ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു സുധ. ബിരുദത്തിനുശേഷം ചെറിയ ഒരു ഓഫീസ് ജോലി ചെയ്തു കഴിയുന്ന 24കാരി. ഒരു ദിവസം രാവിലെ കൊട്ടാരക്കര ബസ്റ്റാൻഡിൽ ജോലിക്ക് പോകാൻ അവൾ ബസ് കാത്തുനിൽക്കുന്നു. സമീപത്തു നിന്ന ഒരു സ്ത്രീ അവളെ അങ്ങോട്ട് കയറി പരിചയപ്പെട്ടു.
ബസ് വരാനുള്ള സമയം രണ്ടുപേരും സംസാരിച്ചുകൊണ്ടിരുന്നു. വീട്ടിലെ എല്ലാ വിവരങ്ങളും അവർ തിരക്കിയറിഞ്ഞു. പാവം സുധ… അവരെ വിശ്വസിച്ച് എല്ലാം പറഞ്ഞു. ഈ ചെറിയ ശമ്പളത്തിന് ഇപ്പോൾ എങ്ങനെ ജീവിക്കും. ഒരു നല്ല ജോലി വേണമെന്നില്ലേ. അവർ ചോദിച്ചത് കേട്ടപ്പോൾ അവളും ഒന്ന് ആലോചിച്ചു. ഞാൻ വേണമെങ്കിൽ നല്ല ജോലി ശരിയാക്കിത്തരാം. ഞാൻ ആലപ്പുഴ ഓഫീസിലേക്ക് പോവുകയാണ്,
അവിടെ ഇന്ന് ഞങ്ങളുടെ എംഡി വരുന്നുണ്ട്, ഇന്ന് ഇൻറർവ്യൂവിൽ പങ്കെടുത്താൽ ജോലി ലഭിക്കും. ആ സ്ത്രീ പിന്നെയും നിർബന്ധിച്ചു. ഒടുവിൽ മനസ്സില്ലാമനസ്സോടെ അവൾ സമ്മതിച്ചു. നല്ല ജോലി ലഭിച്ചാൽ കുടുംബം രക്ഷപ്പെടുമല്ലോ. അന്ന് ആ സ്ത്രീയോടൊപ്പം പോയതാണ് സുധ. പിന്നെ അവളെ വീട്ടുകാർ ജീവനോടെ കണ്ടിട്ടേയില്ല. അച്ഛൻ സുരേന്ദ്രനും അമ്മ രത്നമ്മയും സുധയുടെ മൂത്ത സഹോദരനും എല്ലാം നാടാകെ അവളെ തിരഞ്ഞു. ആർക്കും ഒരു വിവരവുമില്ല. പോലീസിൽ പരാതി കൊടുത്തു. അങ്ങനെയിരിക്കെ പത്താം ദിവസം സുരേന്ദ്രന്റെ ഫോണിലേക്ക് ഒരു വിളി എത്തി.
എടുത്തപ്പോൾ സുധ. എന്നെ രക്ഷിക്കണം, ഞാൻ വല്ലാത്തൊരു കെണിയിൽപ്പെട്ടു അച്ഛാ… പറഞ്ഞതും ഫോൺ കട്ടായി.
സുരേന്ദ്രൻ പിന്നെയും ആ നമ്പറിലേക്ക് വിളിച്ചു കൊണ്ടിരുന്നു.ആലപ്പുഴയിൽ നിന്നും ബസ്സിൽ തിരുവനന്തപുരത്തേക്ക് വരികയാണെന്ന് അവൾ പറഞ്ഞു. ഒപ്പം ഒരു സ്ത്രീയും ഉണ്ടെന്ന് സുരേന്ദ്രന് മനസ്സിലായി.എന്നാൽ ആ ദിവസവും അടുത്ത ദിവസവും ഒന്നും സുധ വന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് അടുത്തുള്ള കനാൽ കരയിൽ സുധയുടെ ബാഗും ചെരിപ്പും കിടക്കുന്നതായി വിവരം ലഭിച്ചത്.
സുരേന്ദ്രനും രത്നമ്മയും അവിടേക്ക് പാഞ്ഞുഒരു ഞെട്ടലോടെ അവർ ആ സത്യം മനസ്സിലാക്കി. അത് സുധയുടെ ബാഗും ചെരുപ്പും തന്നെ.
അപ്പോഴാണ് ഒരു കിലോമീറ്റർ അകലെ കല്ലടയാറ്റിൽ ഒരു മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചത്. അവർ അവിടേക്ക് ഓടിയെത്തി. ശരീരത്തിൽ മുറിവുകളും ചതവുകളും ഒക്കെ ഉണ്ടെങ്കിലും അവർക്ക് മകളെ തിരിച്ചറിയാനായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ആയിരുന്നു. ആ പെൺകുട്ടിയുടെ ജനനേന്ദ്രിയം ആകെ തകർത്ത നിലയിലാണ്.അവൾ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട്. കനാലിന്റെ കരയിൽ ബാഗും ചെരുപ്പും കിടക്കുമ്പോൾ മൃതദേഹം കണ്ടത് ആറ്റിലാണ് എന്നത് പോലും പോലീസ് പക്ഷേ അന്വേഷിച്ചില്ല. സുരേന്ദ്രൻ സ്വന്തം നിലയിൽ കുറെ അന്വേഷിച്ചു. പരാതികളുമായി ഓഫീസുകൾ കയറിയിറങ്ങി. പക്ഷേ അത് ആത്മഹത്യ ആക്കി എഴുതിത്തള്ളുന്നതിലായിരുന്നു പോലീസിന് താല്പര്യം.
ആ സ്ത്രീ സുധയെ കൊണ്ടുപോയത് ഏതോ പെൺവാണിഭ സംഘത്തിന് അടുത്തേക്കാണ്. അവിടെ ക്രൂരമായി പീഡനം ഏറ്റുവാങ്ങിയ അവൾ ജീവൻ ഒടുക്കിയതാകില്ല, അവളെ കൊന്നത് തന്നെയാകും. അവരുടെ വിവരങ്ങൾ പുറത്തുവിടുമെന്ന ഭീതിയിൽ അവളെ അവർ കൊന്നുകളഞ്ഞതാണ് എന്നതിൽ ബന്ധുക്കൾക്ക് യാതൊരു സംശയവുമില്ല.പക്ഷേ പണവും അധികാരവും ഇല്ലാത്തവർക്ക് നീതി ഇന്നും അകലെ ആണല്ലോ. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും സുധയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടു പിടിക്കാൻ പോലീസിന് ആയിട്ടില്ല. ആ സ്ത്രീ ഇപ്പോഴും പുതിയ പുതിയ ഇരകളെ വേട്ടയാടുന്നുണ്ടാവാം.രോഗം മൂർച്ഛിച്ച് ഒരു കാൽ മുറിച്ചു കളഞ്ഞ സുരേന്ദ്രൻ ഇന്ന് അവശനിലയിലാണ്. രത്നമ്മയും മകളെ ഓർത്ത് കണ്ണീർ പൊഴിച്ച് ജീവിക്കുന്നു.ഇനി ഒരു അച്ഛനും അമ്മയ്ക്കും ഇവരുടെ അവസ്ഥ ഉണ്ടാവാതിരിക്കട്ടെ …
വീഡിയോ കാണാനായി യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യൂ