ആശുപത്രി എന്നു കേള്‍ക്കുന്നതേ ആരോണിനു പേടിയായിരുന്നു. ആ കുഞ്ഞുമനസിന്റെ പേടി യാഥാര്‍ത്ഥ്യമായപ്പോള്‍ നഷ്ടമായത് ആ കുരുന്നിന്റെ ജീവനായിരുന്നു. കൈക്കുഴതെറ്റിയ കുട്ടിക്ക് ചിക്തിസ നടത്തി അതിന്റെ ജീവനെടുത്ത റാന്നി മര്‍ത്തോമ്മ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കാലന്റെ പ്രതിരൂപമായി.
സംഭവം ഇങ്ങനെയാണ്: സ്‌കൂളില്‍ കളിക്കുകയായിരുന്നു ആരോണ്‍. അതിനിടയില്‍ ആരോണ്‍ ഒന്നു തെന്നി വീണു. കൈക്കുഴ തെറ്റി. വിവരം സ്‌കൂളിലെ അദ്ധ്യാപകരെ അറിയിച്ചു. അവര്‍ വീട്ടില്‍ വിളിച്ചുപറഞ്ഞശേഷം കുട്ടിയെ സ്‌കൂളിലെ ജീവനക്കാരുടെ ഒപ്പം ഓട്ടോയില്‍ വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തിയ കുട്ടിയെ അമ്മ ഷേര്‍ളിയാണ് റാന്നി മാര്‍ത്തോമ്മ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആശുപത്രിയിലെത്തിയ കുട്ടിയുടെ കൈപരിശോധിച്ചപ്പോള്‍ എക്‌സറേ എടുക്കാന്‍ നിര്‍ദേശിച്ചു. എക്‌സറേ എടുത്തപ്പോള്‍ കൈക്കുഴ തെറ്റിയിരിക്കുകയാണെന്നും അതൊന്നു പിടിച്ചിട്ടാല്‍ മതിയെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് നടന്നത് വിചിത്രമായ സംഭവമായിരുന്നു. ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റിയ കുട്ടിക്ക് അനസ്തീഷ്യ നല്‍കി. ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഡോക്ടറും നഴ്‌സുമാരും പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതാണ് കുട്ടിയുടെ അമ്മ ഷേര്‍ളി കണ്ടത്. കുറച്ചുകഴിഞ്ഞ് ഡോക്ടര്‍ അവരോടു പറഞ്ഞു. ‘കുട്ടിക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായി. മുത്തൂറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകണം’ എന്ന്. മുത്തൂറ്റ് ആശുപത്രിയിലെ തന്നെ ആംബുലന്‍സ് എത്തിയാണ് കുട്ടിയെ അങ്ങോട്ടു മാറ്റുന്നത്. അവിടെയെത്തിച്ചപ്പോഴേക്കും കുട്ടിയുടെ പള്‍സ് നിലച്ചിരുന്നു. മരണം സ്ഥിരീകരിക്കുക മാത്രമേ അവര്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളു.
ആരോണിന്റെ മരണത്തില്‍ കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കുമെതിരേ കുടുംബം പരാതി നല്‍കിയിരിക്കുകയാണ്. റാന്നി മാത്തോമ്മ ആശുപത്രിക്കെതിരേ നാട്ടുകാരുടെ നേതൃത്വത്തില്‍ സമരവും നടക്കുന്നുണ്ട്. എന്തു നടപടിയുണ്ടായാലും ഒരു കുട്ടിയുടെ ജീവനു പകരമാകില്ലല്ലൊ