വിശ്വാസ ചൂഷകരിൽ പ്രധാനികളാണ് പാസ്റ്റർമാരിൽ ഒരു വിഭാഗം. നിരവധി പേരെയാണ് ഇവർ പറ്റിക്കുന്നത്.
ഇത് തുറന്നുകാട്ടുന്ന സിനിമകളും വീഡിയോ ദൃശ്യങ്ങളും ഒക്കെ പുറത്തുവന്നിരുന്നെങ്കിലും ഇപ്പോഴും പലരും പാഠം പഠിച്ചിട്ടില്ല. രണ്ടു കണ്ണിലും കമ്പി കുത്തിയിറങ്ങിയതിനാൽ പൂർണ്ണമായി കാഴ്ച നഷ്ടമായ, കൃഷ്ണമണി പോലും ഇല്ലാത്ത ഒരു യുവാവിന് പാസ്റ്ററുടെ പ്രാർത്ഥന മൂലം കാഴ്ച കിട്ടി എന്ന് പ്രചരിപ്പിക്കുന്ന ഒരു വീഡിയോ അടുത്തകാലത്ത് ഇറങ്ങിയിരുന്നു. ആ യുവാവ് അഭിനയിക്കുകയാണെന്ന് വ്യക്തം. ഇങ്ങനെ ആ ഗണത്തിൽ ഉള്ള ഒരു പാസ്റ്റർ നടത്തിയ വലിയ തട്ടിപ്പാണ് ഒരു സ്ത്രീയുടെ ജീവിതം തകർത്തത്.
ലീലാമ്മയ്ക്ക് വയസ്സ് 70 കഴിഞ്ഞു. രണ്ടുമക്കളും ജോലി സംബന്ധമായി ദൂരെയാണ്. ശാരീരികമായി ഏറെ അവശതകളുണ്ട്. കടുത്ത ദൈവവിശ്വാസിയാണ് അവർ. അപ്പോഴാണ് ഒരു പാസ്റ്ററെ കുറിച്ച് അവർ കേട്ടറിഞ്ഞത്. ആ പാസ്റ്റർ വന്നു പ്രാർത്ഥിച്ചാൽ രോഗമെല്ലാം മാറുമത്രേ. എന്നാൽ അത് നോക്കണമല്ലോ. കന്യാകുമാരിയിലുള്ള പാസ്റ്ററെ അവർ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി.
പാസ്റ്റർ വന്നു വലിയ വീടും ചുറ്റുപാടും ഒക്കെ കണ്ടു. അഞ്ച് ദിവസത്തെ ഉപവാസ പ്രാർത്ഥന വേണമെന്നായിരുന്നു പാസ്റ്ററുടെ ആവശ്യം. അഞ്ചു ദിവസം ഒക്കെ കഴിഞ്ഞും പ്രാർത്ഥന നീണ്ടു. ഇതിനിടെ കർത്താവിന് കൊടുക്കാൻ എന്നും പള്ളി പണിയാൻ എന്നുമൊക്കെ പറഞ്ഞ് പാസ്റ്റർ പലതവണയായി പണം വാങ്ങി. ലീലാമ്മയുടെ വീടിൻറെ പ്രമാണങ്ങൾ അടക്കം എല്ലാം പാസ്റ്ററുടെ കയ്യിലായി. രണ്ടു വർഷത്തിനകം പാസ്റ്റർ തട്ടിച്ചത് രണ്ടു കോടിയിലധികം രൂപയും മറ്റുമാണ്. ഇത് എങ്ങനെ തിരിച്ചുകിട്ടുമെന്ന് ഈ സ്ത്രീക്ക് യാതൊരു ഉറപ്പുമില്ല. എങ്കിലും അവർ ദൈവത്തെ വിശ്വസിക്കുകയാണ്. തന്നെ പറ്റിച്ച് നേടിയതെല്ലാം പാസ്റ്ററിൽ നിന്ന് തിരികെ കിട്ടുമെന്ന് അവർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. കണ്ണീരോടെയല്ലാതെ ഒരു വാക്ക് പോലും ഈ സ്ത്രീക്ക് ഇന്ന് പറയാൻ കഴിയുന്നില്ല. അത്രമാത്രം വലിയ വഞ്ചനയാണ് അവർ നേരിട്ടത്.
രോഗശാന്തിക്ക് എന്നു പറഞ്ഞ് പാസ്റ്റർമാരുടെയും ആൾദൈവങ്ങളുടെയും തങ്ങൾമാരുടെയും ഒക്കെ പിന്നാലെ പോകുന്നവർ ഇതുപോലെയുള്ള ലീലാമ്മമാരുടെ കഥകൾ കൂടി ചേർക്കണം.