ബ്രൈമൂറിലെ പ്രേത ബംഗ്ലാവ്. നാട്ടിൽ നിരവധി ദുരൂഹതകൾ ആണ് ഈ ബംഗ്ലാവിനെ ചുറ്റിപ്പറ്റി ഉള്ളത്. ഇംഗ്ലീഷുകാർ താമസിച്ചിരുന്ന പഴയ കെട്ടിടം ഇപ്പോൾ പ്രേതാലയമായി മാറിയിരിക്കുന്നു. ഒരുകാലത്ത് ആളുകൾ തിങ്ങിപ്പാർത്ത സമീപപ്രദേശങ്ങൾ വിജനമായിരിക്കുന്നു. നിരവധി പേരാണ് ഇവിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടുള്ളത്. എല്ലാവരും ആത്മഹത്യ ചെയ്യുകയാണ്. ചിലർ കെട്ടിത്തൂങ്ങി മരിക്കുന്നു. ചിലർ വിഷം കഴിക്കുന്നു. ഇവിടെയെല്ലാം പ്രേത സാന്നിധ്യം ഉണ്ട് എന്നാണ് സമീപവാസികളുടെ ഉറച്ച വിശ്വാസം. മുമ്പ് കാട്ടിൽ മരിച്ചു കിടന്ന ഒരാളുടെ കഴുത്തിൽ പാടുകൾ ഉണ്ടായിരുന്നു എന്ന കഥയും ഇവിടെ പ്രചരിക്കുന്നുണ്ട്. എന്താണ് വാസ്തവം എന്നറിയാൻ അവിടെ നേരിട്ട് തന്നെ പോയി നോക്കി. സമീപത്തുള്ള ഗ്രേസി എന്ന സ്ത്രീ പ്രേതമുണ്ട് എന്ന ഉറച്ച വിശ്വാസത്തിലാണ്. രണ്ട് കുരിശും കഴുത്തിലിട്ടാണ് നടപ്പ്. ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം ഈ ബംഗ്ലാവിന് കാവലായി ഉള്ളത് 90 പിന്നിട്ട ഒരു സ്ത്രീയാണ് എന്നതാണ്. തമിഴ്നാട്ടിലെ തെങ്കാശി സ്വദേശിനിയാണ് ഇവർ. മകളോടൊപ്പം അല്പം അകലെയാണ് താമസം. പകൽ വന്ന് ബംഗ്ലാവും പരിസരപ്രദേശങ്ങളും വൃത്തിയാക്കും. പ്രേതം ഉണ്ടോ എന്ന് ചോദിച്ചാൽ ഇവർക്കും കൃത്യമായ മറുപടിയില്ല. എന്നാൽ ഉണ്ട് എന്ന് തന്നെ ഇടയ്ക്ക് തറപ്പിച്ചു പറയും. ചിലപ്പോഴൊക്കെ ചില വെള്ള രൂപങ്ങൾ കണ്ടിട്ടുണ്ടെന്ന് ഈ അമ്മൂമ്മ പറയുന്നു. എന്തായാലും അമ്മൂമ്മയ്ക്ക് പ്രേതങ്ങളെ അത്ര പേടിയൊന്നുമില്ല. രാത്രി ഇവിടെ തങ്ങാറില്ല എന്ന് മാത്രം.
പ്രേത ബംഗ്ലാവിന്റെ യാഥാർത്ഥ്യം എന്താണ് ? മനുഷ്യ മനസ്സിന് വിശദീകരിക്കാൻ പറ്റാത്ത നിരവധി കാര്യങ്ങൾ ലോകത്തിലുണ്ട്. അതിൽ ഒന്നായി ഈ വിഷയത്തെയും കാണുകയാകും ഉചിതം എന്ന് തോന്നുന്നു