ഗീതാഞ്ജലി എന്ന കൊച്ചു മിടുക്കിയുടെ നേട്ടങ്ങൾ ആരെയും അത്ഭുതപ്പെടുത്തും.കർണാടക സംഗീതത്തിലെ 72 മേളകർത്താരാഗങ്ങൾ 20 മിനിറ്റ് കൊണ്ട് കുപ്പിയിൽ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സില്‍ ഇടം പിടിച്ചിരിക്കുകയാണ് ഗീതാഞ്ജലി.
കുട്ടിക്കാലം മുതലേ ചേച്ചിയുടെ വഴിയെ ഗീതാഞ്ജലിയും സംഗീതം അഭ്യസിക്കുന്നു. അതിനൊപ്പം മികച്ച ചിത്രകലാകാരി കൂടിയാണ് ഗീതാഞ്ജലി. ചിത്രകല എവിടെയും പോയി പഠിച്ചിട്ടില്ലെങ്കിലും സ്വതസിദ്ധമായ കഴിവുകൊണ്ട് ഈ പെൺകുട്ടി ശ്രദ്ധ പിടിച്ചു പറ്റുന്നു. ബോട്ടിൽ ആർട്ട് ആണ് ഗീതാഞ്ജലിക്ക് ഏറ്റവും പ്രിയം. വീട് നിറയെ ഗീതാഞ്ജലി വരച്ച ചിത്രങ്ങളാണ്, നേടിയ സമ്മാനങ്ങൾ ആണ്. ഗീതാഞ്ജലിയുടെ കരവിരുതിൽ രൂപം കൊണ്ട മറ്റ് നിരവധി സാധനങ്ങളും ഇവിടെയുണ്ട്.
MLAപി എസ് സുപാലിന് ഗീതാഞ്ജലി ചിത്രം വരച്ച് സമ്മാനിച്ചിരുന്നു. ഇനി അടുത്ത റെക്കോർഡിനായി പരിശ്രമിക്കുമ്പോഴും ഗീതാഞ്ജലിയുടെ ഏറ്റവും വലിയ മോഹം മറ്റൊന്നാണ്. താൻ ഏറെ ആരാധിക്കുന്ന കെ എസ് ചിത്രയെ നേരിൽകണ്ട് താൻ വരച്ച ചിത്രയുടെ ചിത്രം സമ്മാനിക്കണം. ആ ദിവസത്തിനായി കാത്തിരിക്കുകയാണ് ഈ കൊച്ചുമിടുക്കി . ഗീതാഞ്ജലിക്ക് എല്ലാ പിന്തുണയും നൽകുന്നത് മാതാപിതാക്കളും ചേച്ചിയുമാണ്. ഗീതാഞ്ജലിയെ ചിത്രകല അഭ്യസിപ്പിക്കാൻ ഇരിക്കുകയാണ് മാതാപിതാക്കൾ. കയ്യിൽ എന്ത് കിട്ടിയാലും അതുകൊണ്ട് ഒരു കലാസൃഷ്ടി ഉണ്ടാക്കുകയാണ് ഗീതാഞ്ജലിയുടെ രീതി.
ലോക്ക്ഡൗൺ കാലത്ത് തുടങ്ങിയ ആശയങ്ങളിൽ കൂടിയാണ് 72 മേളകർത്താരാഗങ്ങൾ ഗീതാഞ്ജലി കുപ്പിയിൽ എഴുതിയത്. എഴുതുക മാത്രമല്ല, അത് കാണാപ്പാഠം പറയുകയും ചെയ്യും ഈ മിടുക്കി. എന്തായാലും ഗീതാഞ്ജലിയുടെ പുതിയ നേട്ടങ്ങൾക്കായി കാത്തിരിക്കാം.
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ