ബീഹാറിലെ പട്നയ്ക്കടുത്ത് ഒരു ഗ്രാമത്തിൽ അച്ഛനും അമ്മയ്ക്കും ഒപ്പം സന്തോഷത്തോടെ കഴിഞ്ഞ ഒരു പത്ത് വയസ്സുകാരി. അവിടെ ജോലിക്ക് പോയ ഒരു മലയാളി സ്ത്രീയുടെ മനസ്സിൽ തോന്നിയ ക്രൂരത അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ആ പെൺകുട്ടിയെ അവിടെനിന്നും തന്ത്രപൂർവ്വം കടത്തിക്കൊണ്ടുവന്നു. കേരളത്തിൽ ആ സ്ത്രീയുടെ വീട്ടിൽ അടിമവേല ചെയ്യിച്ചു. യഥാസമയം ഭക്ഷണമോ വസ്ത്രമോ ഒന്നും അവൾക്ക് കൊടുത്തില്ല. അവളെക്കൊണ്ട് മാടിനെപ്പോലെ പണിയെടുപ്പിച്ചതല്ലാതെ. ബീഹാറിൽ നിന്ന് അവളുടെ ബന്ധുക്കൾ അന്വേഷിച്ച് എത്തിയെങ്കിലും ഇവരുടെ സ്വാധീനം നിമിത്തം ആരെയും കണ്ടെത്താൻ പോലും കഴിഞ്ഞില്ല. ഒടുവിൽ അന്വേഷണങ്ങൾ എല്ലാം നിലച്ചു.
ബാല്യം മുതൽ അനുഭവിച്ച ദുരിതങ്ങൾ അവളെ ഒരു വിവാഹം പോലും വേണ്ട എന്ന തീരുമാനത്തിലാണ് എത്തിച്ചത്. അത്രയ്ക്ക് ദുരിതങ്ങളാണ് ആ പാവം പെൺകുട്ടിക്ക് കേരളം കൊടുത്തത്. തട്ടിക്കൊണ്ടുവന്ന സ്ത്രീയുടെ സഹോദരി ആണ് ഇപ്പോൾ ഇവർക്ക് ഒപ്പമുള്ളത്. ക്യാൻസർ ബാധിതയായ അവർക്ക് എല്ലാ സഹായവും ചെയ്യുന്നത് ഈ സ്ത്രീയാണ്. മുതിർന്നശേഷം മൂന്നോ നാലോ തവണ അവർ ബീഹാറിൽ പോയിട്ടുണ്ട്. അവിടെ ഒരു സഹോദരി മാത്രമാണ് ഇനിയുള്ളത്.
മരണം വരെ കേരളത്തിൽ തന്നെ ജീവിക്കാനാണ് സുനിത എന്ന ഈ സ്ത്രീയുടെ ആഗ്രഹം.ഇപ്പോൾ 50 വയസ്സായി. പക്ഷേ ഇപ്പോൾ അവർ നേരിടുന്ന വെല്ലുവിളി ചെറുതല്ല. അവരുടെ ജീവനെടുക്കണം എന്ന വാശിയിലാണ് ചിലർ. അതിന് കാരണമാകട്ടെ അവർ വിശ്വസിക്കുന്ന സഭയുടെയും അതുമായി ബന്ധപ്പെട്ട ട്രസ്റ്റിന്റെയും ജനറൽ സെക്രട്ടറി സ്ഥാനം ഇപ്പോൾ വഹിക്കുന്നു എന്നതാണ്. 65 സെൻറ് സ്ഥലം ആണ് അവിടെ ഉള്ളത്. ഇവരുടെ മരണശേഷം അത് സ്വന്തമാക്കാൻ വേണ്ടി മുമ്പ് ആ സഭയ്ക്കൊപ്പം ഉണ്ടായിരുന്ന ചിലരാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഇവർ പറയുന്നു. ആക്രമണം ഏതു നിമിഷവും ഉണ്ടാകും. ഇതിനോടകം 30 ഓളം തവണയാണ് മർദ്ദനമേറ്റത്. ഒറ്റയടിക്ക് കൊന്നുകളഞ്ഞാൽ പിടിക്കപ്പെടും എന്ന് ഭയന്ന് ഇഞ്ചിഞ്ചായി ഇവരെ കൊല്ലുകയാണെന്ന് ഇവർക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്ന പാസ്റ്ററും വെളിപ്പെടുത്തുന്നു. സമീപത്തെ ഒരു ചായക്കടയിൽ ചായ അടിച്ചാണ് സുനിത ഉപജീവനത്തിന് വക കണ്ടെത്തുന്നത്. ഇപ്പോഴും ഇവർക്ക് പേടിയാണ്. ഏതുനിമിഷവും ആക്രമണം ഉണ്ടാകാം.
ഹെൽമെറ്റും മുഖംമൂടിയും ഒക്കെ ധരിച്ചാണ് ആളുകൾ എത്തുക. വന്നാൽ ഇടിയാണ്. ശരീരം ഇടിച്ചു നുറുക്കും. ഇങ്ങനെ പലതവണ ആയതുകൊണ്ട് ഇവർ നിത്യ രോഗിയായി. ഒരുതവണ രക്തം ഛർദിക്കുക വരെ ചെയ്തു. എങ്കിലും എല്ലാത്തിനും ഒരു അറുതി വരുമെന്ന പ്രതീക്ഷയിലാണ് ഈ പാവം.
ഏതാണ്ട് 12 ഓളം ഭാഷകൾ തനിക്ക് അറിയാമെന്ന് ഇവർ പറയുന്നു. തന്നെ ദ്രോഹിച്ചവരുടെ സഹോദരി ആണെങ്കിലും ഒപ്പമുള്ള വൃദ്ധയെയും പൊന്നുപോലെ നോക്കുന്നു. ദൈവത്തിൻറെ സ്വന്തം നാട്ടിൽ ദൈവത്തിൽ വിശ്വസിച്ചു ജീവിക്കുന്ന ഈ പാവത്തിനെ സഹായിക്കേണ്ട ബാധ്യത നിയമപാലകർക്ക് ഉണ്ട്. അതിന് ഇനിയെങ്കിലും അവർ തയ്യാറാകുമെന്ന് കരുതാം.
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ