ഒരു ദിവസം കുഞ്ഞിന് ഭക്ഷണം വാങ്ങാൻ കൊല്ലം അഞ്ചലിലേക്ക് പോയതാണ് രതീഷ്. ഓട്ടോ ഡ്രൈവറായ രതീഷിന്റെ ജീവിതം മാറ്റിമറിച്ച സംഭവമായിരുന്നു അത്. അടുത്തദിവസം അഞ്ചലിലെ ഒരു മെഡിക്കൽ സ്റ്റോറിൽ കള്ളൻ കയറിയ വാർത്ത പരന്നു. മെഡിക്കൽ സ്റ്റോറിൽ നിന്നും 8 ലക്ഷം രൂപയിൽ അധികം നഷ്ടമായി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതിയുടെ ഫോട്ടോ കാണിച്ചപ്പോൾ പലർക്കും സംശയം. അത് രതീഷ് അല്ലേ? പിന്നെ പൊലീസ് മടിച്ചില്ല. രതീഷിനെ പൊക്കി അകത്താക്കി. താനല്ല കുറ്റം ചെയ്തതെന്ന് അവൻ കേണു പറഞ്ഞിട്ടും ആരും കേട്ടില്ല. കുട്ടിക്ക് സെറിലാക് വാങ്ങാൻ തലേദിവസം മെഡിക്കൽ സ്റ്റോറിൽ പോയിരുന്നതും അവന് വിനയായി. പോലീസിന്റെ മൂന്നാംമുറ പ്രയോഗം താങ്ങാവുന്നതിൽ അധികമായിട്ടും 8 ലക്ഷം രൂപ എവിടെ എന്ന് പറയാൻ രതീഷിന് ആയില്ല. 52 ദിവസത്തെ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയപ്പോഴേക്കും നാട്ടുകാർക്ക് രതീഷ് കള്ളൻ രതീഷ് ആയി മാറിയിരുന്നു. സുഹൃത്തുക്കൾ ആരും കണ്ടാൽ മിണ്ടാത്ത അവസ്ഥ. നാട്ടിൽ പണിക്കുപോലും പോകാൻ പറ്റില്ല. രണ്ടു കുട്ടികളുമായി ദുരിത ജീവിതം. പല പല ജോലികൾ ചെയ്ത് രതീഷ് എങ്ങനെയും പിടിച്ചുനിൽക്കാൻ ശ്രമിച്ചു. ബസ് ഡ്രൈവറായി ജോലി ചെയ്യുമ്പോൾ ബസ്സിൽ കയറിയ പോലീസുകാർ ഇത് കള്ളൻ ഓടിക്കുന്ന വണ്ടിയാണ് എന്നു പറഞ്ഞ് അപഹസിച്ചു. ഒരുതരത്തിലും ജീവിക്കാൻ കഴിയാത്ത സാഹചര്യം. അങ്ങനെയിരിക്കെയാണ് കാരക്കോണം മോഹനൻ എന്ന മോഷ്ടാവിനെ പോലീസ് പിടികൂടുന്നത്. ചോദ്യം ചെയ്തപ്പോൾ അഞ്ചലിലെ മെഡിക്കൽ സ്റ്റോറിൽ നിന്ന് 8 ലക്ഷം രൂപ മോഷ്ടിച്ചത് താനാണെന്ന് അയാൾ സമ്മതിച്ചു. രതീഷിന് നഷ്ടമായതൊന്നും തിരിച്ചു കിട്ടുമായിരുന്നില്ല എങ്കിലും പോലീസുകാർക്കെതിരെ പോരാടാൻ അയാൾ തീരുമാനിച്ചു. തനിക്ക് നീതി ലഭിക്കണം. സർവീസ് കാലാവധി അവസാനിക്കാറായ പോലീസുകാർ പലരും വന്നു പണം വാഗ്ദാനം ചെയ്തു. കേസ് പിൻവലിക്കണമെന്ന് കാലു പിടിച്ചു കരഞ്ഞു. എന്നാൽ അതിനൊന്നും അയാൾ തയ്യാറായിരുന്നില്ല. നിരപരാധിയായ തന്നെ ജയിലിൽ പാർപ്പിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് അവൻ ഉറച്ചു. പക്ഷേ രതീഷിന്റെ ആ തീരുമാനത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. പോലീസ് മർദ്ദനത്തിൽ ആരോഗ്യം പൂർണമായി തകർന്ന രതീഷിന് ജീവിതം ഓരോ ദിവസവും വെല്ലുവിളിയായി.
കടത്തിനു മേൽ കടം പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കി.
ഒടുവിൽ ഒരു ദിവസം അയാൾ സ്വയം എല്ലാം അവസാനിപ്പിച്ചു. രതീഷ് ആത്മഹത്യ ചെയ്തതാണ് എന്ന് പൊലീസ് പറയുമ്പോഴും അതിൽ ദുരൂഹത പൂർണമായി ഇല്ല എന്ന് പറയാനാവില്ല. എന്തായാലും ഈ നിരപരാധിയുടെ ജീവൻ എടുത്തതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പോലീസുകാർക്ക് കൈ കഴുകാൻ ആവി