ഇപ്പോഴത്തെ നടന്മാർക്ക് പലർക്കും ഒരു വിചാരമുണ്ട്. അവർ ആണ് സിനിമയുടെ അവസാനവാക്ക് എന്ന്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം മുടക്കി സിനിമയെടുക്കുന്ന നിർമ്മാതാക്കളെ അവർ പരിഗണിക്കുന്നതേയില്ല. ഇത്തരത്തിലുള്ള നടന്മാർ സിനിമാ മേഖലയുടെ ഭാവിയെ തന്നെയാണ് തകർക്കുന്നത്. മലയാളത്തിലെ യുവതാരം നിവിൻപോളിയിൽ നിന്നുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് പ്രശസ്ത നിർമ്മാതാവ് അനിൽ അമ്പലക്കര. ഹേയ് ജൂഡ് എന്ന നിവിൻപോളി ചിത്രം നാലരക്കോടി രൂപയാണ് ഈ നിർമ്മാതാവിന് നഷ്ടമുണ്ടാക്കിയത്. എന്നാൽ വിളിച്ച് ഒരു ആശ്വാസവാക്ക് പറയാൻ പോലും നടൻ തയ്യാറായില്ല.
ഈ ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ജയറാമിന്റെ മകൻ കാളിദാസനെയാണെന്ന് അനിൽ അമ്പലക്കര പറയുന്നു. അതിനുമുമ്പ് എടുത്ത സിനിമ ജയറാമിനെ വച്ച് നടൻ എന്ന ചിത്രമായിരുന്നു. ഏറെ പുരസ്കാരങ്ങൾ കിട്ടിയ സിനിമയായിരുന്നു അത്. പുരസ്കാര വേദിയിൽ വച്ചാണ് ശ്യാമപ്രസാദിനെ കാണുന്നത്. പിന്നീട് അദ്ദേഹം ഔസേപ്പച്ചൻ വഴി തന്നെ സമീപിക്കുകയായിരുന്നു. ആദ്യം കാളിദാസനെ വച്ച് സിനിമ എടുക്കാം എന്ന് തീരുമാനിച്ച് കഥ പറഞ്ഞതാണ്. പിന്നീട് കുറച്ചുകൂടി പറ്റിയയാൾ നിവിൻപോളി ആയിരിക്കുമെന്ന് സംവിധായകൻ പറയുകയും താൻ സമ്മതിക്കുകയും ചെയ്തു. അഡ്വാൻസ് നൽകുമ്പോൾ തുക ഒന്നും പറഞ്ഞിരുന്നില്ല. അത് സംസാരിക്കാം എന്നാണ് ശ്യാമപ്രസാദ് പറഞ്ഞത്. പരമാവധി ഒരുകോടി രൂപയാണ് അന്ന് നിവിൻപോളിയുടെ മാർക്കറ്റ് വാല്യു വച്ച് കൊടുക്കേണ്ടിയിരുന്നത്. എന്നാൽ പ്രൊഡക്ഷൻ കൺട്രോളർ കരാർ ഒപ്പിടിക്കാൻ ചെന്നപ്പോൾ നിവിൻപോളി തന്നെ അതിൽ ഒന്നരക്കോടി എഴുതി ചേർക്കുകയായിരുന്നു. ഇത് തനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. അങ്ങനെ എഴുതിയിട്ടുണ്ടെങ്കിലും അഡ്ജസ്റ്റ് ചെയ്യും എന്നായിരുന്നു ആദ്യം സംവിധായകൻ അടക്കം പറഞ്ഞത്. എന്നാൽ സിനിമ തീരാറായപ്പോൾ മുഴുവൻ തുകയും കിട്ടണമെന്ന് നിവിൻ പോളി വാശിപിടിച്ചു. അല്ലെങ്കിൽ ചിത്രവുമായി ഇനി സഹകരിക്കില്ല എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. മാത്രമല്ല മറ്റു പല ബുദ്ധിമുട്ടുകളും ചിത്രീകരണ വേളയിലും ഉണ്ടായി. ഗോവയിലും മട്ടാഞ്ചേരിയിലും വച്ചാണ് സിനിമ ഷൂട്ട് ചെയ്തത്. നായികയായ തൃഷ താമസിക്കുന്ന അതേ നിലവാരത്തിലുള്ള ഹോട്ടൽ തനിക്കും വേണമെന്ന് നിവിൻ വാശിപിടിച്ചു.
നിവിന്റെ മാനേജർ പ്രൊഡക്ഷൻ കൺട്രോളറുമായും മറ്റും വെറുതെ അലമ്പുകൾ ഉണ്ടാക്കി. ഇടയ്ക്ക് ഗോവയിൽ ഷൂട്ടിംഗ് നടക്കുമ്പോൾ കോഴിക്കോട് പരിപാടിയിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് അവിടെനിന്ന് മുങ്ങുന്ന സാഹചര്യവും ഉണ്ടായി. മഴ മൂലവും ഏറെ ദിവസങ്ങൾ ചിത്രീകരണം നിലച്ചിരുന്നു. ഇടയ്ക്ക് നിവിൻപോളിക്ക് അമേരിക്കയിലും പോകേണ്ടി വന്നു. ഇതൊന്നും കരാർ ഒപ്പിടുമ്പോൾ പറഞ്ഞിരുന്നില്ല. ഈ സിനിമയ്ക്ക് തൊട്ടുമുമ്പാണ് നിവിൻ പോളി നായകനായ റിച്ചി എന്ന തമിഴ് ചിത്രം ഇറങ്ങിയത്. അത് വൻ പരാജയമായിരുന്നു. അതുകൊണ്ടുതന്നെ ഈ സിനിമ ഫാൻസ് അസോസിയേഷൻ പോലും പ്രോത്സാഹിപ്പിച്ചില്ല. തിയറ്ററുകളിൽ സിനിമ പൊട്ടിയിട്ടും 25 കോടി കളക്ഷൻ എന്നൊക്കെ പറഞ്ഞ് വാർത്തകൾ വന്നു. ഇത്തരം വാർത്തകൾ കൊടുക്കുന്നതിന് പിന്നിലും നടന്മാർ ആണ്. തങ്ങളുടെ വാല്യൂ ഇടിയാതിരിക്കാൻ ചെയ്യുന്ന അഭ്യാസങ്ങളാണ് ഇതൊക്കെ. തനിക്ക് നാലരക്കോടി രൂപയാണ് ആ സിനിമയിൽ നിന്ന് നഷ്ടം.
രജനീകാന്ത് ഒരു സിനിമ പരാജയപ്പെട്ടപ്പോൾ മുഴുവൻ തുകയും നിർമാതാവിന് തിരിച്ചുകൊടുത്ത അവസ്ഥ പോലും ഉണ്ടായി. അങ്ങനെയൊന്നും മലയാളത്തിലെ ഒരു നടന്മാരും ചെയ്യുമെന്ന് പ്രതീക്ഷയില്ല. എന്നാൽ അടുത്ത ഒരു ചിത്രത്തിനു കൂടി ഡേറ്റ് കൊടുത്തു സഹകരിക്കാൻ പോലും ഇവർ മനസ്സു കാണിക്കുന്നില്ല. വരുംകാലത്ത് നിർമ്മാതാക്കൾക്ക് നടന്മാരെ കാണാൻ പോലും കഴിയാത്ത സ്ഥിതി ഉണ്ടാകുമെന്ന് അമ്പലക്കര പറയുന്നു…
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ