തലസ്ഥാന നഗരത്തിൽ മോഷണം വർദ്ധിക്കുകയാണ്. കാര്യവട്ടത്തെ ഒരുകൂട്ടം ഡ്രൈവർമാർ പോലും മോഷ്ടാക്കളെ കൊണ്ട് വലഞ്ഞിരിക്കുന്നു. പലതവണ ഓട്ടോറിക്ഷകളിൽ മോഷണം ഉണ്ടായി. എന്നാൽ പോലീസ് അന്വേഷണം എങ്ങും എത്തുന്നില്ല. ഒരു കേസിലും മോഷ്ടാക്കളെ പിടിക്കാൻ പോലീസിന് കഴിയുന്നില്ല…
പ്രശാന്ത് എന്ന ഓട്ടോ തൊഴിലാളി പരിചയക്കാരനുമൊത്ത് ഹോട്ടലിൽ ഊണുകഴിക്കാൻ കയറിയ സമയം മതിയായിരുന്നു മോഷ്ടാക്കൾക്ക്. വെള്ളം വാങ്ങാൻ എന്ന വ്യാജേന വന്നു നോക്കി ഹോട്ടലിൽ തന്നെയാണ് തങ്ങൾ ഇരിക്കുന്നത് എന്ന് കണ്ടപ്പോൾ മോഷണം നടത്തുകയായിരുന്നെന്ന് പ്രശാന്ത് പറയുന്നു.
ഡാഷ്ബോർഡിൽ ഇരുന്ന പതിനാറായിരത്തോളം രൂപ നഷ്ടമായി. ഇൻഷുറൻസ് അടയ്ക്കേണ്ട തുകയായിരുന്നു അത്. അതും കളക്ഷൻ തുകയും ആർസി ബുക്ക്, ലൈസൻസ് എന്നിവയെല്ലാം കള്ളൻ കൊണ്ടുപോയി. സമീപത്തെ മൊബൈൽ കടയിലെ സിസിടിവി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. കടക്കാരൻ സഹായിച്ചതോടെ ആ ദൃശ്യങ്ങൾ ലഭിച്ചു. അതുമായി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ ഇതുവരെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. പുതിയ ലൈസൻസ് എടുക്കാൻ വേണ്ടി 4000 രൂപ നഷ്ടമായത് മിച്ചം. ഇവിടെ പല ഓട്ടോറിക്ഷകളിലും സമാന രീതിയിൽ മോഷണം നടന്നിട്ടുണ്ട്. യാത്രക്കാരുടെ പേഴ്സുകളും മറ്റും അപഹരിക്കുന്നതും പതിവാണ്. ഒരു ദിവസം ഓടിയാൽ 1000 രൂപ പോലും തികച്ച കിട്ടാത്ത ഡ്രൈവർമാർ ഈ മോഷ്ടാക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു. ശ്രീകാര്യം പോലീസിൽ പലതവണ അന്വേഷിച്ചെങ്കിലും ഇതുവരെ പ്രയോജനം ഉണ്ടായിട്ടില്ല. ഒരു വർഷത്തിനിടയ്ക്ക് നാലഞ്ചു കേസുകൾ ഇവിടെത്തന്നെ ഉണ്ടായിട്ടുണ്ട് എന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നു.അടിക്കടി ഇങ്ങനെ മോഷണം നടക്കുന്നതിൽ പോലീസിന്റെ കാര്യക്ഷമത ഇല്ലായ്മയ്ക്ക് വലിയ പങ്കുണ്ട്.ഇനിയെന്നാണ് നമ്മുടെ പോലീസ് സംവിധാനം ഉണർന്ന് പ്രവർത്തിക്കുക. സാധാരണക്കാർക്ക് ഗുണകരമായ രീതിയിൽ നിയമപാലനം നടത്തുക…
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ