ആ അമ്മയുടെ എല്ലാമെല്ലാമായിരുന്നു മകൾ. അവൾക്ക് കുട്ടിക്കാലത്ത് കിഡ്നിരോഗം ബാധിച്ചപ്പോൾ അമ്മ ഒട്ടും മടിച്ചില്ല. തന്റെ കിഡ്നി നൽകി മകളുടെ ജീവൻ നിലനിർത്തി. എന്നാൽ 18 വയസ് തികഞ്ഞ ദിവസം ആ മകൾ ചെയ്തത് അമ്മയ്ക്ക് ഒരിക്കലും മറക്കാനാവാത്ത കാര്യമാണ്. അവൾ ഒരു യുവാവിനൊപ്പം ഇറങ്ങിപ്പോയി. അയാൾ നല്ലവനായിരുന്നെങ്കിൽ ആ മാതാവ് ക്ഷമിക്കുമായിരുന്നു.
എന്നാൽ ഇവിടെ ആ പെൺകുട്ടി ഇറങ്ങിപ്പോയത് 24 വയസിനിടെ രണ്ട് കല്യാണം കഴിച്ചവനൊപ്പമാണ്. ആ ബന്ധമറിഞ്ഞപ്പോൾ തന്നെ പിന്തിരിപ്പിക്കാൻ അമ്മ ശ്രമിച്ചിരുന്നു. മകളുടെ പ്ലസ്ടു പഠനം കഴിയും വരെയെങ്കിലും കാത്തിരിക്കാൻ പറഞ്ഞു. എന്നാൽ അമ്മയുടെ വാക്കിന് അവൾ പുല്ലുവില പോലും കൊടുത്തില്ല.
പിന്നെ സംഭവിച്ചത് എല്ലാവരെയും ഞെട്ടിച്ച സംഭവങ്ങളാണ്. ചെണ്ട കൊട്ടുകാരനാണ് പയ്യൻ. വല്ലപ്പോഴും മേളത്തിന് ആരെങ്കിലും വിളിച്ചാൽ മാത്രം പോകും. മറ്റൊരു ജോലിയും ചെയ്യില്ല. അതിനൊപ്പം ലഹരി ഉപയോഗവും ഉണ്ടെന്ന് ഇവർ പറയുന്നു.
ചിലപ്പോൾ ഉറങ്ങാൻ കിടന്നാൽ 24 മണിക്കൂർ കഴിഞ്ഞൊക്കെയാണ് ഉണരുക. അതിനൊപ്പം പെൺകുട്ടിയെ ഉപദ്രവിക്കലുമുണ്ട്.
ഏറ്റവുമൊടുവിൽ അമ്മ അറിഞ്ഞത് മകൾ ഗുരുതരാവസ്ഥയിൽ ആണെന്നാണ്. അവൾ എന്തെങ്കിലും കടുംകൈ ചെയ്യാൻ ശ്രമിച്ചെന്നാണ് ഇവരുടെ സംശയം. അല്ലെങ്കിൽ ഭർത്താവ് എന്തെങ്കിലും ചെയ്തതാകും. എന്തായാലും കിഡ്നി വീണ്ടും തകരാറിലായി ഡയാലിസിസ് വേണ്ട അവസ്ഥയാണ്. ഗർഭിണിയായെങ്കിലും അത് നഷ്ടമായി.
തിരിച്ചറിവില്ലാത്ത പ്രായത്തിൽ ചെയ്യുന്നത് പലതും പിന്നീട് അത്യാപത്തിലാകും കലാശിക്കുക.