പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും എന്നാണ്. എത്ര സമർത്ഥനായ കള്ളൻ ആണെങ്കിലും എവിടെയെങ്കിലും ഒരു പഴുത് ബാക്കി ഉണ്ടാവും. ഒടുവിൽ പിടിക്കപ്പെടും. അങ്ങനെയൊരു കള്ളന്റെ കഥയാണിത്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ ജനിച്ചു വളർന്നയാൾ.തമിഴ്നാട്ടിലെ കോയമ്പത്തൂരിലെത്തി ചെറുപ്പകാലത്ത് തന്നെ വളരെ ധനികനായ മനുഷ്യൻ. ആൽവിൻ രാജ് എന്നാണ് അയാളുടെ പേര്. കാട്ടാക്കടയിൽ നിന്ന് താമസം മാറി കോയമ്പത്തൂരിൽ എത്തിയ ആൽവിൻ രാജിനെ അവിടുത്തുകാർ വലിയ മുതലാളിയാണ് കണ്ടിരുന്നത്. കൈനിറയെ പണം. തിളങ്ങുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ. അങ്ങനെ അവിടെ ഒരു ചെറിയ മുതലാളിയായിരുന്നു അയാൾ. എല്ലാവർക്കും അയാളെ വലിയ ബഹുമാനമായിരുന്നു. നന്നേ ചെറുപ്പമാണെങ്കിലും വ്യവസായത്തിലൂടെ ഇത്രയധികം പണം ഉണ്ടാക്കിയതിന്റെ മതിപ്പ്. അങ്ങനെയിരിക്കെയാണ് അവരെല്ലാവരും ഞെട്ടിയ ആ വാർത്ത വന്നത്.
മോഷണക്കേസിൽ കേരള പൊലീസ് ആൽവിനെ പിടികൂടിയിരിക്കുന്നു. കേട്ടവരെല്ലാം ശരിക്കും ഞെട്ടിപ്പോയി. എന്താണ്, എവിടെയാണ് ആൽവിൻ രാജിന് പിഴച്ചത്. കോയമ്പത്തൂരിൽ സുഖസമൃദ്ധിയിൽ ജീവിക്കുമ്പോഴും അയാൾ ഇടയ്ക്കിടെ ഒരു മുങ്ങൽ നടത്തുമായിരുന്നു. കേരളത്തിലെ ഏതെങ്കിലുമൊക്കെ സ്ഥലങ്ങളിൽ തുടർച്ചയായ മോഷണങ്ങൾ നടത്തി കഴിയുന്നത്ര സാധനങ്ങളുമായി സ്വന്തം ജീപ്പിൽ കോയമ്പത്തൂരിൽ എത്തും. അവിടെ അതെല്ലാം കിട്ടിയ വിലയ്ക്ക് വിൽക്കും. പിന്നെ ആഡംബര ജീവിതം തുടരും … അതായിരുന്നു ആൽവിൻ രാജ് സ്റ്റൈൽ. മോഷണങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ ചില്ലറയൊന്നുമല്ല പൊറുതിമുട്ടിച്ചിരുന്നത്. കാരണം മിക്ക കള്ളന്മാർക്കും മോഷണത്തിന് ഒരേ രീതിയായിരിക്കും.
പൂട്ടു പൊളിച്ച് കയറുന്ന മോഷ്ടാവ് എന്നും അങ്ങനെയായിരിക്കും. ഭിത്തി തുടർന്ന് മോഷ്ടിക്കുന്നവർ അങ്ങനെയും . പോലീസിന് മോഷണം കാണുമ്പോൾ തന്നെ ആളെ ഏതാണ്ട് ഊഹം ഉണ്ടാകും. പക്ഷേ ആൽവിന്റെ കേസുകൾ അങ്ങനെ ആയിരുന്നില്ല. എല്ലായിടത്തും വ്യത്യസ്ത രീതിയിലുള്ള മോഷണങ്ങൾ .
അതും ഒന്നും ബാക്കി വയ്ക്കാതെ കയ്യിൽ കിട്ടുന്നതും എടുത്തുകൊണ്ടു പോകുന്നതാണ് രീതി. ഒരു സ്ക്രൂഡ്രൈവറും ചുറ്റികയും മാത്രമാണ് മോഷണത്തിന് പോകുമ്പോൾ കൊണ്ടുപോവുക. രാത്രി എട്ടുമണി മുതൽ 11 മണി വരെയുള്ള സമയത്തിനിടയ്ക്കാണ് പല വീടുകളിലും ആൽവിൻ രാജ് മോഷണം നടത്തിയിട്ടുള്ളത്. ഈ സമയം വൃദ്ധരും മറ്റും ടിവി കാണുമ്പോൾ വീടിൻറെ പിൻഭാഗത്ത് കൂടി അയാൾ നടത്തുകയായിരിക്കും. അങ്ങനെ ഒരിക്കൽ കിട്ടിയ മോഷണ മുതൽ മുഴുവൻ ജീപ്പിൽ കയറ്റി കോയമ്പത്തൂരിലേക്ക് പോകുമ്പോഴാണ് സഹകരണ ബാങ്കിൻറെ ബോർഡുകണ്ടപ്പോൾ ഇവിടെ കൂടി കയറിയിട്ട് പോകാം എന്ന് അയാൾ തീരുമാനിച്ചത്.
ഇയാളുടെ മോഷണം ജീവിതത്തിൽ ആദ്യം പിടിക്കപ്പെടുന്നത് അങ്ങനെയാണ്. സഹകരണബാങ്കിന്റെ വാതിൽ പൊളിച്ച് അകത്തുകയറി പണം തപ്പുമ്പോൾ ആണ് അത് അയാൾ ശ്രദ്ധയിൽ പെട്ടത്. മുകളിലിരുന്ന് സിസിടിവി എല്ലാം ഒപ്പിയെടുക്കുന്നു. പിന്നീട് മുഖം മറക്കാൻ ശ്രമിച്ചു എങ്കിലും പോലീസിന് ആ ദൃശ്യങ്ങൾ മതിയായിരുന്നു. കാട്ടാക്കടക്കാരൻ ആൽവിൻ രാജിനെ പോലീസിന് തിരിച്ചറിയാൻ കഴിഞ്ഞു. അവിടെയെത്തി അന്വേഷിച്ചപ്പോൾ മകൻ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വ്യവസായി ആണെന്ന് അമ്മ പറഞ്ഞു. കോയമ്പത്തൂരിൽ പക്ഷേ അവരും ആദ്യം ഒന്ന് അമ്പരന്നു. ഇനി തങ്ങൾക്ക് ആളു മാറിയതാണോ എന്നറിയാൻ പോലീസുകാരും അവിടെ രഹസ്യമായി താമസിച്ചു. അവർ അയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചു : അങ്ങനെ കള്ളത്തരങ്ങൾ ഓരോന്നായി ഒടുവിൽ പിടിക്കപ്പെട്ടു.
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ