മുലപ്പാല് കൊണ്ടും, തലമുടിയിഴ കൊണ്ടും, കൺപീലികൊണ്ടും പാൽപ്പല്ലുകൊണ്ടുമൊക്കെ ഭംഗിയുള്ള ആഭരണങ്ങൾ ഉണ്ടാക്കിയാലോ? ഓർമ്മകൾ സൂക്ഷിച്ചു വയ്ക്കാൻ മാത്രമല്ല അണിഞ്ഞു നടക്കാനും അവസരം നൽകുകയാണ് തിരുവനന്തപുരം സ്വദേശിനി അരുണ.
മാതൃത്വത്തില്‍ വളരെപ്പെട്ടന്ന് തീര്‍ന്നുപോകുന്ന മുലയൂട്ടല്‍ കാലത്തെ ഓര്‍ത്തുവയ്ക്കാന്‍ മുലപ്പാലുകൊണ്ട് ആഭരണങ്ങള്‍ ആഗ്രഹിക്കുന്നവർ നിരവധിയാണെന്ന് അരുണ പറയുന്നു. എന്നാൽ നിർമാണത്തിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഒരു മാസം 15 വരെ ഓർഡറുകളെ സ്വീകരിക്കാറുളളൂ. ഓര്‍ഡര്‍ ചെയ്യാന്‍ താത്പര്യം അറിയിക്കുന്നവരോട് അഞ്ച് എംഎല്‍ പാലാണ് കൊറിയര്‍ ചെയ്യാന്‍ ആവശ്യപ്പെടുക. സ്വര്‍ണത്തിലോ വെള്ളിയിലോ ഇഷ്ടമുള്ള രൂപം അവര്‍ക്ക് തെരഞ്ഞെടുക്കാം. ഉപയോഗിക്കുന്ന സ്വര്‍ണത്തിന്റേയും വെള്ളിയുടേയും തൂക്കത്തിന് അനുസരിച്ചാണ് ചാർജ്.
ഒരു വര്‍ഷം മുമ്പാണ് അരുണ ഈ മേഖലയിലേക്ക് കടന്നെത്തുന്നത്. കച്ചവട താത്പര്യത്തിന് അപ്പുറം ഓര്‍ഡര്‍ ചെയ്യുന്ന ആളുകളുടെ ഇമോഷണല്‍ ഫീലിംങ്‌സ് മനസ്സിലാക്കിയാണ് ആഭരണങ്ങൾ നിർമിക്കുക.
ഉത്തരേന്ത്യയിലും വിദേശ രാജ്യങ്ങളും നേരത്തെ തന്നെ ഇത് പ്രചാരത്തിലുണ്ട്. നഖം, മുടി, പല്ല്, എന്തിന് പൊക്കിള്‍ കൊടി പോലും അമൂല്യമായ ആഭരണങ്ങളാക്കി മാറ്റാം എന്നാണ് അരുണ പറയുന്നത്.
ആദ്യം കൊടുത്ത റോസാ പൂവും സുഹൃത്തുക്കൾ കൊടുത്ത സമ്മാനവും വിവാഹ വേളയിൽ അണിഞ്ഞ പുഷ്പവുമൊക്കെ പലരും ആഭരണങ്ങളാക്കുന്നുണ്ട്. എന്തായാലും സൗഹൃദവും സ്നേഹവുമൊക്കെ മരിക്കാത്ത ഓർമയായി ഒപ്പം ചേർത്തുവയ്ക്കാൻ അവസരം ഒരുക്കുകയാണ് ഈ യുവതി.