വിജയണ്ണൻ പിന്നെ എന്ത് ചെയ്യാൻ.
വീട്ടിൽ തന്നെ ചെറിയ പരിപാടികൾ തുടങ്ങി. ഒരു നല്ല ചൂരലും ചിലങ്കയും ഒക്കെ വാങ്ങി. ഈ ചിലങ്കയൊക്കെ കെട്ടി വിജയണ്ണൻ ചിലപ്പോൾ ഓടക്കുഴലും ഊതി കൃഷ്ണനാവും. വൃദ്ധയെപ്പോലെ കാണിച്ച് കൊടുങ്ങല്ലൂർ അമ്മയാണ് എന്ന് അവകാശപ്പെടും. ചോറ്റാനിക്കര അമ്മയും ആറ്റുകാൽ അമ്മയും ഒക്കെ ഇങ്ങനെ വരുമത്രെ. വിജയണ്ണൻ പറയുന്ന മറ്റൊരു കാര്യം ഇവിടെ വന്നു പോയാൽ വീട്ടിലെത്തുമ്പോഴും ഇവിടെ അനുഭവപ്പെട്ട പുഷ്പത്തിന്റെ അതേ മണം അവിടെ കിട്ടുമെന്നാണ്. കടൽകടന്ന് ദുബായിലും അമേരിക്കയിലും ഒക്കെ വിജയണ്ണന്റെ മണം എത്തിയിട്ടുണ്ടെന്നാണ് അവകാശവാദം. എല്ലാ അഭിനയവും കഴിഞ്ഞ് വിജയണ്ണൻ പഴയ രൂപത്തിലാവും. അപ്പോൾ ഒന്നും ഓർമ്മയുണ്ടാവില്ല എന്നാണ് പുള്ളിക്കാരൻ പറയുന്നത്. ദൈവമാകുമ്പോൾ ആളുകളെ കാര്യമായി അനുഗ്രഹിക്കും. വിജയണ്ണനോട് ചില ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളൊക്കെ ചോദിച്ചു നോക്കി. മത്സരബുദ്ധി വേണ്ട എന്നും മറ്റും പറഞ്ഞ് ഒരു തരത്തിൽ ആള് കഴിച്ചിലായി.
വിശ്വാസം വിറ്റ് ജീവിക്കുന്നവരുടെ പുതിയ പ്രതിനിധികളിൽ ഒരാളാണ് വിജയണ്ണൻ.മേലനങ്ങാതെ ജീവിക്കുന്ന ആൾ ദൈവങ്ങളിൽ ഒരാൾ.ഇത്തരക്കാരുടെ മുമ്പിൽ പോയി വണങ്ങുന്നവരെയല്ലേ യഥാർത്ഥത്തിൽ കുറ്റം പറയേണ്ടത്.
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ