പണം കൊടുത്ത് വാങ്ങിയ വസ്തു. അവിടെ പ്രമാണത്തിൽ പറഞ്ഞിരിക്കുന്ന ഒരു മീറ്റർ വീതിയുള്ള വഴി. എന്നാൽ അതിൽ കൂടി സമാധാനമായി നടക്കാൻ സമ്മതിക്കുന്നില്ല.
നാട്ടിലെ ഭൂരിപക്ഷം പേരും അപവാദപ്രചരണം വിശ്വസിച്ച് ഒപ്പം നിൽക്കുന്നതോടെ ഇറങ്ങി നടക്കാൻ പോലും ആവാത്ത അവസ്ഥ. യുവാക്കൾ പോലും അശ്ലീല വർത്തമാനങ്ങൾ പറയുന്നു. ഇത് കേരളം തന്നെയാണോ എന്ന് തോന്നും പോത്തൻകോടെ ജയശ്രീ എന്ന വീട്ടമ്മയുടെ അനുഭവം കേട്ടാൽ…
18 വർഷങ്ങൾക്കു മുമ്പ് പണം കൊടുത്ത് വാങ്ങിയ ഭൂമിയിലേക്ക് ഒരു മീറ്റർ വഴി പ്രമാണത്തിൽ പറഞ്ഞിരുന്നു. എന്നാൽ അതിൽ കൂടി സമാധാനമായി നടക്കാൻ വസ്തു കൊടുത്ത വീട്ടുകാർ സമ്മതിക്കുന്നില്ല. വഴി ഇല്ല എന്നാണ് അവരുടെ വാദം. എങ്ങനെയെങ്കിലും ഉള്ള വസ്തു വിറ്റ് പൊറുക്കി രക്ഷപ്പെടാം എന്ന് വിചാരിച്ചാൽ അതിന് അനുവദിക്കാത്ത അവസ്ഥ. പലപ്പോഴും കയ്യാങ്കളി വരെ ഉണ്ടായി. വീട്ടിലേക്ക് ആരു വന്നാലും അനാശാസ്യമാണ് എന്ന തരത്തിൽ പോലീസിനെ വിളിച്ചു പറയും. സഹോദരന്മാർ വീട്ടിൽ വരാൻ പോലും സമ്മതിക്കില്ല. പ്ലംബിംഗ് ജോലിക്ക് ആളു വന്നപ്പോൾ പോലും അത് അനാശാസ്യത്തിന് ആണെന്ന് പോലീസിനെ വിളിച്ചുപറഞ്ഞു. ഒടുവിൽ പോലീസ് വന്ന് സത്യം ബോധ്യപ്പെടുകയായിരുന്നു. ഇതിൻറെ ചുവടുപിടിച്ച് നാട്ടിലെ പല ഞരമ്പുരോഗികളും ശല്യപ്പെടുത്തുന്നു. ചിലർ ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്നു. ഇറങ്ങി നടക്കുമ്പോൾ ദ്വയാർത്ഥത്തിൽ സംസാരിക്കുന്നു. നിവൃത്തിയില്ലാതെ വീടിന് മുന്നിൽ ക്യാമറ വച്ചിരിക്കുകയാണ് ഈ വീട്ടമ്മ. പോലീസിനും വനിതാ കമ്മീഷനും ഒക്കെ പരാതി കൊടുത്തു. മറ്റുള്ളവരുടെ പറമ്പിൽ കൂടി കാർ പോകാൻ വഴിവെട്ടുകയാണോ എന്നാണ് വനിതാ കമ്മീഷൻ സിഐ ചോദിച്ചത് എന്ന് ഈ വീട്ടമ്മ പറയുന്നു. എന്നാൽ സ്ഥലത്ത് വന്ന് നിജസ്ഥിതി അന്വേഷിക്കാൻ പറഞ്ഞിട്ട് അത് ചെയ്തതുമില്ല. ഇനി എവിടെ നിന്ന് നീതി കിട്ടുമെന്നും ഇവർക്ക് പ്രതീക്ഷയില്ല. ആകെ തകർന്ന മട്ടിലാണ് ഈ വീട്ടമ്മ. നമ്മുടെ നിയമപാലകർ കണ്ണ് തുറന്നേ പറ്റൂ. ഇവരുടെ ദുരവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണം.