കഞ്ചാവും, മദ്യവും മറ്റു ലഹരികളും യഥേഷ്ടം ഉപയോഗിക്കുന്ന ആൾക്കാരുള്ള നെറികേടിന്റെ ഒരു വനാന്തര ഗ്രാമത്തിലാണ് അവൾ താമസിക്കുന്നത്. കാട്ടുമൃഗങ്ങളുടെ ശല്യം ഒരു ഭാഗത്ത് ഉണ്ടാകുമ്പോൾ അതിലും മേലിലാണ് മനുഷ്യമൃഗങ്ങളുടെ ക്രൂരമായ ശല്യം എന്ന് ബീന ഓർക്കുന്നു.
ജീവിത വഴിയിൽ ഉറ്റവരും ഉടയവരും പലവഴിക്ക് പിരിഞ്ഞപ്പോൾ ഒറ്റയ്ക്കായിപോയ ബീന ഇന്നും അവിവിവാ ഹിതയായി കൊല്ലം പത്തനാപുരത്തുള്ള ഒരു ഉൾനാടൻ ഗ്രാമത്തിലാണ് താമസം. കുട്ടിക്കാലം ഒരു ക്രിസ്ത്യൻ ഓർഫനേജിൽ കഴിച്ചു കൂട്ടിയ അവൾക്ക് തുടരെ തുടരെ വന്ന ചില അസുഖങ്ങൾ മൂലം ആന്തരിക അവയവങ്ങൾ പോലും നീക്കം ചെയ്ത് രോഗാ വസ്ഥയിലാണ് ഇപ്പോഴുമുള്ളത്.
കുടുംബത്തിന്റെ ഓഹരിയായി കിട്ടിയ ഭൂമിയിൽ പഴയ തകര ഷീറ്റ് കൊണ്ടും പഴം തുണി വച്ചും ഓലക്കീറു കൊണ്ട് മറച്ചും ഉണ്ടാക്കിയ ഒരു മാടത്തിലാണ് അവളുടെ താമസം.
ഒറ്റയ്ക്ക് ഒരു പെണ്ണ് ഇങ്ങനെയുള്ള സാഹചര്യത്തിൽ കഴിയുമ്പോ ആ നാട്ടിലെ ചിലർക്ക് രാത്രി ഉറക്കം വരാറില്ല. പകൽ മാന്യൻമാർ അന്തികൂരാപ്പിൽ ആ ചെറ്റകുടിലിനുചുറ്റും വട്ടമിട്ടു നടന്നു. ഒരു നെടുവീർപ്പുപോലും പുറത്തുവരാതെ പേടിച്ചു വിറച്ച് ബീനയും രാത്രികൾ തള്ളി നീക്കി. മുറിയാത്ത ഒരു പിച്ചാത്തിയും ഉള്ളുരുകി യുള്ള പ്രാർത്ഥനയും മാത്രമായിരുന്നു അവൾക്ക് കൂട്ട്. ആ സമയങ്ങളിൽ നേരിടേണ്ടിവന്ന ആഭാസത്തരങ്ങൾക്ക് അറുതി വരുത്താൻ വേണ്ടി തെരുവ് നായ്ക്കളെ കുടെക്കൂട്ടി വളർത്താൻ അവൾ തീരുമാനിച്ചു .. നാല് നായ്ക്കളെ കണ്ടെത്തി സുരക്ഷ ഉറപ്പാക്കിയ ബീനയ്ക്ക് പിന്നീട് നേരിടേണ്ടി വന്നത് വേറൊന്നാണ്.
നായ്ക്കളുടെ ശൗര്യം കൊണ്ട് ഓടിമറഞ്ഞ കവലചട്ടമ്പികൾ ചെയ്തത് ഇങ്ങനെ…..
ഭക്ഷണത്തിൽ വിഷം കലർത്തിയും…. ബീന ഇല്ലാത്ത പകൽ സമയത്ത് പോലും പട്ടികളെ തലയ്ക്കു അടിച്ചും അവറ്റകളെ കൊന്ന് കളഞ്ഞു ആ ക്രൂരൻമാർ.
അന്നത്തെ രാത്രികൾ ബീനയ്ക്ക് പകലുകളായി. ഉറക്കമൊഴിഞ്ഞ് സ്വന്തം ചാരിത്യവും ജീവനും നിലനിർത്താൻ അവൾ നന്നേ പാടുപെട്ടു.
അങ്ങനെയിരിക്കെ ഒരു രാത്രിയിൽ അതായത് 2018 സെപ്റ്റംബർ മാസം 13ന്റെ തലേന്ന്…. തീയതി പോലും ബീന ഇന്നും ഓർത്തു വച്ചിരിക്കുന്നു.
.. നല്ല മഴപെയ്യുന്നുണ്ടായിരുന്നു.. മഴവെള്ളം കൂടാരത്തിനുള്ളിൽ വീഴുന്നത് കാരണം ഒരു ഓരത്തിരുന്ന് നേരം വെളുപ്പിക്കാൻ ശ്രമിക്കുന്ന ബീനയുടെ ശരീരത്തിനുമേൽ ഒരു പ്രകാശം പതിഞ്ഞു.. മഴയത്ത് പോലും കാമഭ്രാന്തിന്റെ മനുഷ്യകൂട്ടം തന്റെ ചുറ്റും ഉണ്ടെന്ന് വിധിയെ പഴിച്ചവൾ എങ്ങനെയൊക്കെയോ നേരം പുലർപ്പിച്ച് കുടിലിനു പുറത്തേയ്ക്കിറങ്ങി. ആ സമയം തന്റെ മുന്നിൽ കണി കാണുന്നപോലെ ദേ ഒരു സുന്ദരി നിൽക്കുന്നു. അങ്ങനെ വന്നു കൂടിയവളാണ് ബീനയുടെ രക്ഷകയായി ഇന്നും കൂടെയുള്ള മീനാക്ഷി എന്ന” പെൺ നായ “…
വിശ്വസിക്കാനാവാത്ത ചില മാസ്മരിക കഥകളിലെ കഥാപാത്രം പോലെയാണ് മീനാക്ഷിയുടെ ആ വരവ്. ആ പ്രദേശത്തെ ഒരു കോളനിയിലെ കുടുംബം തിരുവനന്തപുരത്ത് നിന്ന് എടുത്ത് കൊണ്ട് വന്നതാണ് ഈ നായയെ. പക്ഷേ….അവർ ഇവിടം വിട്ടുപോയപ്പോൾ മീനാക്ഷിയെ കുടെ കൂട്ടിയില്ല. അങ്ങനെയാണ് അവൾ ബീനയുടെ അടുക്കൽ എത്തി ചേർന്നത്. അവർ ഇരുവരും വർത്തമാനം പറഞ്ഞപോലെ തോന്നിക്കുന്ന വാചങ്ങൾ ഇങ്ങനെയാവാം.
” നിന്നെ നോക്കാനും ആഹാരം തരാനുമൊന്നും എനിയ്ക്ക് ആവില്ല… അത് മാത്രമല്ല ഇവിടുത്തെ കൊള്ളരുതാത്തവന്മാർ നിന്നെ തല്ലി കൊല്ലുകയും ചെയ്യും.. “” എന്ന് ബീന പറഞ്ഞപ്പോൾ നിന്നെ സഹായിക്കാൻ.. സംരക്ഷിക്കാൻ ദൈവം തീരുമാനിച്ചതാവാം ഒരു നായയായ ഞാൻ ഇവിടെ എത്തപ്പെട്ടത് ന്ന് മീനാക്ഷിയും തന്റെ മുറുമുറുപ്പിലൂടെ വ്യക്തമാക്കി വാല് ചുരുട്ടിയാട്ടി ചേർന്ന് നിന്നു…
അന്ന് മുതൽ ആ സ്ത്രീയും നായയും കൂട്ടായി.
ആരെങ്കിലുമൊക്കെ കൊടുക്കുന്ന ആഹാര സാധനങ്ങളും റേഷനരിയിൽ ഉണ്ടാക്കുന്ന ചോറുമാണ് ഇരുവരുടെയും അന്നം. ബീന കഴിച്ചാൽ അത് മീനാക്ഷിയും കഴിച്ചിരിക്കും. ഹോസ്പിറ്റലിൽ പോകുമ്പോൾ രോഗികൾക്ക് കിട്ടുന്ന പൊതിച്ചോറ് മീനാക്ഷിക്കും കരുതും ബീന.
പാർലി -ജി ബിസ്കറ്റ് മീനാക്ഷിക്ക് ഏറെ ഇഷ്ടമാണെങ്കിലും എന്നും കിട്ടാൻ തരമില്ലലോ.. അത് പോലെ ഇറച്ചിയും മീനുമൊക്കെ കഴിക്കുമെങ്കിലും അതിനോട് വല്യആർത്തിയൊന്നുമില്ല ആ മിണ്ടാപ്രാണിയ്ക്ക് എന്ന് ബീന പറയുന്നു.
കൊറോണക്കാലത്ത് ഹോസ്പിറ്റലിൽ നടന്നു പോകുമ്പോഴും മെഡിക്കൽ സ്റ്റോറിൽ പോകുമ്പോഴും ഒക്കെ മീനാക്ഷി കൂടെ നടക്കും… വാഹനം കയറി ചെറിയ ദൂരം പോയാലും അവൾ അവിടെ ഓടി എത്തും ഇപ്പോഴും…എന്തിനേറെ പറയുന്നു
പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ബീന അഭയം പ്രാപിക്കുന്നത് അടുത്തുള്ള ഒരു റബ്ബർ കാട്ടിലാണ്. അതിരാവിലെ പന്നികളെ പേടിച്ചു വേണം അവിടെ എത്താൻ. ബീനയ്ക്ക് മുൻപേ ഓടി നടന്ന് പന്നികളെ കുരച്ചു പേടിപ്പിച്ച് ഇവൾ ബോഡി ഗാർഡ് ആവും.
രാത്രിയിൽ ബീനയൊന്ന് മയങ്ങിയാൽകവലാളാ യി മീനാക്ഷി അരികിലിരിക്കും. കൂടുതൽ സമയവും ഉണർന്നിരുന്ന്പ്രാർത്ഥ ന ചൊല്ലാറാണ് പതിവ്. കുടിലിനു പുറത്ത് ഇപ്പോൾ മനുഷ്യമൃഗങ്ങളുടെ ശല്യം അതികമില്ല. അഥവാ ഉണ്ടായാൽ തന്നെ മീനാക്ഷി തനി മൃഗമാകും.. കുരച്ചും കടിച്ചും തുരത്തും അവരെ.
ചെറ്റപ്പുരയ്ക്ക് പുറത്ത് മൂന്ന് കല്ലുകൾ പറക്കിവച്ചതാണ് അടുപ്പ്…രാവിലെ ഇത് പുകയും… രണ്ടു പേർക്കും ഉള്ള ചായ വെള്ളത്തിനായി.
താൻ കരയുമ്പോൾ കുടെക്കരയുന്ന ഈ നായ ദൈവത്തിനു തുല്യമാണെന്നും തന്റെ മകളായി കരുതിയാണ് കൂടെ കൊണ്ട് നടക്കുന്നതെന്നും ബീന പറയുമ്പോൾ സ്നേഹത്തിന്റെ നീർതുള്ളികൾ ആ കണ്ണുകളിൽ കാണാൻ കഴിയും.
താൻ മരിക്കുന്നതിന് മുൻപേ മീനാക്ഷി പോകണമെന്ന് കരുതുന്ന മനസ്സാണ് ബീനയ്ക്കുള്ളത്.കാരണം ആ നായയും പെണ്ണാണ്… വെറും പെണ്ണ്. മനുഷ്യ ജന്മകളെ വെറുതെ വിടാത്ത ആർത്തി വെറിയൻമാർക്ക് മൃഗമായാലും മതിയെന്നുള്ളതാണ് നാട്ടിൽ കാണാനും അറിയാനും സാധിക്കുന്നതെന്ന് രോക്ഷത്തോടെ ബീന വ്യക്തമാക്കുന്നു.
തന്റെ സൗന്ദര്യവും ശരീരവും ജീവനും ഒരു പെൺ നായയുടെ കാവലിലും കരുതലിലും സംരക്ഷിക്കപ്പെട്ടുകഴിയുന്ന ബീനയെ പോലുള്ള സ്ത്രീ കൾക്ക് സമൂഹം കൊടുക്കുന്ന ഒരു പുത്തൻ പേരാണ് “അതി ജീവിത “……!!!
ദുഃഖങ്ങൾ പേറുന്ന തനിയ്ക്ക് സ്വാന്തനമായി ജീവിതസഹായങ്ങൾ ചെയ്യുവാൻ നല്ല മനസ്സുകൾ തേടിയെത്തും എന്ന പ്രതീക്ഷയിൽ ബീനയും അവളുടെ സംരക്ഷക മീനാക്ഷിയും ദിവസങ്ങൾ കഴിച്ച് കൂട്ടു ന്നു…